കോഴിക്കോട്: മലപ്പുറം ജില്ലക്കെതിരെ വിവാദ പ്രസംഗം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. മുസ്ലിം സംഘടനകളും നേതാക്കളും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നതിന് പിന്നാലെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് എസ്എന്‍ഡിപി സംരക്ഷണ സമിതിയും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശനുള്ള സ്വീകരണ ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്നാണ് എസ്എന്‍ഡിപി സംരക്ഷണ സമിതിയുടെ ആവശ്യം. മലപ്പുറം പ്രത്യേക രാജ്യം എന്ന പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി അപമാനിച്ചത് രാജ്യത്തെ പ്രധാനമന്ത്രിയെ ആണെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി കുറ്റപ്പെടുത്തുന്നു.

മലപ്പുറത്തെ മുസ്ലിംകള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. സ്വന്തം സമുദായത്തെ വില്‍ക്കുന്നയാളാണ് വെള്ളാപ്പള്ളി നടേശന്‍ എന്നും സംരക്ഷണ സമിതിയുടെ വിമര്‍ശനം. ഈഴവ സമുദായത്തില്‍ നിന്ന് മറ്റാരെയും വളരാന്‍ വെള്ളാപ്പള്ളി അനുവദിക്കുന്നില്ല. ഒരു മുതലാളി മതി എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്നും സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ്. ചന്ദ്രസേനന്‍ പറയുന്നു. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കുന്ന ദിവസം കരിദിനം ആചരിക്കുമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി വ്യക്തമാക്കി.

ഈഴവര്‍ക്കിടയില്‍ ഒരു മുതലാളി മതി എന്നുള്ളതു കൊണ്ടാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഗോകുലം ഗോപാലനെ ഉള്‍പ്പടെ വേട്ടയാടുന്നതെന്നും അഡ്വക്കേറ്റ് എസ്. ചന്ദ്രസേനന്‍ ആരോപിച്ചു. ഏപ്രില്‍ 11നാണ് ചേര്‍ത്തല ബോയ്‌സ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ചടങ്ങില്‍ നാലു മന്ത്രിമാരും പങ്കെടുക്കും. വിവാദങ്ങള്‍ കത്തിനില്‍ക്കെ വെള്ളാപ്പള്ളിയുടെ സ്വീകരണച്ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവര്‍ ഭീതിയിലാണ് കഴിയുന്നതന്നും ഒരു കണ്‍വെന്‍ഷനില്‍ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി വിളിച്ചു പറഞ്ഞത് വിവാദമായിരുന്നു. 'മലപ്പുറം പ്രത്യേക രാജ്യമാണ്. പ്രത്യേക തരം ആളുകളുടെ സംസ്ഥാനമാണ്. ഈഴവര്‍ ഭയപ്പാടോടെയാണ് അവര്‍ക്കിടയില്‍ ജീവിക്കുന്നത്. ഈഴവര്‍ക്കവിടെ സ്വതന്ത്രമായി അഭിപ്രായം പറയാനോ സ്വതന്ത്രമായി വായു ശ്വസിക്കാനോ ആകുന്നില്ല' എന്ന പ്രസ്താവനക്കെതിരെ നിരവധി പരാതികള്‍ പോലീസില്‍ എത്തുകയും ചെയ്തു. വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന പരാതികളില്‍ പൊലീസ് നിയമോപദേശം തേടിയിരിക്കയാണ്.

വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ പരാതികളാണു ലഭിച്ചത്. പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ കേസെടുത്താല്‍ കോടതിയില്‍ നിലനില്‍ക്കുമോ എന്നാണു പൊലീസ് പരിശോധിക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സമ്മര്‍ദ്ദത്തിലാക്കി സിപിഎമ്മിന്റെ വോട്ടുബാങ്കിലെ ശക്തരായ കാന്തപുരം വിഭാഗം രംഗത്തെത്തി. സമസ്ത കാന്തപുരം വിഭാഗം മുഖപത്രമാണ് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതോടൊപ്പം വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയില്‍ നിന്ന് പിണറായി വിട്ടു നില്‍ക്കണമെന്ന് സിറാജ് പത്രത്തിലെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ഒരു ജില്ലയിലെ മുസ്ലിംകളെയാകെ ഇകഴ്ത്തുകയും അക്രമകാരികളും വര്‍ഗീയവാദികളുമായി മുദ്രകുത്തുകയും ചെയ്ത വെളളാപ്പള്ളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 'പ്രതികള്‍ മുസ്ലിംകളെങ്കില്‍ ഭീകരവിരുദ്ധനിയമം ചുമത്തി കല്‍ത്തുറുങ്കിലടക്കുകയും അമുസ്ലിംകളെങ്കില്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തു സാധാരണ ഉണ്ടാകാറ്. വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ അതാവര്‍ത്തിക്കരുത്. എസ്എന്‍ഡിപി യോഗം പ്രാദേശിക ഘടകം ഈ മാസം 11നു ചേര്‍ത്തലയില്‍ വെളളാപ്പള്ളി നടേശന് സ്വീകരണപരിപാടി സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരായ പി പ്രസാദും പി രാജൂവും വി എന്‍ വാസവനും മതേതര കേരളത്തിന്റെ വികാരം മാനിച്ചു പരിപാടിയില്‍ നിന്നും പിന്മാറുകയാണ് വേണ്ടത്,' മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

