ബാങ്കോക്ക്: ചില മൃഗങ്ങൾ ജീവന് ഭീഷണി ആണെങ്കിലും അതിനെ കണ്ട് നിൽക്കാൻ തന്നെ നല്ല രസമാണ്. അതിന്റെ കുഞ്ഞുങ്ങളെ കൊഞ്ചിക്കാനും തോന്നും. അതിലെ ഒരു പ്രധാന മൃഗമാണ് കടുവകൾ. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രായം മൂന്ന് വയസ്സുമാത്രം, പക്ഷെ തന്റെ ക്യൂട്ട്‌നെസ് കൊണ്ട് നവമാധ്യമങ്ങളില്‍ സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ് ആവ.

തായ്‌ലന്‍ഡിലെ ചിയാങ് മായ് നൈറ്റ് സഫാരി പാര്‍ക്കിലെ സ്വര്‍ണ കടുവയാണ് ആവ. നവംബര്‍ 19 നാണ് ചിയാങ് മായ് നൈറ്റ് സഫാരി പാര്‍ക്ക് ആവ എന്ന പെണ്‍കടുവയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ആയിരക്കണക്കിന് ലൈക്കുകളാണ് ആവയുടെ ചിത്രങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത്. 'ആവ'യുടെ സഹോദരി ലൂണയുടെ ചിത്രങ്ങള്‍ മൂന്നാഴ്ച മുന്‍പ് പങ്കുവെച്ചിരുന്നു. 2021 ഫെബ്രുവരി 16 നാണ് ആവയും ലൂണയും ജനിച്ചത്.

ചെക്ക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങില്‍ നിന്നാണ് 2015 ജൂലായില്‍ ഇവയുടെ മാതാപിതാക്കളെ സഫാരി പാര്‍ക്കിൽ എത്തിച്ചത്. ബംഗാള്‍ കടുവയുടെ വര്‍ണവ്യതിയാനം മൂലമുണ്ടാകുന്ന വകഭേദമാണ് സ്വര്‍ണ കടുവ. വെള്ളക്കടുവകളേയും കറുത്ത കടുവകളേയും പോലെ ജനിതകവൈകല്യം മൂലമാണ് സ്വര്‍ണ കടുവകളുണ്ടാകുന്നത്. ലോകത്താകെ മുപ്പത് സ്വര്‍ണ കടുവകള്‍ മാത്രമാണുള്ളതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളക്കടുവകള്‍ 200 എണ്ണമുണ്ടെന്നാണ് കണക്കുകൾ.

പാര്‍ക്കിൽ എത്തുന്ന കുട്ടികളുമായി സൗഹാര്‍ദപരമായാണ് ആവ പെരുമാറുന്നതെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. ആവയുടെ ചിത്രങ്ങള്‍ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. അഴകുള്ള മുഖമെന്നും ദിവസവും പത്ത് തവണ കുളിക്കാറുണ്ടെന്ന് തോന്നുന്നുവെന്നും ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ കമന്റ് ചെയ്തു. ആവയുടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.