തിരുവനന്തപുരം: മഹാകുംഭമേളയില്‍ പോയെങ്കിലും കുളിക്കാന്‍ താല്‍പര്യം തോന്നിയില്ലെന്ന് ഫുട്ബോളര്‍ സി.കെ വിനീത്. വലിയ സംഭവമാണെന്ന് വിചാരിച്ച് പോയിട്ട് പി.ആര്‍ വര്‍ക്ക് മാത്രമാണ് കണ്ടതെന്ന് സി.കെ വിനീത് വിമര്‍ശിച്ചു. വിനീതിന്റെ വിമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്തുവന്നു.

സി.കെ വിനീതിന്റെ വാക്കുകള്‍-''കുംഭമേള ഭയങ്കര സംഭവമാണ് എന്ന് വിചാരിച്ചിട്ടാണ് അങ്ങോട്ടേക്ക് പോയത്. എന്റെ എക്സ്പീരിയന്‍സില്‍ കുംഭമേള ഭയങ്കര സംഭവമല്ല. വലിയ ആള്‍ക്കൂട്ടമാണത്. വിശ്വാസികള്‍ക്ക് പലതും ചെയ്യാനുണ്ടാകും. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാന്‍ താല്‍പര്യമില്ല. ചൊറിവന്നിട്ട് തിരിച്ചു വരാനും താല്‍പര്യമില്ല. കുംഭമേളയില്‍ ഞാന്‍ കണ്ടത്, ഒരു ഭാഗത്ത് നാഗസന്യാസിമാരെയും മറ്റൊരു ഭാഗത്ത് കുളിക്കാന്‍ വന്ന ജനങ്ങളെയും അവരുടെ ജീവിതരീതിയുമാണ്.

മറ്റൊരു വിഭാഗം എന്നുപറയുന്നത് 40 കോടിയോളം ആളുകള്‍ വരുമെന്ന് അറിഞ്ഞിട്ട് അവരെ ഉപജീവന മാര്‍ഗമാക്കിയവരാണ്. അവരാണ് എന്നെ ആകര്‍ഷിച്ചത്. ഇത്രയും ആളുകള്‍ വരാന്‍ വേണ്ടിയുള്ള പിആര്‍ വര്‍ക്ക് അവര്‍ ചെയ്തിട്ടുണ്ട്. അവരെ ഉള്‍ക്കൊള്ളാനുള്ള ഒരു സൗകര്യവും ചെയ്തിട്ടില്ല. വിശ്വാസികള്‍ ഞാന്‍ ഈ പറയുന്നത് എതിര്‍ക്കും. അവര്‍ നരേന്ദ്ര മോദി കീ ജയ്, യോഗീ കീ ജയ് എന്നേ പറയൂ.

അതേസമയം കുംഭമേളയ്‌ക്കെതിരെ വിമര്‍ശനം നടത്തിയ ഫുട്ബോളര്‍ സി.കെ വിനീതിന് വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കരും രംഗത്തുവന്നു. കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടതാണ് വിനീതിന്റെ പരിഹാസത്തിന് പിന്നിലെന്ന് ശ്രീജിത്ത് പരിഹസിച്ചു. വിനീത് ആമയിഴഞ്ചാന്‍ തോടിനെ കുറിച്ച് മനസിലാക്കുന്നത് നന്നായിരിക്കുമെന്നും ശ്രീജിത്ത് കുറിച്ചു.

ശ്രീജിത്ത് പണിക്കര്‍ എഴുതിയത്: ''കുംഭ്‌മേള വലിയ സംഭവം ആണെന്നു ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞ ഒരു മുന്‍ ഫുട്‌ബോളര്‍ ദാ ഒരു പരസ്യവേദിയില്‍ വന്നിരുന്നു പറയുന്നു, കുംഭ്‌മേള ഒരു വലിയ സംഭവം ഒന്നുമല്ല, വെറും ആള്‍ക്കൂട്ടം മാത്രമാണെന്ന്. വിശ്വാസം ഉള്ളവര്‍ക്ക് അവിടെ പോയി, വേണമെങ്കില്‍ അമൃതസ്‌നാനം ചെയ്യാവുന്നതാണത്രേ. അല്ലാതെ വേറൊന്നും അവിടെ ചെയ്യാനില്ലെന്ന്.സ്‌നാനത്തിന് അല്ലാതെ കുംഭ്‌മേള പിന്നെ എന്തിനുള്ളതാണ് ചേട്ടാ? വീഗാലാന്‍ഡ് ആണെന്ന് കരുതിയാണോ ചേട്ടന്‍ അങ്ങോട്ട് വണ്ടി കയറിയത്? ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ തളത്തില്‍ ദിനേശന്റെ ആരാണ് ചേട്ടാ അങ്ങ്?ചേട്ടന്‍ ബാക്കി പറയുന്നതെല്ലാം രാഷ്ട്രീയമാണ്.

കേന്ദ്രസര്‍ക്കാരിനെ കൊട്ടാന്‍ കിട്ടുന്ന അവസരമൊന്നും ചേട്ടന്‍ കളയാറില്ല.ഗംഗയില്‍ മുങ്ങി ചൊറി പിടിക്കേണ്ട എന്ന് കരുതി ചേട്ടന്‍ അവിടെ മുങ്ങിയില്ലത്രേ. എന്തായാലും കേന്ദ്രസര്‍ക്കാര്‍ ജോലി ഉണ്ടായിട്ടും അതിന് കൃത്യമായി പോകാതെ മുങ്ങിനടന്നതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ 'ചൊറി' ചേട്ടന് ഇതുവരെയും മാറിയിട്ടില്ല.അഭയം കൊടുത്ത കെ-ഭൂതനെ പാടിപ്പുകഴ്ത്താന്‍ ചേട്ടന് മടിയും ഇല്ല. എന്തായാലും ഭൂതന്റെ വീടിന്റെ തൊട്ടടുത്തുള്ള ആമയിഴഞ്ചാന്‍ തോടിനെ കുറിച്ച് ചേട്ടന്‍ ഒന്ന് മനസിലാക്കുന്നത് നന്നായിരിക്കും. ചേട്ടന്‍ പറഞ്ഞ മാതിരി വെള്ളത്തില്‍ മുങ്ങി ചൊറി പിടിക്കുകയല്ല, ജീവന്‍ നഷ്ടപ്പെട്ട മലയാളി ഉണ്ട് ചേട്ടാ ഇവിടെ. പേര് ജോയി.കേരളാ, സാര്‍... 100% ലിറ്ററസി, സാര്‍!''

വിനീതിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിട്ടുണ്ട്. എന്തിനാണ് കുംഭമേളയില്‍ പോയതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. അതേസമയം മഹാകുഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ഇന്റര്‍നെറ്റില്‍ വില്‍ക്കുകയും ചെയ്തതിന് രണ്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.

സ്ത്രീകള്‍ സ്‌നാനം ചെയ്യുന്നതിന്റെയും വസ്ത്രം മാറുന്നതിന്റേയും വിഡിയോകളാണ് അപ്ലോഡ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു.