കൊച്ചി: രാഷ്ട്രീയക്കാരുടെയും, സാമൂഹിക പ്രവര്‍ത്തകരുടെയും ഒക്കെ നാക്കുപിഴ ആഘോഷിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍ അഥവാ 'മാപ്രകള്‍'. അപ്പോള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും, അവരോടൊപ്പം നില്‍ക്കുന്നവര്‍ക്കും ജാള്യതയ്ക്കപ്പുറം അപമാനം തോന്നാം. എല്ലാവര്‍ക്കും തെറ്റുപറ്റാം എന്നതാണ് സത്യം. വിഎസിന്റെ വിലാപ യാത്ര റിപ്പോര്‍ട്ട് ചെയ്യാനും ചാനലുകള്‍ തമ്മില്‍ മത്സരമാണ്. തലസ്ഥാനത്ത് നിന്ന് ആലപ്പുഴയിലെത്തുന്നത് വരെ ഓരോ രംഗവും ഒപ്പിയെടുത്ത് വിവരണം നല്‍കുക എന്നത് എളുപ്പമല്ല. അതിന് ആവേശത്തിന് അപ്പുറം വലിയ ഏകോപനവും, മനസ്സാന്നിധ്യവും ആവശ്യമുണ്ട്. ദര്‍ബാര്‍ ഹാളിലേക്കുള്ള വിലാപ യാത്രയുടെ വിവരണം നല്‍കുന്നതിനിടെ. 24 ന്യൂസിലെ ശ്രീകണ്ഠന്‍ നായര്‍ക്ക് സംഭവിച്ച നാക്കുപിഴയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ശ്രീകണ്ഠന്‍ നായര്‍ നാവുപിഴയ്ക്ക് മാപ്പുപറഞ്ഞു.

ശ്രീകണ്ഠന്‍ നായര്‍ക്ക് വിവരണത്തില്‍ സംഭവിച്ച അബദ്ധം ഇങ്ങനെ:

'മുഖ്യമന്ത്രി അല്ലാതായിരിക്കുമ്പോഴും, പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും ഒക്കെ തന്നെ, അദ്ദേഹത്തിന് സുപരിചിതമായ രാജവീഥികളിലൂടെ, ശാന്തനായ, ഒരുപക്ഷേ, ചേതനയറ്റ പിണറായി വിജയന്റെ മൃതദേഹവും വഹിച്ചുള്ള വാഹന വ്യൂഹം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.'

ഈ ഭാഗം മാത്രം വലിയ തോതില്‍ പ്രചരിച്ചതോടെ, ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ, തനിക്ക് മുഖ്യമന്ത്രിയുമായുളള അടുത്ത ബന്ധം വിശദീകരിച്ച് ശ്രീകണ്ഠന്‍ നായര്‍ ചാനലിലൂടെ മാപ്പ് പറഞ്ഞു.

നാവുപിഴച്ചതിന് മാപ്പ്... ക്ഷമിക്കുക...തെറ്റിനെ ന്യായീകരിക്കുന്നില്ല..

''എനിക്കുണ്ടായ നാവുപിഴ പല സുഹൃത്തുക്കളും പ്രേക്ഷകരും ചൂണ്ടികാട്ടുന്നുണ്ട്. വളരെ വ്യക്തിപരമായ അടുപ്പം മുഖ്യമന്ത്രിയുമായി കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാന്‍. വിജയേട്ടന്‍ എന്ന് വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ്. പലരും പറയുന്നത് ഒരുപാടുകാലം സീനിയോറിറ്റിയുള്ള ഒരാളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നാണ്. ന്യായീകരിക്കുന്നില്ല. ലൈവിനിടയില്‍ ഇത്തരം പിഴവുകള്‍ സംഭിക്കാം. അത് തിരുത്താന്‍ ഒരു മടിയുമില്ല. ആദ്യം മാപ്പ് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്.... ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണം. ലൈവായി നില്‍ക്കുന്ന സമയത്ത് പിഴവുകള്‍ സ്വാഭാവികമാണ്. ഇതിലും വലിയ പിഴവുകള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ട്. ഞാന്‍ ന്യായീകരിക്കാന്‍ നില്‍ക്കാത്തതു കൊണ്ടാണ്. വിജയേട്ടന്‍ എന്ന മുഖ്യമന്ത്രിയോടുള്ള ആദരവ് കൊണ്ട് മാപ്പ് പറയുന്നു. ചില ടെലിവിഷന്‍ ചാനലുകള്‍ തന്നെ എന്റെ തെറ്റ് പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ സാധാരണ മനുഷ്യനാണ്. അത് തിരുത്തും. സംഭവിച്ചത് നാവ് പിഴയാണ്. ജനങ്ങള്‍ അങ്ങനെ തന്നെ കാണണം'' ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.

ഈ വീഡിയോയും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയ്ക്ക് താഴെയും ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

പക്ഷെ മറ്റുള്ളവര്‍ക്ക് നാക്കു പിഴ സംഭവിക്കുമ്പോള്‍ നിങ്ങള്‍ മാപ്രകള്‍ ആഘോഷിക്കുകയല്ലേ ചെയ്യാറ്...

വൃത്തികെട്ട മാപ്രകള്‍ ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ ആക്രമിച്ചിട്ടുള്ളത് ഇ പി ജയരാജന്‍, ശിവന്‍കുട്ടി എന്നിവരെയാണ് അപ്പോഴൊന്നും തോന്നാത്ത appology ആണ് ഇപ്പൊ തോന്നുന്നത്

മറ്റുള്ളവരുടെ നാക്കു പിഴയാണ് നിങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ചയാക്കി വാര്‍ത്തയാക്കുന്നത് അങ്ങനെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരായ ചിലര്‍ക്ക് നാക്ക് പിഴയുണ്ടാകുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന മീഡിയ പബ്ലിസിറ്റിയില്‍ അവര്‍ക്കുണ്ടാക്കുന്ന വേദനയും പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന അപഹാസ്യതയും ഇനിയെങ്കിലും താങ്കള്‍ മനസിലാക്കണം