റൂർക്കല: ഒഡിഷയിലെ റൂർക്കലയിൽ ഒരു സ്വകാര്യ ചെറുവിമാനം ഇടിച്ചിറക്കിയതിനെ തുടർന്ന് ആറ് പേർക്ക് പരിക്കേറ്റു. നാല് യാത്രക്കാരും പൈലറ്റും കോ-പൈലറ്റും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവർക്കും അപകടത്തിൽ പരിക്കേറ്റെങ്കിലും നിലവിൽ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് വരികയായിരുന്ന ഇന്ത്യവൺ എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ഉച്ചയ്ക്ക് ഏകദേശം 12:30 ഓടെയാണ് സംഭവം. റൂർക്കല വിമാനത്താവളത്തിന് 10 കിലോമീറ്റർ അകലെയുള്ള ജൽഡ ഗ്രാമത്തിന് സമീപം വെച്ചാണ് വിമാനത്തിന് നിയന്ത്രണം നഷ്ടമായത്. മരത്തിൽ ഇടിച്ച ശേഷം ഒരു പാടത്തേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടൻ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഒൻപത് സീറ്റുകളുള്ള സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ പ്രസന്ന പ്രധാൻ സ്ഥിരീകരിച്ചു. ഒഡിഷ വാണിജ്യ, ഗതാഗത മന്ത്രി ബി.ബി. ജെനയുടെ വാക്കുകൾ പ്രകാരം, "ഒൻപത് സീറ്റുകളുള്ള ഒരു സ്വകാര്യ വിമാനം അപകടത്തിൽപ്പെട്ടു. യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും സുരക്ഷിതരാണ്. റൂർക്കലയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ജൽഡയിലാണ് അപകടം സംഭവിച്ചത്. വലിയ അപകടം ഒഴിവായതിൽ ദൈവകൃപയാൽ ആശ്വാസമുണ്ട്." അദ്ദേഹം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ (ഡിജിസിഎ) സ്ഥിതിഗതികൾ അറിയിച്ചതായും കൂട്ടിച്ചേർത്തു.

അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ അപകടകാരണം വ്യക്തമല്ലെന്നും സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാകൂ എന്നും അധികൃതർ അറിയിച്ചു.