തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കുരുക്ക് മുറുകി. ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിന് എതിരെ പരാതി നല്‍കി. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.

അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വെച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിലുണ്ട്. രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നല്‍കിയിരിക്കുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കുന്നതിനായി തന്നെ ക്ഷണിച്ചിരുന്നു. സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റിലേക്ക് തന്നെ വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് തന്റെ കയ്യില്‍ പിടിച്ചു. പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കൈ കൊണ്ടുപോയി. ഇതേ തുടര്‍ന്ന് താന്‍ അവിടെ നിന്ന് രക്ഷപ്പെട്ട് താന്‍ താമസിക്കുന്ന ഫ്‌ലാറ്റിലേക്ക് പോയി. ഈ ദുരനുഭവും അടുത്ത ദിവസം ഞാന്‍ തിരക്കഥാകൃത്ത് ജോഷി ജോസഫിനെ അറിയിച്ചു. തനിക്ക് മടക്ക യാത്രക്ക് വിമാന ടിക്കറ്റ് പോലും നല്‍കിയില്ല. ഇതേ തുടര്‍ന്ന് സംവിധായകന്‍ ജോഷി ജോസഫിന്റെ സഹായം തേടാന്‍ നിര്‍ബന്ധിതയായി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 ബി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണ് രഞ്ജിത്തില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള ആളായതിനാല്‍ രഞ്ജിത്തിനെതിരെ തുടര്‍നിയമനടപടികള്‍ സ്വീകരിക്കാന്‍ അന്ന് തനിക്ക് സാധിച്ചിരുന്നില്ല.

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെ താന്‍ തന്റെ ദുരനുഭവം മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. രഞ്ജിത്ത് നിര്‍ണായകമായ അധികാര പദവിയിലിരിക്കുന്ന ആളായതിനാല്‍ തന്റെ തുറന്നു പറച്ചില്‍ കേരളത്തില്‍ വ്യാപകമായി ചര്‍ച്ചയായി. സുപ്രീംകോടതി വിധിപ്രകാരം ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാല്‍ രഞ്ജിത്തിന്റെ പെരുമാറ്റത്തില്‍ രേഖാമൂലം പരാതി വേണ്ടെന്നാണ് താന്‍ മനസിലാക്കിയത്.

എന്നാല്‍ തന്റെ വെളിപ്പെടുത്തലില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതി വേണമെന്ന അധികാര പദവിയിലുള്ളവരുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതിനാലാണ് ഇ മെയില്‍ മുഖാന്തിരം ഇപ്പോള്‍ പരാതി നല്‍കുന്നത്. ഈ മെയില്‍ പരാതിയായി പരിഗണിച്ച് നിലവിലെ നിയമ പ്രകാരം അതിക്രമകാരിക്കെതിരെ ക്രിമിനല്‍ നിയമ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസമാണ് നടി വെളിപ്പെടുത്തിയത്. 'പാലേരിമാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും അവര്‍ പറഞ്ഞു. കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേത്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം എന്നാണ് നടി വെളിപ്പെടുത്തിയത്.