- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം; അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല്‍ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ല; ജാസ്മിന്‍ ജാഫര്‍ വിഷയത്തില്‍ പ്രതികരണവുമായി സച്ചിദാനന്ദ സ്വാമി
ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം
ശിവഗിരി: ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറുമായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാലു കഴുകിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെ പിന്‍പറ്റി ക്ഷേത്രത്തില്‍ പുണ്യാഹ കര്‍മവും നടത്തുകയുണ്ടായി. ഈ നടപടിയില്‍ വിമര്‍ശനങ്ങളും ശക്തമായിരുന്നു. ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം എന്ന അഭിപ്രായം രേഖപ്പെടുത്തി ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി രംഗത്തെത്തി.
പുണ്യാഹം നടത്തുന്നതിന് പകരം ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടിയാണ് വേണ്ടതെന്നാണ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടത്. അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല്‍ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ലെന്നും ഒരാഴ്ച്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി. ജാസ്മിന്‍ ജാഫര്‍ വിഷയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഒരു കാലത്ത് ഈഴവ, പിന്നാക്ക ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്രചൈതന്യം കുറയുമെന്ന അന്ധവിശ്വാസമുണ്ടായിരുന്നു എന്നും ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ആ ദുരാചാരം ഇല്ലാതായപ്പോള്‍ ഹിന്ദുമതത്തിനും ഹൈന്ദവ ആചാരങ്ങള്‍ക്കും വളര്‍ച്ചയാണ് ഉണ്ടായതെന്നും സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്നാണ് ശിവഗിരി മഠത്തിന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍പ് വയലാര്‍ രവിയുടെ ചെറുമകനെ മാതൃസ്ഥാനത്തില്‍ അന്യമത ബന്ധമുണ്ടെന്ന് കാട്ടി പുണ്യാഹം നടത്തി ബഹുജനങ്ങളില്‍ അവഹേളിതമായ സംഭവമുണ്ടായി. അന്യമത വിശ്വാസിയായ ഒരാള്‍ ക്ഷേത്രക്കുളം പോലും സ്പര്‍ശിക്കാന്‍ പാടില്ല എന്നുള്ളത് നിരവധി അധഃസ്ഥിതര്‍ക്ക് മോക്ഷം നല്‍കിയ ഭഗവാന്‍ ഗുരുവായൂരപ്പന് ഇഷ്ടപ്പെടില്ല എന്ന് തീര്‍ച്ചതന്നെ. ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും ദിവസവും നൂറുകണക്കിന് അഹിന്ദുക്കള്‍ തങ്ങളുടെ മതവിശ്വാസം എന്തെന്നറിയിക്കാതെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങി പോകുന്നുണ്ട്.
എല്ലാം ഗുരുവായൂരപ്പന്‍ അറിയുന്നുവെങ്കിലും ക്ഷേത്ര ഭരണാധികാരികള്‍ അറിയുന്നില്ലെന്ന് മാത്രം. ഇതുകൊണ്ട് ക്ഷേത്ര ചൈതന്യത്തിന് ഒരു കുറവും സംഭവിക്കുന്നില്ല എന്നു മാത്രമല്ല, ക്ഷേത്ര ചൈതന്യം വര്‍ദ്ധിക്കുകയേയുള്ളൂ. അതുപോലെ അഹിന്ദുക്കള്‍ക്കും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കുന്നതിനെക്കുറിച്ച് ഹിന്ദുമതത്തിന്റെ ധാര്‍മ്മിക ആചാര്യന്മാരും ദേവസ്വം ബോര്‍ഡും ഗവണ്‍മെന്റും പരിചിന്തനം ചെയ്യണം- സച്ചിദാനന്ദ ആവശ്യപ്പെട്ടു.
ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാല്‍ കഴുകിയതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹവും ശുദ്ധികര്‍മവും നടത്തിയത്. ആചാരലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആറു ദിവസം കണക്കാക്കിയുള്ള ശുദ്ധികര്‍മങ്ങളാണ് നടന്നത്. ഇതിന്റെ ഭാഗമായി 19 ശീവേലികളും 19 പൂജകളും നിവേദ്യങ്ങളും ആവര്‍ത്തിച്ചിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍ കുമാറാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകി റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തിയ നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്ന് പരാതിയില്‍ പറയുന്നുണ്ട്.