- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പേരിന്റെ വാലറ്റത്തെ ജാതി മുറിച്ചുമാറ്റി; വരവറിയിച്ചത് തെലങ്കാന പ്രക്ഷോഭത്തില്‍; ജെ.എന്‍.യുവിലെ തീപ്പൊരി നേതാവ്; ഇന്ദിരയെ വെല്ലുവിളിച്ച മെമ്മോറാണ്ടം; 40ാം വയസില്‍ പൊളിറ്റ്ബ്യൂറോയില്‍; സിപിഎമ്മിന്റെ സൗമ്യമുഖം
കണിശതയും ആജ്ഞാശക്തിയും നിറഞ്ഞ നായകന്‍
ന്യൂഡല്‍ഹി: മാര്‍ക്സിസ്റ്റ് സൈദ്ധാന്തകന്‍, സംഘാടകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ജനകീയന്‍ ഇന്ത്യ സഖ്യത്തിന് പിന്നിലെ കരുത്തനായ നേതാവ്.... സിപിഎമ്മിന്റെ കണിശതയും ആജ്ഞാശക്തിയും നിറഞ്ഞ നായകന്‍. സന്ദേഹങ്ങളില്ലാത്ത തീര്‍പ്പും തീരുമാനവും പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും ഉണ്ടാകുന്ന വ്യക്തത്വം. അടിയുറച്ച ആദര്‍ശങ്ങള്‍ക്കൊപ്പം വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട വിപ്ലവ സൂര്യന്‍. സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
സിപിഎമ്മിലെ സൗമ്യതയുടെ മുഖവും ഇടതുപക്ഷത്തിന്റെ കരുത്തുമായിരുന്നു സീതാറാം യെച്ചൂരി. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് യെച്ചൂരിക്ക് മൂന്നാം ഊഴം നല്‍കിയത്. ദേശീയതലത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് യെച്ചൂരി ആ സ്ഥാനത്ത് വീണ്ടും അവരോഹിതനായത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പെ മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തി.
വൈദേഹി ബ്രാഹ്‌മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത്, സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. അച്ഛന്‍ ആന്ധ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്നു. ഇടയ്്ക്കിടെയുള്ള സ്ഥലം മാറ്റത്തിനൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തില്‍ മിടുക്കനായിരുന്ന യെച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാമനായി.
ഹൈദരാബാദിലെ നൈസാം കോളജില്‍ ഒന്നാം വര്‍ഷ പിയുസിക്ക് പഠിക്കുമ്പോള്‍ തെലങ്കാന പ്രക്ഷോഭത്തില്‍ സജീവമായി. ഇതേ തുടര്‍ന്ന് ഒരുവര്‍ഷത്തെ പഠനം മുടങ്ങി. അച്ഛന് സ്ഥലം മാറ്റം ഡല്‍ഹിയിലേക്ക് ആയതോടെ അവിടെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ സാമ്പത്തികശാസ്ത്ര ബിരുദം നേടി. സ്റ്റീഫന്‍സില്‍നിന്ന് ബിഎ ഇക്കണോമിക്‌സില്‍ ഒന്നാം ക്ലാസുമായാണ് യച്ചൂരി ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്നു. അവിടുത്തെ പഠനം മടുത്തപ്പോഴാണ് ജെഎന്‍യുവില്‍ അപേക്ഷിക്കുന്നത്.
ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തില്‍ യെച്ചൂരി സജീവമാകുന്നത്. പ്രകാശ് കാരാട്ടിനായി വോട്ടുതേടിയായിരുന്നു യച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗം. കാരാട്ടിനെ ജെഎന്‍യു സര്‍വകലാശാലാ യൂണിയന്‍ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യച്ചൂരി എസ്എഫ്‌ഐയില്‍ ചേര്‍ന്നത്. 1984ല്‍ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായി. മൂന്നു തവണ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും കഴിഞ്ഞു.
1988ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 1992ല്‍ കാരാട്ടിനും എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം പൊളിറ്റ്ബ്യൂറോയില്‍ യച്ചൂരി അംഗമാകുമ്പോള്‍ വയസ്സ് 40. പിബിയിലെ ഏറ്റവും കുറഞ്ഞ പ്രായം. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തിലും സുര്‍ജിത്തിനൊപ്പം പ്രധാന പങ്കുവഹിച്ചു. യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിക്കു രൂപംനല്‍കിയ സമിതിയിലെ സിപിഎം പ്രതിനിധിയായിരുന്നു.
