പത്തനംതിട്ട: തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അന്വേഷണം പോലീസുകാരിലേക്കും നീളുന്നു. ഗുണ്ടകളും പോലീസിലെ ഒരു വിഭാഗവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. സ്പാ കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായി 'മാസപ്പടി' വാങ്ങുന്ന ഉദ്യോഗസ്ഥർ തിരുവല്ല സ്റ്റേഷനിലുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ലഭ്യമായ വിവരങ്ങൾ പ്രകാരം പീഡനം നടന്ന സ്പാ ഉൾപ്പെടെയുള്ള നഗരത്തിലെ സമാന കേന്ദ്രങ്ങളിൽ ചില പോലീസുകാർ നിത്യസന്ദർശകരായിരുന്നു. പ്രതികളായ ഗുണ്ടകൾക്ക് പോലീസിൽ നിന്ന് വഴിവിട്ട സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇത്തരമൊരു ക്രിമിനൽ സംഘത്തിന് നഗരത്തിൽ അഴിഞ്ഞാടാൻ പോലീസിന്റെ മൗനാനുവാദം ഉണ്ടായിരുന്നോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.

ഗുണ്ടാസംഘങ്ങളുമായുള്ള പോലീസിന്റെ വഴിവിട്ട ബന്ധം സേനയുടെ പ്രതിച്ഛായയെ ബാധിച്ച സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ കർശന ഇടപെടൽ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. സംഭവദിവസം പ്രതികളെ സഹായിച്ചവരും സ്പാ ഉടമകളുമായി വഴിവിട്ട ബന്ധമുള്ളവരും അന്വേഷണ പരിധിയിൽ വരും.

അതേസമയം, തിരുവല്ല നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സ്പായിൽ ഫെബ്രുവരി ഒന്നാം തീയതിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കാപ്പാ കേസ് പ്രതി മരണ സുബിനും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടു. 50,000 നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി.

പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കഴുത്തിൽ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്നായിരുന്നു ഗുണ്ടകളുടെ ഭീഷണി.

കേസ് എടുക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ഗുണ്ടകൾക്ക് ലഭിച്ചെന്നും ആക്ഷേപം ഉയർന്നു. എന്നാൽ ആരോപണം ജില്ലാ പൊലീസ് മേധാവി തള്ളി. കൃത്യമായ മൊഴിയും മറ്റ് തെളിവുകളും ലഭിച്ചതോടെ മൂന്നാം തീയതി എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ ആറ് പേരാണ് പ്രതികൾ.

സുബിൻ ഉൾപ്പെടെ മൂന്ന് പേര് ഇതുവരെ അറസ്റ്റിൽ ആയി. കൊടുംക്രിമിനിലാണ് മരണ സുബിൻ. പൊലീസുകാരെ സ്റ്റേഷനിൽ കയറി ആക്രമിച്ച കേസിലടക്കം പ്രതിയാണ്. ഈ അടുത്താണ് കാപ്പാ കേസിൽ ശിക്ഷ കഴിഞ്ഞു ജയിൽ മോചിതനായത്. പൊലീസ് രാഷ്ട്രീയ ഗുണ്ടാകൂട്ടുകെട്ടാണ് തിരുവല്ലയിൽ മരണ സുബിനെ പോലെയുള്ള കൊടുംക്രിമിനലുകൾക്ക് പിന്തുണയേകുന്നതെന്ന് ആരോപണം ഉയർന്നു. ഈ കേസിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്.