കൊച്ചി: എല്ലാവരും ആദ്യം വീഴുമെന്ന് പ്രതീക്ഷിച്ചത് രഞ്ജിത്തിന്റെ വിക്കറ്റായിരുന്നു. എന്നാല്‍ വീണത് അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖും. താമസിയാതെ രഞ്ജിത്തും രാജിവയ്ക്കും. മൂന്നാം വിക്കറ്റ് ആരുടേതാണ്? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, നിരവധി അഭിനേത്രിമാരാണ് തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. സിനിമാ ഷൂട്ടിങ്ങിനിടെ, തനിക്കുണ്ടായ മോശം അനുഭവം വിവരിച്ച് നടി സോണിയ മല്‍ഹാറും രംഗത്തെത്തിയിരുന്നു. എന്നാല്‍ അവര്‍ നടന്റെ പേര് പറഞ്ഞിട്ടില്ല. പേരു പറഞ്ഞാല്‍ അതാകും മൂന്നാം വിക്കറ്റ്.

2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വെച്ചാണ് സൂപ്പര്‍സ്റ്റാറിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റില്‍ പോയി തിരികെവരുന്ന വഴി സൂപ്പര്‍സ്റ്റാര്‍ കടന്നുപിടിച്ചുവെന്ന് അവര്‍ പറഞ്ഞു. അദ്ദേഹത്തെ വളരെയേറെ ആരാധിച്ച ആളായിരുന്നുവെന്നും അങ്ങനെ ഒരാളില്‍ നിന്നും ഇതുണ്ടായപ്പോള്‍ പേടിച്ചുപോയി എന്നും അവര്‍ പറഞ്ഞു. എന്നാല്‍ മലയാളി പൊതുവേ പറയുന്ന സൂപ്പര്‍ താര ചിത്രങ്ങളിലൊന്നും സോണിയ മല്‍ഹാര്‍ അക്കാലത്ത് അഭിനയിച്ചിരുന്നില്ലെന്നാണ് അവര്‍ അഭിനയിച്ച സിനിമകളുടെ പട്ടിക പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. എന്നാല്‍ സൂപ്പര്‍താരങ്ങളായി കരുതാവുന്ന മറ്റു ചിലര്‍ ഈ നടിയുടെ ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.

അയാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാള്‍ മറുപടി പറഞ്ഞതെന്നും നടി വ്യക്തമാക്കി. സിനിമയിലൊരുപാട് അവസരം തരാം എന്ന് പറഞ്ഞുവെന്നും സോണിയ പറഞ്ഞു. തനിക്കിപ്പോള്‍ കേസിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയോ മനസികാവസ്ഥയോ ഇല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സോണിയയുടെ മൊഴിയില്‍ പൊതു സമൂഹം പിന്തുണ നല്‍കുമോ എന്നതാണ് നിര്‍ണ്ണായകം. ആ നടന്റെ പേര് സോണിയ തുറന്നു പറഞ്ഞാല്‍ അതും സിനിമാ ലോകത്തിന് വെല്ലുവിളിയാകും.

സോണിയ മല്‍ഹാര്‍ പറഞ്ഞത്:

2013 -ല്‍ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു. എന്റെ ഭര്‍ത്താവാണ് ട്രെയിന്‍ കയറ്റിവിട്ടത്. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റില്‍ പോയി തിരികെവരുന്ന വഴി ഈ സൂപ്പര്‍സ്റ്റാര്‍ കയറിപിടിച്ചു. ആദ്യമായാണ് അയാളെ കാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു.

ഞാനാദ്യം പേടിച്ചുപോയി. ഞാന്‍ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാന്‍ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. ആ ഒരു നിമിഷത്തില്‍ അങ്ങനെ തോന്നി എന്നും പറഞ്ഞു, പിന്നീട് ക്ഷമ ചോദിച്ചു. അദ്ദേഹമെന്നോട് മാപ്പുപറഞ്ഞു.

ഞാന്‍ ആളുടെ പേര് പറയുന്നില്ല. അയാളിപ്പോള്‍ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇതറിഞ്ഞ് അവര്‍ക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനുപിറകേ എനിക്ക് നടക്കാന്‍ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാന്‍ പറ്റില്ലെന്നുതോന്നി. ഒരാളെ പെര്‍മിഷന്‍ ഇല്ലാതെ കയറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങള്‍ക്കുളളത്. താല്‍പര്യത്തിന്റെയും ആഗ്രഹത്തിന്റെയും പുറത്താണ് അഭിനയിക്കാന്‍ പോകുന്നത്.

ഇപ്പോഴും സെറ്റിലേക്ക് പോകാന്‍ ഭയമാണ്. ഒപ്പം ആരെങ്കിലും ഇല്ലാതെ പോകാറില്ല. ഞാന്‍ സംഘടനകളിലൊന്നുമില്ല. പല സിനിമകളില്‍ നിന്നും മാറ്റപ്പെട്ടിട്ടുണ്ട്. എനിക്കിപ്പോള്‍ കേസിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയോ മാനസികാവസ്ഥയോ ഇല്ല.