ആണവകരാര്‍ വിഷയത്തില്‍ സര്‍ക്കാരും ഇടതുപക്ഷപാര്‍ട്ടികളും തമ്മില്‍ രൂപീകരിച്ച ഏകോപനസമിതിയില്‍ പ്രകാശ് കാരാട്ടിനൊപ്പം യച്ചൂരിയും അംഗമായി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യം രൂപീകരിക്കുന്നതിലും അതിന്റെ നേതൃനിരയിലും സജീവ ഇടപെടലാണ് നടത്തിയത്.
അന്ന് തലമുതിര്‍ന്ന നേതാക്കള്‍ക്ക് ഒപ്പം
ആദ്യമായി സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 34 വയസ്സായിരുന്നു സീതാറാം യെച്ചൂരിക്ക്. പാര്‍ട്ടി കോണ്‍ഗ്രസിനിടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസിനെ നേരിട്ടുകണ്ട് തന്നെ കേന്ദ്ര കമ്മിറ്റിയിലെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പാകം തനിക്കായിട്ടില്ലെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. സി.പി.എം ഒരു കേന്ദ്രീകൃത ജനാധിപത്യമുള്ള പാര്‍ട്ടിയാണെന്നും കമ്മിറ്റി തീരുമാനങ്ങള്‍ അംഗങ്ങള്‍ അനുസരിക്കണമെന്നുമായിരുന്നു ഇ.എം.എസിന്റെ മറുപടി. ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം അംഗീകരിക്കുകയായിരുന്നു യെച്ചൂരി.
പതിറ്റാണ്ടുകളോളം ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നിട്ടും ജെ.എന്‍.യുവിലെ ആ പഴയ എസ്.എഫ്.ഐക്കാരന്റെ തീ അദ്ദേഹത്തിന്റെയുള്ളില്‍ അണയാതെയിരുന്നു. അടിയന്തരാവസ്ഥയിലെ ആ തീച്ചൂടാണ് യെച്ചൂരിയിലെ കമ്മ്യൂണിസ്റ്റിനെ സ്ഫുടം ചെയ്‌തെടുത്തത്. ജെ.എന്‍.യുവിലെ വദ്യാര്‍ഥി യൂണിയന്‍ മുതല്‍ പ്രതിസന്ധികളുടെ നാളുകളിലെ സി.പി.എം ജനറല്‍ സെക്രട്ടറി വരെ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളില്ലൊം സീതാറാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇന്ദിരയുടെ ചിരി മായ്ച മെമ്മോറാണ്ടം
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ത്യ ഏറ്റവും സങ്കീര്‍ണമായ രാഷ്ട്രീയ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സമയത്ത് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി പരാജയപ്പെട്ടു. പലവിധ എതിര്‍പ്പുകള്‍ക്കുമിടയില്‍ അന്നൊരിക്കല്‍ ഒരുസംഘം ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ദിര ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ചു ചെയ്തെത്തി. 'അടിയന്തരാവസ്ഥയുടെ ക്രിമിനലുകള്‍' എന്ന് സധൈര്യം അവര്‍ അധികാരികളെ നോക്കി മുദ്രാവാക്യം വിളിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഇന്ദിര ഗാന്ധി പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങിവന്നു. അടിയന്തരാവസ്ഥ കാലത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഓം മേത്തയുള്‍പ്പടെയുള്ളവരും ഇന്ദിരയോടൊപ്പമുണ്ടായിരുന്നു. അതോടെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം നിര്‍ത്തി.
ഇന്ദിരയ്ക്കു മുന്നിലേക്ക് കുര്‍ത്ത ധരിച്ച് പാറിപ്പറന്ന മുടിയുള്ള ഒരു വിദ്യാര്‍ഥി നേതാവ് ചെന്നു. തങ്ങളുടെ ആവശ്യങ്ങള്‍ എഴുതിക്കൊണ്ടുവന്ന മെമ്മോറാണ്ടം അയാള്‍ ഉറക്കെ വായിച്ചു. അതില്‍ ആദ്യഭാഗത്ത് അടിയന്തരാവസ്ഥക്കാലത്തു ജനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ ക്രൂരതകളായിരുന്നു വിവരിച്ചത്. അതോടെ ഇന്ദിരയുടെ മുഖത്തെ ചിരി മാഞ്ഞു. വായന പൂര്‍ത്തിയാക്കുമുമ്പ് അവര്‍ മടങ്ങി. എന്നാല്‍ പ്രതിഷേധം അടങ്ങിയില്ല.
തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷവും സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തു ഇന്ദിര ഗാന്ധി തുടര്‍ന്നതില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ പ്രതിഷേധം. പിറ്റേന്ന് ഇന്ദിര രാജിവച്ചു. രാജ്യത്തെ വിദ്യാര്‍ഥി മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായിരുന്നു അത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തയായിരുന്ന ഒരു മുന്‍പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി അടിയന്തരാവസ്ഥയുടെ ക്രൂരതകളെ കുറിച്ച് പ്രസംഗിച്ച ആ വിദ്യാര്‍ഥി നേതാവിന്റെ പേര് സീതാറാം യെച്ചൂരിയെന്നായിരുന്നു.
ജെ.എന്‍.യുവിലെ തീപ്പൊരി നേതാവ്
ജെ.എന്‍.യുവില്‍ മൂന്നുവട്ടം പ്രസിഡന്റായ ഒരേയൊരാള്‍ യെച്ചൂരിയായിരുന്നു. എം.എ. എക്‌ണോമിക്‌സിന് ജെ.എന്‍.യുവില്‍ ചേര്‍ന്നതോടെയാണ് യെച്ചൂരി എസ്.എഫ്.ഐ. അംഗമാവുന്നത്. 75-ല്‍ സി.പി.എം. അംഗത്വം. അടിയന്തരാവസ്ഥയുടെ സംഘര്‍ഷഭരിതമായ നാളുകളില്‍ ജയിലിലായതോടെ സാമ്പത്തികശാസ്ത്രത്തിലെ ഗവേഷണം യെച്ചൂരി ഉപേക്ഷിച്ചു. 1984-ല്‍ എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ്. ഇതേ വര്‍ഷം തന്നെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ക്ഷണിതാവ്. 1985-ല്‍ പ്രകാശ് കാരാട്ടിനൊപ്പം കേന്ദ്ര കമ്മിറ്റിയിലേക്ക്. 1992-ല്‍ ചെന്നൈ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യുറോയിലേക്ക്. ആ സമയത്ത് പാര്‍ട്ടി അന്താരാഷ്ട്ര കാര്യങ്ങളുടെ ചുമതലയും നിര്‍വഹിച്ചു. ഈ സമയത്താണ് വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പമുണ്ടാകുന്നത്.
മാര്‍ക്‌സിസ്റ്റ് ഇരട്ടകള്‍ എന്നായിരുന്നു പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും ദേശീയ മാധ്യമങ്ങള്‍ ആദ്യകാലത്ത് വിശേഷിപ്പിച്ചിരുന്നത്. ഏറെക്കാലം വൃദ്ധരുടെ കേന്ദ്രമെന്ന് മാധ്യമങ്ങള്‍ പരിഹസിച്ച പോളിറ്റ്ബ്യൂറോയില്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള തലമുറയില്‍ നിന്നെത്തിയ ഇവര്‍ തലമുറ മാറ്റത്തിന് തുടക്കം കുറിച്ചു. ബ്രാഞ്ച് ഘടകം മുതല്‍ പടിപടിയായി പ്രവര്‍ത്തിച്ച് പി.ബിയിലെത്തിയപ്പോഴേക്കും എഴുപത് വയസ്സെങ്കിലും പിന്നിട്ട പാര്‍ട്ടി നേതാക്കളെ കണ്ട് ശീലിച്ച പ്രവര്‍ത്തകര്‍ക്ക് പാന്റും ഷര്‍ട്ടുമിട്ടെത്തിയ നാല്‍പ്പതുകാരായ പി.ബി. മെമ്പര്‍മാര്‍ ആദ്യം കൗതുകവും പിന്നെ ആവേശവുമായി മാറി.
വൈകാതെ പാര്‍ട്ടിയുടെ ദേശീയ മുഖങ്ങളായി ഇവര്‍ മാറി. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ജനറല്‍ സെക്രട്ടറിയായപ്പോള്‍ പ്രകാശും യെച്ചുരിയുമായിരുന്നു അദ്ദേഹത്തിന്റെ സന്തതസഹചാരികള്‍. ഇരുവരും മുഴുവന്‍ സമയം പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വൈകാതെ പ്രകാശ് കാരാട്ടിന് പിന്നാലെ യെച്ചൂരിയും ജനറല്‍ സെക്രട്ടറിയായി. പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ സൗഹൃദം, സമഭാവനയുള്ള പെരുമാറ്റം, അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായും നേതാക്കളുമായുള്ള ആത്മബന്ധം, വളച്ചുകെട്ടില്ലാതെ നേരെയുള്ള സംസാരം, കമ്മ്യൂണിസ്റ്റ് ജീവിതരീതി. ഇതെല്ലാമായിരുന്നു യെച്ചൂരിയെ സി.പി.എമ്മിന്റെ അമരത്തേക്ക് നയിച്ചത്.
