- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ഒരു വര്‍ഷം മുന്‍പ് വിവാഹം; എറണാകുളത്തുള്ള ഭര്‍ത്താവിനെ കണ്ട് മടങ്ങവേ ആക്രമണത്തിന് ഇരയായി; പ്രാരബ്ധങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന ശ്രീക്കുട്ടിയെ തേടി അപ്രതീക്ഷിത ദുരന്തം; ട്രെയിനില്‍ നിന്നുള്ള വീഴ്ച്ചയില്‍ തലച്ചോറിന് പരിക്കേറ്റു; അപകട നില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
ഒരു വര്‍ഷം മുന്‍പ് വിവാഹം; എറണാകുളത്തുള്ള ഭര്‍ത്താവിനെ കണ്ട് മടങ്ങവേ ആക്രമണത്തിന് ഇരയായി
തിരുവനന്തപുരം: പ്രാരബ്ധങ്ങള്‍ക്കിടയിലാണു ശ്രീക്കുട്ടിയുടെ ജീവിതം. അതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തവും അവരെ തേടി എത്തുന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഭര്‍ത്താവ് എറണാകുളത്താണ്. ഭര്‍ത്താവിനെ കണ്ട് മടങ്ങുമ്പോഴാണ് ശ്രീക്കുട്ടി ആക്രമണത്തിന് ഇരയായത്. മാതാവ് പ്രിയദര്‍ശിനി ബെംഗളൂരുവില്‍ ജോലിക്കു പോയതോടെ ശ്രീക്കുട്ടി പുലിയൂരില്‍ മുത്തശ്ശി ഗിരിജയോടൊപ്പമാണ്. ലൈഫ് ഭവനപദ്ധതിയില്‍ ലഭിച്ച വീട് പണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്. കുടുംബത്തിന്റെ ദരിദ്രാവസ്ഥയില്‍ നിന്നും മോചിതരാകാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്.
ആക്രമണത്തിന് ഇരയായ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍ അറിയിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. ന്യൂറോ ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ചികിത്സയാണ് നിലവില്‍ നല്‍കുന്നത്. തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറില്‍ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളതെന്നും വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നല്‍കുന്നുണ്ടെന്നും ഡോ. ജയചന്ദ്രന്‍ പ്രതികരിച്ചു.
ചികിത്സയില്‍ തൃപ്തയല്ലെന്ന് യുവതിയുടെ അമ്മയുടെ മാതാവ് പറഞ്ഞിരുന്നു. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നതെന്നും എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ ചവിട്ടി പുറത്തേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മരണത്തോട് മല്ലിടുകയാണ്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍, പ്രതിയായ പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയില്‍ കുറ്റം സമ്മതിച്ചു കഴിഞ്ഞു. ജീവന് വേണ്ടി പോരാടുന്ന ഈ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ നാട് ഒന്നടങ്കം ആഗ്രഹിക്കുന്നു.
കഴിഞ്ഞ രാത്രി കേരള എക്‌സ്പ്രസിലെ യാത്രയ്ക്കിടെയാണ് പത്തൊമ്പതുകാരിയെ സഹയാത്രികന്‍ തള്ളിയിട്ടത്. ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. വാതില്‍ക്കല്‍ നിന്ന് മാറാത്തതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെണ്‍കുട്ടിയെ പിന്നില്‍ നിന്നും തള്ളിയിട്ടതെന്നാണ് എഫ്‌ഐആര്‍. ശ്രീക്കുട്ടിയും സുരേഷും തമ്മില്‍ വാക് തര്‍ക്കമുണ്ടായെന്നും സൂചനയുണ്ട്.
പെണ്‍കുട്ടിയെ ചവിട്ടി പുറത്തിട്ട കേസിലെ പ്രതി സുരേഷ്‌കുമാര്‍ പറഞ്ഞ നുണകള്‍ റെയില്‍വേ പൊലീസിനെ ഒന്നരമണിക്കൂര്‍ ചുറ്റിച്ചു. പിടിയിലായപ്പോള്‍ കുറ്റം നിഷേധിച്ച സുരേഷ്, പെണ്‍കുട്ടിയെ തള്ളിയിട്ടതു ബംഗാളിയാണെന്നും അയാളെ കണ്ടാല്‍ അറിയാമെന്നും പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു. മദ്യപിച്ചിട്ടില്ലെന്നായിരുന്നു രണ്ടാമത്തെ കള്ളം. മദ്യപിച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടും സുരേഷ് സമ്മതിച്ചില്ല.
ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിടുന്നത് യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ആ ദൃശ്യം കണ്ടെന്നും പൊലീസ് അറിയിച്ചതോടെ സുരേഷ് അങ്കലാപ്പിലായി. ട്രെയിനില്‍ ശ്രീക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അര്‍ച്ചന, പ്രതിയുടെ ചിത്രം ഫോണില്‍ കണ്ട് തിരിച്ചറിഞ്ഞതോടെയാണു സുരേഷ് കുറ്റം സമ്മതിച്ചത്. അപ്പോഴും പെണ്‍കുട്ടി പ്രകോപനം ഉണ്ടാക്കിയെന്നു കള്ളം പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചു. കോച്ചിനുള്ളില്‍ വഴി തടസ്സപ്പെടുത്തിനിന്ന പെണ്‍കുട്ടിയോടു മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തട്ടിക്കയറിയെന്നും തുടര്‍ന്നാണു ചവിട്ടിയതെന്നും സുരേഷ് പറഞ്ഞു.
ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിട്ടതിനു പിന്നാലെ യാത്രക്കാരാണു സുരേഷിനെ തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്. അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. വാതില്‍പിടിയില്‍ തൂങ്ങിക്കിടന്ന അര്‍ച്ചനയെ മറ്റു യാത്രക്കാരാണു രക്ഷിച്ചത്. കൊച്ചുവേളി സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ സുരേഷിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പേട്ട പൊലീസിനു കൈമാറി.
സുരേഷ് ഏത് സ്റ്റേഷനില്‍നിന്നാണു ട്രെയിനില്‍ കയറിയത് എന്നതില്‍ അവ്യക്തത തുടരുകയാണ്. കോട്ടയത്തുനിന്നു കയറിയെന്നാണു പ്രതിയുടെ മൊഴി. എന്നാല്‍, ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്നു സ്ഥിരീകരിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. റെയില്‍വേ സ്റ്റേഷന്റെ നാഗമ്പടം ഭാഗത്തു സിസിടിവി ഇല്ലാത്തതും അന്വേഷണത്തിനു തടസ്സമായി. മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
സമൂഹമാധ്യമങ്ങളിലെ വീഡിയോ കണ്ടാണ് മകള്‍ക്ക് അപകടം പറ്റിയെന്ന വിവരം മാതാവ് പ്രിയദര്‍ശിനി അറിഞ്ഞത്. ബെംഗളൂരുവിലെ ജോലിസ്ഥലത്തുനിന്നാണ് ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ എത്തിയത്. സഹോദരി മിനിക്കൊപ്പമാണു പ്രിയദര്‍ശിനി ആശുപത്രിയിലെത്തിയത്. ആരും സഹായിക്കാനില്ലെന്നും അവര്‍ പറഞ്ഞു. വിവരം അറിഞ്ഞത് വാര്‍ത്തകളിലൂടെയാണെന്നു മുത്തശ്ശി ഗിരിജ പറഞ്ഞു.
നിര്‍ധനകുടുംബമാണെന്നും അടിയന്തരചികിത്സ നല്‍കണമെന്നും ആശുപത്രിയില്‍ എത്തിയ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ രാജീവ് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം. എന്നാല്‍, തലയിലെ പരുക്കുകള്‍ ഭേദപ്പെട്ടു തുടങ്ങിയാല്‍ മാത്രമേ പുരോഗതി പറയാനാവൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.




