- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വയനാട് സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവരില്‍ നിന്നും പണം തട്ടുന്നതായി പരാതി; 150 രൂപയുടെ ടിക്കറ്റിനു 200 രൂപ വാങ്ങി വെള്ളച്ചാട്ടം കാണിക്കാതെ പറ്റിക്കുന്നു; തട്ടിപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്നും ആരോപണം
വയനാട്: സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് വനസംരക്ഷണ സമിതിയുടെ വ്യാജപേരില്‍ പണപ്പിരിവ് നടത്തുന്നതായി പരാതി. വെള്ളച്ചാട്ടത്തിനു സമീപം ഡ്യൂട്ടിയിലുള്ള ടൂറിസം ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പണപ്പിരിവ് നടക്കുന്നതെന്നും ആരോപണം. വൈകിട്ട് അഞ്ചുമണിവരെയാണ് വെള്ളച്ചാട്ടം കാണാനുള്ള പ്രവേശനാനുമതി നല്‍കുന്നത്. 150 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. അനുമതി നല്‍കാത്ത ദിവസങ്ങളിലും നേരത്തെ പ്രവേശനം നിഷേധിക്കുന്ന അവസരങ്ങളിലും പ്രധാന കവാടങ്ങള്‍ക്കു സമീപം നില്‍ക്കുന്ന ചിലര്‍ വിനോദസഞ്ചാരികളെ മറ്റൊരു നല്ല സ്പോട്ട് കാണിച്ചു തരാമെന്ന വാഗ്ദാനം നല്‍കി വിളിച്ചു കൊണ്ടുപോകുകയാണ്.
ഒരാളുടെ പക്കല്‍നിന്നും 200 രൂപ ഈടാക്കിയ ശേഷം വെള്ളച്ചാട്ടം പോലും നല്ലരീതിയില്‍ കാണാനാകാത്ത സ്ഥലത്തു കൊണ്ടുപോയി പറ്റിക്കുകയാണെന്ന് വിനോദസഞ്ചാരികള്‍ പരാതിപ്പെടുന്നു. സര്‍ക്കാരിന്‍െ്റയോ മറ്റു സംഘടനയുടെയോ പേരില്ലാത്ത ഒരു ടിക്കറ്റാണ് 200 കൈപ്പറ്റി നല്‍കുന്നത്. ടൂറിസം വകുപ്പിലെ ചില പ്രാദേശിക ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ തട്ടിപ്പ് നടക്കുന്നതെന്നും പരാതിയുണ്ട്. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. പ്രവേശന നിരക്ക് വര്‍ധനയും വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചതും വിനോദസഞ്ചാര കേന്ദ്രമായ സൂചിപ്പാറയ്ക്ക് തിരിച്ചടിയായിരുന്നു.
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ ഒഴുകിയെത്തിയ ഉരുള്‍ സൂചിപ്പാറയിലൂടെയാണു ഒഴുകിയത്. എന്നാല്‍, ടൂറിസം കേന്ദ്രത്തിനു കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയ്ക്കു പോറല്‍ പോലും ഏറ്റില്ല. കൈവരിയും പടികളും നടപ്പാതകളും നവീകരിച്ചതിനു ശേഷമാണു കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്. സൂചിപ്പാറ വനസംരക്ഷണ സമിതിയുടെ കീഴിലാണു ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം.