തിരുവനന്തപുരം: വീണ്ടും തീവണ്ടി ക്രൂരത. വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് യുവതിയെ തള്ളിയിട്ടത്. തിരുവനന്തപുരം സ്വദേശിയായ 19-കാരിക്ക് ഗുരുതര പരിക്കേറ്റു. തലയ്ക്കും കൈകാലുകള്‍ക്കുമാണ് പരിക്ക്. അതിഗൂരുതരമാണ് പരിക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളി ഇടുകയായിരുന്നു. മദ്യപിച്ച് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ആളാണ് പ്രശ്‌നമുണ്ടാക്കിയത്. പ്രതിയെ പിന്നീട് കൊച്ചുവേളിയില്‍ വച്ച് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട പനച്ചുമൂട് സ്വദേശി സുരേഷ് കുമാറാണ് അറസ്റ്റിലായത്. ബാത്‌റൂമില്‍ നിന്ന് പുറത്ത് വരുമ്പോഴായിരുന്നു അതിക്രമം. രണ്ട് യുവതികള്‍ക്ക് നേരെയായിരുന്നു പ്രതിയുടെ ആക്രമണം. പാലോട് സ്വദേശിനി സോനയാണ്(19) തീവണ്ടിയില്‍ നിന്നും വീണത്.

ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കേരള എക്‌സ്പ്രസിലാണു സംഭവം. ഞായറാഴ്ച രാത്രി 8.30ന് ആണു സംഭവം. ട്രെയിന്‍ വര്‍ക്കല സ്റ്റേഷനില്‍ എത്തിയപ്പോള്‍ സുരേഷ് ജനറല്‍ കംപാര്‍ട്‌മെന്റില്‍ കയറി. സുരേഷ്‌കുമാര്‍ മദ്യലഹരിയില്‍ പെരുമാറിയത് സോനയും സുഹൃത്തും ചോദ്യം ചെയ്തു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ട്രെയിന്‍ വര്‍ക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ അയന്തി പാലത്തിനു സമീപം എത്തിയപ്പോള്‍, പ്രകോപിതനായ സുരേഷ്‌കുമാര്‍ സോനയെ പുറത്തേക്ക് ചവിട്ടി തെറിപ്പിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.

ട്രാക്കിനു പുറത്തേക്കു വീണ സോനയെ ആംബുലന്‍സില്‍ വര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. യുവതിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന് ദൃക്സാക്ഷിയായ സഹയാത്രിക വ്യക്തമാക്കി. വാതിലില്‍ പിടിച്ചു നിന്നതിനാല്‍ താന്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്നും പ്രകോപനം ഇല്ലാതെയായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു.

ട്രെയിനിലെ യാത്രക്കാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്പിച്ചത്. പിന്നീട് എത്തിയ മെമു തീവണ്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവതിയെ ആദ്യം വര്‍ക്കല ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മെഡിക്കല്‍ കോളേജിലും.