മലപ്പുറം ജില്ലാ രൂപവത്കരണ കാലംതൊട്ടേ, അഞ്ചര പതിറ്റാണ്ടായി കേട്ടുവരുന്നതും കേരളീയ സമൂഹം ചവച്ചുതുപ്പിയതുമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് വെള്ളാപ്പള്ളിയും നടത്തിയതെന്നും കാന്തപുരം വിഭാഗം മുഖപത്രത്തില്‍ പറയുന്നു. എന്നാല്‍ മതമൈത്രിയുടെയും സൗഹൃദത്തിന്റെയും കഥകള്‍ മാത്രമേ എക്കാലവും മലപ്പുറത്തിനു പറയാനുള്ളൂ. മുസ്ലിംകള്‍ ഇതര മതസ്ഥരുമായും മറിച്ചും അതീവ സൗഹാര്‍ദത്തിലാണ് ജില്ലയില്‍ ജീവിച്ചു വരുന്നത്. എന്നാല്‍ മലപ്പുറത്ത് വന്ന് ജില്ലക്കെതിരെ കടുത്ത വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയിട്ടും വെള്ളാപ്പള്ളിയെ ആരും കയ്യേറ്റം ചെയ്തില്ല. ശാരീരികമായി ഉപദ്രവിച്ചില്ല. അതല്ല മലപ്പുറത്തിന്റെ പൈതൃകം. ഉത്തര്‍ പ്രദേശിലോ ഗുജറാത്തിലോ ചെന്ന് ആ സംസ്ഥാനത്തെയും നാട്ടുകാരെയും അധിക്ഷേപിച്ചു സംസാരിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ജീവനോടെ തിരിച്ചുപോരാന്‍ കഴിയുമോ എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

'സിറാജ്' എഡിറ്റോറിയിലിന്റെ പൂര്‍ണരൂപം: മലപ്പുറം ജില്ലാ രൂപവത്കരണ കാലംതൊട്ടേ, അഞ്ചര പതിറ്റാണ്ടായി കേട്ടുവരുന്നതും കേരളീയ സമൂഹം ചവച്ചുതുപ്പിയതുമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് എസ് എന്‍ ഡി പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെ ചുങ്കത്തറയില്‍ കഴിഞ്ഞ ദിവസം നടത്തിയത്. 'മലപ്പുറം പ്രത്യേക രാജ്യമാണ്. പ്രത്യേക തരം ആളുകളുടെ സംസ്ഥാനമാണ്. ഈഴവര്‍ ഭയപ്പാടോടെയാണ് അവര്‍ക്കിടയില്‍ ജീവിക്കുന്നത്. ഈഴവര്‍ക്കവിടെ സ്വതന്ത്രമായി അഭിപ്രായം പറയാനോ സ്വതന്ത്രമായി വായു ശ്വസിക്കാനോ ആകുന്നില്ല' എന്നിങ്ങനെ പോകുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരമാര്‍ശങ്ങള്‍. മുസ്ലിംകള്‍ തീവ്രവാദികളും പരമത വിദ്വേഷികളുമാണെന്ന സംഘ്പരിവാര്‍ ആരോപണങ്ങളില്‍ നിന്നു കടമെടുത്ത വാക്കുകള്‍. 'മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമിവാങ്ങാന്‍ അവകാശമില്ല. അവരെ കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ല. ഹിന്ദുക്കളെ അക്രമിക്കാന്‍ കത്തി കൈവശം വെക്കുന്നവരാണ് മലപ്പുറത്തെ മുസ്ലിംകള്‍. പാകിസ്താന്‍ തീവ്രവാദികളുടെ താവളമാണ് താനൂര്‍ കടപ്പുറം. മലപ്പുറം ജില്ല രൂപവത്കൃതമായാല്‍ അതൊരു കൊച്ചു പാകിസ്താനായി മാറും. അമുസ്ലിംകളെ മതപരിവര്‍ത്തനം നടത്തി മുസ്ലിംകളാക്കുന്ന സ്ഥാപനം നടത്തി വരുന്നുണ്ട് മലപ്പുറത്തെ പൊന്നാനിയില്‍. ജില്ല രൂപവത്കൃതമായാല്‍ പാക് തീവ്രവാദികളുമായി മലപ്പുറത്തെ മുസ്ലിംകള്‍ ബന്ധം സ്ഥാപിക്കു'മെന്നായിരുന്നു 1969ല്‍ ജില്ലാ രൂപവത്കരണ കാലത്ത് സംഘ്പരിവാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചത്.

