- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയനെ 'ആഭ്യന്തര വാഴ', 'എടോ വിജയാ' എന്നൊക്കെ സംബോധന ചെയ്ത് ഞെട്ടിച്ചു; മന്ത്രി മുഹമ്മദ് റിയാസിനെ 'മരുമോന്‍ ചെറുക്കന്‍' എന്നുവിളിച്ചും ആക്രമണം; 'റീല്‍ അല്ല റിയലാകണം' എന്ന് സീനിയര്‍ നേതാക്കള്‍ കണ്ണുരുട്ടിയെങ്കിലും 'ഫയര്‍ ബ്രാന്‍ഡിന് ' മുന്നില്‍ നിഷ്പ്രഭമായി; രാഹുലിനെ കൊമ്പത്ത് എത്തിച്ചതും വീഴ്ത്തിയതും സോഷ്യല്‍ മീഡിയ
രാഹുലിനെ കൊമ്പത്ത് എത്തിച്ചതും വീഴ്ത്തിയതും സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ താരതമ്യേന ചുരുങ്ങിയ സമയം കൊണ്ട് ഉന്നതങ്ങളിലേക്ക് കുതിക്കുകയും, എന്നാല്‍ അതിനെക്കാള്‍ വേഗത്തില്‍ തകര്‍ന്നു വീഴുകയും ചെയ്ത യുവനേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സോഷ്യല്‍ മീഡിയയുടെ പിന്തുണയോടെ വളര്‍ന്ന് വലുതായ ഈ 'തീപ്പൊരി' നേതാവ് അതേ ഡിജിറ്റല്‍ ലോകത്തിലെ വഴിവിട്ട നീക്കങ്ങളിലൂടെയാണ് സ്വന്തം ഭാവി ഇല്ലാതാക്കിയത്.
എതിരാളികളെ വിറപ്പിച്ച 'വിമര്‍ശന ശൈലി'
ആരെയും അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വളര്‍ച്ച. എതിരാളികളെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള രാഹുലിന്റെ വാക്ശരങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലും പൊതുവേദികളിലും അദ്ദേഹത്തിന് വലിയ മൈലേജ് നേടിക്കൊടുത്തു. എതിരാളികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ 'ആഭ്യന്തര വാഴ' എന്നും 'എടോ വിജയാ' എന്നും വിളിച്ച് സംബോധന ചെയ്യാനും, മന്ത്രി മുഹമ്മദ് റിയാസിനെ 'മരുമോന്‍ ചെറുക്കന്‍' എന്നു സംബോധന ചെയ്യാനും രാഹുല്‍ ധൈര്യം കാണിച്ചു.
സീനിയര്‍ നേതാക്കളില്‍ ചിലര്‍ 'റീല്‍ അല്ല റിയലാകണം' എന്ന് വിമര്‍ശിച്ചെങ്കിലും, രാഹുലിന്റെ പോരാളിച്ചിത്രത്തിന് മുന്നില്‍ ആ എതിര്‍പ്പുകള്‍ നിഷ്പ്രഭമായി. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ പോലും രാഹുലിന്റെ വാക്ശരങ്ങളെ പ്രതിരോധിക്കാനാവാതെ വശംകെടുന്നത് കേരളം കണ്ടതാണ്.
വിവാദങ്ങള്‍ വളമായി
ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തിന് പിന്നില്‍ അനാശാസ്യം ആരോപിച്ചതും, പത്മജയുടെ പിതൃത്വത്തെ ചോദ്യം ചെയ്തതും പോലുള്ള വിവാദ പ്രസ്താവനകള്‍ വന്നിട്ടും രാഹുലിനെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറായില്ല. രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവുകള്‍ക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംപിയുടെ പിന്തുണയുണ്ടായിരുന്നു.
പേരുദോഷങ്ങള്‍ കേട്ട് തുടങ്ങിയിരുന്നെങ്കിലും, ഷാഫി പറമ്പിലിനുശേഷം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി അവരോധിക്കപ്പെട്ടു. അന്ന് എതിരാളികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളെ രാഹുലിന്റെ ഇമേജ് ഉപയോഗിച്ച് 'വെറും ആരോപണം' മാത്രമായി ഒതുക്കി.
സര്‍ക്കാരിനെതിരായ സമരത്തിന്റെ പേരില്‍ രാത്രിയില്‍ രാഹുലിനെ അറസ്റ്റു ചെയ്തത് രാഷ്ട്രീയ മൈലേജ് വര്‍ദ്ധിപ്പിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ ഒഴിഞ്ഞ സീറ്റില്‍ പകരം സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കാന്‍ ഷാഫിക്ക് ഒറ്റപ്പേരേ ഉണ്ടായിരുന്നുള്ളൂ. വി.ഡി. സതീശന്‍, കെ. സുധാകരന്‍ എന്നിവരുടെ ആശീര്‍വാദത്തോടെ നടന്ന ഈ 'അരിയിട്ടുവാഴ്ച'യില്‍ രാഹുല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് എംഎല്‍എ ആയി.
പാലക്കാട്ടെ വന്‍ വിജയത്തോടെ വി.ഡി. സതീശന്റെ ടീമില്‍ പാര്‍ട്ടിയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന യുവതുര്‍ക്കികളുടെ കടിഞ്ഞാണ്‍ രാഹുലിന്റെ കൈവശമെത്തി. 'ഹൃദയം കീഴടക്കിയ സമരനായകന്‍' എന്നായിരുന്നു വി.ഡി. സതീശന്‍ രാഹുലിനെ വിശേഷിപ്പിച്ചത്.
സോഷ്യല്‍ മീഡിയ ബൂമറങ്ങായി
രാഹുലിനെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ച സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ തന്നെ അദ്ദേഹത്തിന് വിനയായി. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കാലം മുതല്‍ സോഷ്യല്‍ മീഡിയയെ സമര്‍ത്ഥമായി ഉപയോഗിച്ച് ഫെനി നൈനാനെപ്പോലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ രാഹുല്‍ സൈബര്‍ ലോകം 'രാഹുല്‍ മയ'മാക്കി. 'ജെന്‍ സി' ലുക്കുകളും ഫാഷന്‍ രീതികളും യുവഹൃദയങ്ങളില്‍ രാഹുലിന് വലിയ സ്വാധീനം നല്‍കി.
രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വളമേകിയ സോഷ്യല്‍ മീഡിയയിലെ വഴിവിട്ട ചാറ്റുകളും ഇടപെടലുകളുമാണ് ഒടുവില്‍ ലൈംഗികാരോപണ കേസുകളിലേക്ക് നയിച്ചത്. ആരോപണം ഉയര്‍ന്നതോടെ പ്രതിരോധത്തിനുള്ള എല്ലാ വഴികളും അടഞ്ഞു. കോടതി മുന്‍കൂര്‍ ജാമ്യം തള്ളി, പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. വളര്‍ച്ചയില്‍ താങ്ങും തണലുമായി നിന്നവര്‍ക്ക് പോലും നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
കോടതിയും പാര്‍ട്ടിയും കയ്യൊഴിഞ്ഞതോടെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഉടന്‍ സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഉപയോഗിച്ച അതേ ഡിജിറ്റല്‍ മാധ്യമം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പതനത്തിന് കാരണമായി.




