തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍നിന്ന് പ്രധാന പങ്കാളിയായ ടീ കോം ഒഴിവാകുന്നതിന് പിന്നില്‍ കള്ളക്കളികളെന്നു സൂചനകള്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധമാണ് പലവിധ സംശയങ്ങള്‍ക്കും ഇടനല്‍കുന്നത്. 2007ലെ സ്മാര്‍ട്ട് സിറ്റി കരാര്‍ പ്രകാരം പദ്ധതി നടപ്പായില്ലെങ്കില്‍ ടി കോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. മറിച്ച് സര്‍ക്കാര്‍ ടീക്കോമിന് നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നില്ല. എന്നാല്‍, ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.

ടീകോമിന് സര്‍ക്കാര്‍ ഒരു നഷ്ടപരിഹാരവും നല്‍കേണ്ടതില്ലെന്ന് കരാറൊപ്പിട്ടപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവും പ്രതികരിച്ചു. ടീകോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും ജോസഫ് പറഞ്ഞു. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷവും രംഗത്തുണ്ട്. 246 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം ടീ കോം എംഡി ബാജു ജോര്‍ജിനെയും നഷ്ടപരിഹാരം നല്‍കാനുള്ള കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ആഗോള ഐടി കമ്പനികളും നിക്ഷേപവും നേരിട്ട് എത്താത്തതാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരിച്ചടിയായത്. പദ്ധതിക്കായി 12 ശതമാനം ഭൂമി സൗജന്യമായി നല്‍കണമെന്ന ആവശ്യത്തില്‍ നടപടികള്‍ വൈകിയതോടെ ടീം കോമിന്റെ താത്പര്യവും കുറഞ്ഞു. ദുബൈയുമായുള്ള നയതന്ത്ര ബന്ധത്തില്‍ കരുതലെടുത്ത് നീങ്ങിയ സംസ്ഥാന സര്‍ക്കാര്‍, കാലതാമസത്തില്‍ ഒരു ഘട്ടത്തിലും ഇടപെടല്‍ നടത്താത്തതും തിരിച്ചടിയായി.

യു.എ.ഇ.ക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന ടീേകാമിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായിക്കൂടിയാണ് പിന്മാറ്റം. അതിനിടെ ഈ ഭൂമി കണ്ണു വച്ച് മറ്റൊരു വമ്പന്‍ കേരളത്തിലെത്തിയെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് സൂചന. കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി തങ്ങളുടെ പേരില്‍ ഉടന്‍ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. അതും ടൗണ്‍ഷിപ്പ് പദ്ധതിയാകും. സര്‍ക്കാര്‍ ഖജനാവില്‍ ഒന്നുമില്ലാ അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാകും കേരളം നഷ്ടപരിഹാരം നല്‍കുക എന്നതും ഉയരുന്ന ചോദ്യമാണ്. ആറായിരം കോടിക്ക് മുകളിലെ നിക്ഷേപം ടീകോം നടത്തിയിട്ടുണ്ട്.

കെട്ടിടനിര്‍മാണത്തിനടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തലത്തിലുണ്ടായ ധാരണ. ടീ കോം ഒഴിയുന്നസാഹചര്യത്തില്‍ ഇവിടെ മറ്റ് നിക്ഷേപ പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ഉരാളുങ്കല്‍ അടക്കമുള്ളവരുടെ പങ്കാളിത്തം സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നാണ് സൂചന. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോടുചേര്‍ന്ന് ഐ.ടി. ടൗണ്‍ഷിപ്പായിരുന്നു 2011-ല്‍ കരാര്‍ ഒപ്പിട്ട പദ്ധതിയുടെ ലക്ഷ്യം. പത്തുവര്‍ഷത്തോളമായി ദുബായ് ഹോള്‍ഡിങ്‌സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ കരാര്‍പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. ഇതുകൊണ്ട് തന്നെ പദ്ധതി പിന്മാറ്റം സംബന്ധിച്ച് ടീ കോമുമായി സര്‍ക്കാര്‍തലത്തില്‍ പലവട്ടം ചര്‍ച്ച നടന്നിരുന്നു.

ആഗോളനിക്ഷേപം കേരളത്തിലേക്കു കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ സ്മാര്‍ട്ട്‌സിറ്റി കൊച്ചി പദ്ധതിക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ.) ഇല്ലാതെയായിട്ടു ഒരുവര്‍ഷം ആയിരുന്നു. 2023 പകുതിയോടെയാണ് സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ. രാജിവെച്ചത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നാണ് സ്മാര്‍ട്ട്‌സിറ്റി ഐ.ടി.ടൗണ്‍ഷിപ്പ്. 90,000 തൊഴിലവസരം, 88 ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ കെട്ടിടങ്ങള്‍ എന്നെല്ലാമുള്ള പ്രഖ്യാപനത്തോടെയാണ് പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. കേരള സര്‍ക്കാരിന് 16 ശതമാനവും ദുബായ് ഹോള്‍ഡിങ്ങിന് 84 ശതമാനവുമാണ് ഓഹരിപങ്കാളിത്തം. മുഖ്യമന്ത്രിയാണ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍. 2011ല്‍ കരാറൊപ്പിട്ട പദ്ധതിയുടെ ആദ്യഘട്ടം യാഥാര്‍ഥ്യമായത് 2016ല്‍. 13 വര്‍ഷത്തിനിപ്പുറവും പ്രഖ്യാപിതലക്ഷ്യങ്ങള്‍ ഏറെയും അകലെയായിരുന്നു.

സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് ഐ.ടി., ഐ.ടി. ഇതരം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 37 കമ്പനികളാണ് ഇവിടെയുള്ളത്. നിര്‍മ്മാണപങ്കാളികളായി ആറു കമ്പനികള്‍ വേറെ. 2609 കോടി രൂപയുടെ നിക്ഷേപത്തിന് ഇതിനകം വഴിയൊരുക്കി. ഇതില്‍ 1935 കോടി രൂപയുടെ നിര്‍മ്മാണം കോ-ഡെവലപ്പര്‍മാരുടേതായി പുരോഗമിക്കുകയാണെന്നും വെബ്‌സൈറ്റിലുണ്ട്. 6.5 ലക്ഷം ചതുരശ്രയടിയുള്ളതാണ് സ്മാര്‍ട്ട്‌സിറ്റിയുടെ ആദ്യ ഐ.ടി. കെട്ടിടം. നിര്‍മാണങ്ങളിലേറെയും പൂര്‍ത്തിയായി ക്കൊണ്ടിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇവ പൂര്‍ണസജ്ജമാകുന്നതോടെ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. അതായത് മൊത്തം ആറായിരം കോടിയ്ക്ക് അടുത്ത് ചെലവാക്കിയെന്നാണ് ടീകോം പറയുന്നത്. ഈ തുകയെല്ലാം ടീകോമിന് തിരിച്ചു കൊടുക്കേണ്ടി വരും.

സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നല്‍കിയ ശുപാര്‍ശ ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചു. ടീ കോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പരധാരണയോടെ പിന്മാറ്റനയം തയ്യാറാക്കാനാണ് തീരുമാനം.