മികച്ച പാര്‍ലമെന്റേറിയന്‍
2005 മുതല്‍ 12 വര്‍ഷം ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു യെച്ചൂരി. ഈ കാലഘട്ടത്തിലെ മികച്ച പാര്‍ലമെന്റേറിയനായി യെച്ചൂരി പേരെടുത്തു. സി.പി.എം. ഏറ്റവും ദുര്‍ബല കക്ഷികളിലൊന്നായി പാര്‍ലമെന്റിലിരിക്കുമ്പോഴും യെച്ചുരി പ്രസംഗിക്കാനെഴുന്നേറ്റാല്‍ സഭ കാതോര്‍ക്കും. ചരിത്രവും രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവുമെല്ലാം ഉള്‍കൊള്ളിച്ച മണിക്കൂറുകള്‍ നീളുന്ന പ്രസംഗങ്ങള്‍. ബി.ജെ.പി ഭരണകാലത്ത് മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങള്‍. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവെന്ന നിലയില്‍ വലിയ ബഹുമാനം യെച്ചൂരിയോട് ഇതര നേതാക്കളും പുലര്‍ത്തിയിരുന്നു.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ മാറിമാറി അനായാസത്തോടെയുള്ള പ്രസംഗത്തിന് രാഷ്ട്രീയത്തിനപ്പുറത്തും ആരാധകരുണ്ടായിരുന്നു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ഭേദഗതി അവതരിപ്പിച്ച് പാസാക്കി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലും യെച്ചൂരി ഇടം നേടി. യു.പി.എ. സര്‍ക്കാരിന്റെ അഴിമതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുള്ള യെച്ചൂരിയുടെ ഇടപെടലുകള്‍ ശ്രദ്ധനേടി. പിന്നീട് ബി.ജെ.പി. ഭരണകാലത്ത് പൗരത്വ ഭേദഗതി, കശ്മീര്‍, നോട്ടുനിരോധനം വിഷയങ്ങളിലും പ്രതിപക്ഷ സമരങ്ങളിലെ നേതൃത്വമായി മാറി.
പാര്‍ട്ടിയുടെ തലപ്പത്ത്
2015-ലെ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി.പി.എമ്മിന്റെ പരമോന്നത നേതൃസ്ഥാനത്തേക്ക് യെച്ചൂരിയെത്തുന്നത്. 32-ാം വയസ്സില്‍ കേന്ദ്ര കമ്മിറ്റിയിലും നാല്‍പ്പതാം വയസ്സില്‍ പി.ബിയിലും എത്തി പ്രവര്‍ത്തിച്ച അനുഭവപാഠങ്ങള്‍ യെച്ചൂരിക്ക് അന്ന് കരുത്തായി. 2018-ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് കോണ്‍ഗ്രസ് സഖ്യത്തിനെതിരായി ബദല്‍രേഖ അവതരിപ്പിച്ചത് പോലെയുളള പരീക്ഷണ നാളുകളെ മികച്ച രീതിയില്‍ നേരിട്ട് അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. തുടക്കത്തില്‍ പൊളിറ്റ്ബ്യുറോയില്‍ തന്റെ തീരുമാനങ്ങള്‍ക്ക് വേണ്ടത്ര പിന്തുണയില്ലാത്തത് കേന്ദ്ര കമ്മിറ്റിയെ ഉപയോഗിച്ച് മികച്ച രീതിയില്‍ മറികടക്കാന്‍ യെച്ചൂരിക്കായി. രണ്ടാമത്തെ ടേം ആയപ്പോഴേക്ക് പി.ബിയിലും പിന്തുണ വര്‍ധിപ്പിച്ചു. കര്‍ഷകസമരത്തില്‍ നിര്‍ണായക സ്വാധീനമായി മാറിയതും ആകെയുണ്ടായിരുന്ന കേരള ഭരണം നിലനിര്‍ത്താനായതും യെച്ചൂരിക്ക് നേട്ടമായി. ത്രിപുരയിലും ബംഗാളിലും തകര്‍ന്നടിഞ്ഞപ്പോഴും യെച്ചൂരിയുടെ നേതൃത്വത്തെ പാര്‍ട്ടി ചോദ്യം ചെയ്തില്ല.