ഭോപ്പാൽ: ട്രെയിൻ യാത്രക്കാർക്കിടയിൽ വലിയ ആശങ്കയുണർത്തുന്നതും ആളുകളുടെ ഉറക്കം കെടുത്തുന്നതുമായ ഒരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. തിരക്കേറിയ ഒരു ട്രെയിൻ കോച്ചിൽ, ബർത്തിൽ ഉറങ്ങിക്കിടക്കുന്ന ഒരു കുട്ടിയെ ലക്ഷ്യമാക്കി കൂറ്റൻ പെരുമ്പാമ്പ് മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

മധ്യപ്രദേശിൽ നിന്നുള്ള ലോക്കൽ ട്രെയിനിലാണ് സംഭവം നടന്നതെന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി അവകാശപ്പെടുന്നത്. ട്രെയിനിലെ ലഗേജ് റാക്കിൽ വെച്ചിരുന്ന ബാഗുകൾക്കിടയിൽ നിന്നാണ് കൂറ്റൻ പെരുമ്പാമ്പ് താഴോട്ട് ഇറങ്ങുന്നത്. ഇത് റാക്കിൽ തൂങ്ങിക്കിടക്കുന്ന രീതിയിൽ, തൊട്ടുതാഴെ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ നേർക്ക് എത്തുകയായിരുന്നു.

ഈ നടുക്കുന്ന കാഴ്ച കണ്ട ട്രെയിൻ യാത്രക്കാർ ഭയന്ന് നിലവിളിച്ചു. പെരുമ്പാമ്പ് കുട്ടിയുടെ അടുത്തെത്തുന്നതിന് തൊട്ടുമുമ്പ് തന്നെ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. 'ട്രെയിനിലെ പേടിസ്വപ്നം' എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

വീഡിയോ വളരെപ്പെട്ടെന്ന് തന്നെ വൈറലാവുകയും നിരവധി ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. ഒരു യാത്രക്കിടെ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത് അവിശ്വസനീയമാണെന്നും, ട്രെയിനിലെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും നിരവധി പേർ കമന്റ് ചെയ്തു.

എങ്കിലും, ഈ വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ചില സംശയങ്ങളും ഉയർന്നിട്ടുണ്ട്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വന്ന കമന്റുകളിൽ ചിലർ ഇത് വ്യാജ ദൃശ്യങ്ങളാവാം എന്ന് അഭിപ്രായപ്പെട്ടു. "ഈ വീഡിയോ വ്യാജമാണ്. ഈ ട്രെയിനിലെ ഇരിപ്പിടങ്ങളുടെ ഘടന ശരിയായ ഇന്ത്യൻ ട്രെയിനുകളിലേത് പോലെയല്ല. പല കാര്യങ്ങളിലും പൊരുത്തക്കേടുകൾ ഉണ്ട്. അതിനാൽത്തന്നെ ഇത് വ്യാജ വീഡിയോയാണ്, വിശ്വസിക്കരുത്" - എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.