- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോനുവിനെ ചവിട്ടി താഴെയിട്ടതു കണ്ടു തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നെയും തള്ളിയിടാന്‍ ശ്രമിച്ചു; ചവിട്ടുപടിയില്‍ പിടിച്ചു നിന്നതു കൊണ്ടും മറ്റു യാത്രക്കാര്‍ ഇടപെട്ടതു കൊണ്ടും താഴെ വീഴാതിരുന്നു; അപായ ചങ്ങലയില്‍ രക്ഷാപ്രവര്‍ത്തനം; മെമുവില്‍ ആശുപത്രിയിലേക്ക്; കേരളത്തിലെ തീവണ്ടി യാത്ര സുരക്ഷിതമല്ല; ജനറല്‍ കോച്ചില്‍ എന്തും നടക്കും
തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ സംബന്ധിച്ച വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് വര്‍ക്കലയില്‍ ഉണ്ടായ ആക്രമണം. ഷൊര്‍ണൂരില്‍ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിനു സമാനമായ ആക്രമണമാണ് ഇന്നലെയും ഉണ്ടായത്.
മദ്യപിച്ച് ആര്‍ക്കും തീവണ്ടിയില്‍ യാത്ര ചെയ്യാം. ചോദിക്കാനും പറയാനും ആരുമില്ല. സാമൂഹിക വിരുദ്ധര്‍ തീവണ്ടിയില്‍ കയറുന്നത് തടയാന്‍ ആരും ഒന്നും ചെയ്യുന്നില്ല. തീവണ്ടിയിലെ പോലീസ് റോന്ത് ചുറ്റലും പേരിന് മാത്രമാകുന്നു. ഇതാണ് വര്‍ക്കലയിലെ ക്രൂരതയ്ക്ക് കാരണം. ജനറല്‍ കോച്ചുകളില്‍ ഒരു സുരക്ഷാ പരിശോധനയും നടക്കുന്നില്ല. പല തീവണ്ടിയിലും ആള്‍ക്കൂട്ടമാണ് ജനറല്‍ കോച്ചുകളില്‍. ജനറല്‍ കോച്ച് യാത്രയ്ക്കിടെയാണ് സോനയെന്ന യുവതിയ്ക്കും ആക്രമണം നേരിടുന്നത്.
'സോനുവിനെ ചവിട്ടിത്താഴെയിട്ടതു കണ്ടു തടയാന്‍ ശ്രമിച്ചപ്പോഴാണ് എന്നെയും തള്ളിയിടാന്‍ ശ്രമിച്ചത്. ചവിട്ടുപടിയില്‍ പിടിച്ചുനില്‍ക്കാനായതുകൊണ്ടും മറ്റു യാത്രക്കാര്‍ ഇടപെട്ടതുകൊണ്ടുമാണ് താഴെ വീഴാതിരുന്നതെന്ന് സോനുവിനൊപ്പം ഉണ്ടായിരുന്ന സഹയാത്രിക അര്‍ച്ചന പറയുന്നു. വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരിയാണ് അര്‍ച്ചന. സോനുവിനെ തള്ളിയിടുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് അര്‍ച്ചനയെയും ആക്രമിച്ചത്. എറണാകുളത്ത് ഭര്‍ത്താവിന്റെ വീട്ടില്‍പോയി മടങ്ങുകയായിരുന്നു സോനു. സോനുവും അര്‍ച്ചനയും ഇന്നലെ ആലുവയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഒരുമിച്ചാണ് യാത്ര തുടങ്ങിയത്.
ട്രെയിനിന്റെ പുറകിലുള്ള ജനറല്‍ കോച്ചിലാണ് സംഭവം. കാര്യമായ പ്രകോപനമില്ലാതെയാണ് പ്രതി ആക്രമിച്ചതെന്ന് അര്‍ച്ചന പറയുന്നു. സോനുവിനെ തള്ളിയിട്ടപ്പോള്‍ ബഹളം വച്ചതിനാണ് തന്നെയും തള്ളിയിടാന്‍ ശ്രമിച്ചതെന്നും ചവിട്ടുപടിയില്‍ പിടിച്ചുനിന്ന തന്നെ, യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ ശേഷം രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അര്‍ച്ചന പറഞ്ഞു. ഈ സമയം അതുവഴി വന്ന മെമു തീവണ്ടിയില്‍ അതിവേഗം സോനയെ വര്‍ക്കലയില്‍ എത്തിച്ചു. പ്രതിയെ രക്ഷപ്പെടാനും അനുവദിച്ചില്ല.
അതേ സമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോനുവിന്റെ സിടി സ്‌കാന്‍ പരിശോധന നടത്തി. ആന്തരിക രക്തസ്രാവമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ആശ്വാസമാണ്. അറസ്റ്റിലായ പ്രതി സുരേഷ് കുമാറിന്റെ വൈദ്യ പരിശോധന നടത്തി. മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം ചുമത്തും. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനമായതെന്ന് സുരേഷ് കുമാര്‍ മൊഴി നല്‍കി. മദ്യലഹരിയിലുള്ള ഇയാള്‍ പല മൊഴിയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ രാവിലെ വിശദ ചോദ്യം ചെയ്യല്‍ നടത്തും.
വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളി ഇടുകയായിരുന്നു. മദ്യപിച്ച് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ആളാണ് പ്രശ്‌നമുണ്ടാക്കിയത്. പ്രതിയെ പിന്നീട് കൊച്ചുവേളിയില്‍ വച്ച് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട പനച്ചുമൂട് സ്വദേശി സുരേഷ് കുമാറാണ് അറസ്റ്റിലായത്. ബാത്‌റൂമില്‍ നിന്ന് പുറത്ത് വരുമ്പോഴായിരുന്നു അതിക്രമം. രണ്ട് യുവതികള്‍ക്ക് നേരെയായിരുന്നു പ്രതിയുടെ ആക്രമണം. യുവതിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന് അര്‍ച്ചന വ്യക്തമാക്കി.
വാതിലില്‍ പിടിച്ചു നിന്നതിനാല്‍ താന്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്നും പ്രകോപനം ഇല്ലാതെയായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു. ട്രെയിനിലെ യാത്രക്കാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്പിച്ചത്.