സ്വാതന്ത്ര്യ സമര സേനാനി, കേരള ഗാന്ധിയെന്നറിയപ്പെട്ടിരുന്ന കെ കേളപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം അന്ന് ജില്ലാ രൂപവവത്കരണത്തിനെതിരെ രംഗത്തു വരികയും കേളപ്പന്‍ ചെയര്‍മാനായി ജില്ലാവിരുദ്ധ സമിതി രൂപവത്കരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. ബി ജെ പി നേതാവ് ഒ രാജഗോപാലായിരുന്നു സമിതി കണ്‍വീനര്‍. 'രാജ്യത്തിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാണ് മലപ്പുറം ജില്ല. കിഴക്കന്‍ പാകിസ്താനും പടിഞ്ഞാറന്‍ പാകിസ്താനും പോലെ തെക്കന്‍ പാകിസ്താനായി മാറും മലപ്പുറ'മെന്നായിരുന്നു കേളപ്പന്‍ പ്രചരിപ്പിച്ചത്. പിന്നീട് മേനകാ ഗാന്ധി, സുബ്രഹ്‌മണ്യന്‍ സ്വാമി തുടങ്ങി ബി ജെ പി നേതാക്കളും സി പി എം നേതാവ് വി എസ് അച്യുതാനന്ദന്‍ പോലും ഏറ്റുപിടിച്ചു മലപ്പുറം വിരുദ്ധ പ്രചാരണം. എന്നാല്‍ മതമൈത്രിയുടെയും സൗഹൃദത്തിന്റെയും കഥകള്‍ മാത്രമേ എക്കാലവും മലപ്പുറത്തിനു പറയാനുള്ളൂ. മുസ്ലിംകള്‍ ഇതര മതസ്ഥരുമായും മറിച്ചും അതീവ സൗഹാര്‍ദത്തിലാണ് ജില്ലയില്‍ ജീവിച്ചു വരുന്നത്. 2018ല്‍ ഇരുവൃക്കകളും തകരാറിലായ ജില്ലയിലെ കാളികാവ് സ്വദേശി ദീപേഷെന്ന ഹൈന്ദവ സുഹൃത്തിനു ചികിത്സാ ചെലവ് സ്വരൂപിക്കാന്‍ കാളികാവ് മഹല്ല് കമ്മിറ്റി മതപ്രഭാഷണം സംഘടിപ്പിച്ച ചരിത്രം മലപ്പുറത്തിനുണ്ട്. ജില്ലയില്‍ മൂന്നാക്കല്‍ പള്ളി മതമൈത്രിയുടെ പ്രതീകമാണ്. ഇവിടെ നിന്നു വിതരണം ചെയ്യുന്ന അരികൊണ്ടാണ് മതജാതി വ്യത്യാസമില്ലാതെ സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെ വീട്ടുകാരും ഭക്ഷണം പാകം ചെയ്യുന്നത്.

റമസാനില്‍ വിവിധ ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന നോമ്പ് തുറ ജില്ലയിലെ ഹൈന്ദവ സുഹൃത്തുക്കള്‍ക്കു മുസ്ലിംകളെക്കുറിച്ചുള്ള കാഴ്ചപ്പാടും സൗഹൃദവും വിളിച്ചറിയിക്കുന്നതാണ്. തെക്കന്‍ ജില്ലകളില്‍ നിന്നു ജോലി, ബിസിനസ്സ് ആവശ്യാര്‍ഥം മലപ്പുറത്തെത്തിയ നിരവധി അമുസ്ലിം സുഹൃത്തുക്കള്‍ മലപ്പുറത്തെ മുസ്ലിംകളില്‍ നിന്നനുഭവിച്ച സ്‌നേഹത്തിന്റെ കഥകള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. മലപ്പുറത്തിന്റെ നന്മ കണ്ട് നാട്ടിലേക്ക് മടങ്ങാതെ ജില്ലയില്‍ സ്ഥിരതാമസമാക്കിയവരും നിരവധി. മലപ്പുറത്തുകാരുടെ സ്‌നേഹവും സഹായ മനഃസ്ഥിതിയും പ്രത്യേകം എടുത്തുപറഞ്ഞാണ് ജില്ലാ കലക്ടറായിരുന്ന വി ആര്‍ പ്രേംകുമാര്‍ 2023ല്‍ ജില്ലയോട് വിടപറഞ്ഞത്.

ഇ എം എസും കെ ദാമോദരനും പ്രസിദ്ധ കവികളും സാഹിത്യകാരന്മാരുമായ വള്ളത്തോളും ഇടശ്ശേരിയും പൂന്താനവും ഉറൂബും പിറന്ന നാടാണ് മലപ്പുറം. ഇടകലര്‍ന്നു നില്‍ക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക അടയാളങ്ങളായ തുഞ്ചന്‍ മണ്ണും മാമാങ്കം നടന്ന തിരുന്നാവായയും ആയുര്‍വേദത്തിന്റെ കോട്ടക്കലും മമ്പുറം മഖാമും മോയിന്‍ കുട്ടിവൈദ്യര്‍ സ്മാരകവും ജില്ല മതസൗഹാര്‍ദത്തിന്റെ ഭൂമികയാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സധീരം പോരാടി രക്തസാക്ഷിത്വം വരിച്ച ദേശസ്‌നേഹികളുടെ നാട് കൂടിയാണിത്. ദേശീയ സമരത്തെ ഒറ്റുകൊടുത്തു വെള്ളിക്കാശ് വാങ്ങിയ സംഘ്പരിവാറുകാര്‍ക്കും വെള്ളാപ്പള്ളിയെ പോലുളള സഹയാത്രികര്‍ക്കും മലപ്പുറം കണ്ണിലെ കരടായില്ലെങ്കിലേ അത്ഭുതമുള്ളൂ. മലപ്പുറത്ത് വന്ന് ജില്ലക്കെതിരെ കടുത്ത വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയിട്ടും വെള്ളാപ്പള്ളിയെ ആരും കയ്യേറ്റം ചെയ്തില്ല. ശാരീരികമായി ഉപദ്രവിച്ചില്ല. അതല്ല മലപ്പുറത്തിന്റെ പൈതൃകം.

ഉത്തര്‍ പ്രദേശിലോ ഗുജറാത്തിലോ ചെന്ന് ആ സംസ്ഥാനത്തെയും നാട്ടുകാരെയും അധിക്ഷേപിച്ചു സംസാരിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ജീവനോടെ തിരിച്ചുപോരാന്‍ കഴിയുമോ? ഒരു ജില്ലയിലെ മുസ്ലിംകളെയാകെ ഇകഴ്ത്തുകയും അക്രമകാരികളും വര്‍ഗീയവാദികളുമായി മുദ്രകുത്തുകയും ചെയ്ത വെളളാപ്പള്ളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. പ്രതികള്‍ മുസ്ലിംകളെങ്കില്‍ ഭീകരവിരുദ്ധ നിയമം ചുമത്തി കല്‍ത്തുറുങ്കിലടക്കുകയും അമുസ്ലിംകളെങ്കില്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തു സാധാരണ ഉണ്ടാകാറ്. വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ അതാവര്‍ത്തിക്കരുത്. എസ് എന്‍ ഡി പി യോഗം പ്രാദേശിക ഘടകം ഈ മാസം 11നു ചേര്‍ത്തലയില്‍ വെളളാപ്പള്ളി നടേശന് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരായ പി പ്രസാദും പി രാജൂവും വി എന്‍ വാസവനും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കരുതെന്നു ശ്രീനാരായണീയ കൂട്ടായ്മയടക്കം വിവിധ സംഘടനകളും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആവശ്യപ്പെടുന്നു. മതേതര കേരളത്തിന്റെ വികാരം മാനിച്ചു പരിപാടിയില്‍ നിന്നു മന്ത്രിമാര്‍ പിന്മാറുകയാണ് വേണ്ടത്.

വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗ വിവാദങ്ങള്‍ക്കിടെയാണ് ചേര്‍ത്തലയില്‍ സ്വീകരണ പരിപാടിയില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നത്. ഏപ്രില്‍ 11ന് എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂനിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറല്‍ സെക്രട്ടറി പദം പൂര്‍ത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണവും' എന്ന പേരിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, പി.എന്‍ വാസവന്‍, സജി ചെറിയാന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഏപ്രില്‍ 11ന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള വെള്ളാപ്പള്ളിയുടെ സ്വീകരണ സമ്മേളനത്തില്‍നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറി പൊതുസമൂഹത്തിന് മുമ്പില്‍ ശക്തമായ സന്ദേശം നല്‍കണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ ആവശ്യപ്പെട്ടു. മലപ്പുറത്തെ മുന്‍നിര്‍ത്തി ഒരു സമുദായത്തിന് നേരെ വംശീയ വിദ്വേഷം തുപ്പിയ, മുസ്ലിം സമുദായത്തിന് നേരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന ഒരാളെ സ്വീകരിക്കാന്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കണമെന്ന് സോളിഡാരിറ്റിയും ആവശ്യപ്പെട്ടിരുന്നു.