തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ കൈവശമുള്ളവരെ വല്ലാതെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റിലുള്ളത്. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തവര്‍ മിക്കപ്പോഴും സെക്കന്‍ഡ് ഹാന്‍ഡ് കാറുകളെ ആണ് ആശ്രയിക്കാറുള്ളത്.

പഴക്കം ചെന്ന വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങളുടെയും മോട്ടോര്‍ കാറുകളുടെയും നികുതിയിലാണ് മാറ്റം വരുത്തുന്നത്. 55 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ നോട്ടമിടുന്നത്. എന്നാല്‍, കോട്ടം സാധാരണക്കാര്‍ക്കാണ്. യൂസ്ഡ് കാര്‍, പ്രീ ഓണ്‍ഡ് കാര്‍ വിപണിക്കും ക്ഷീണമുണ്ടാകും.

ബജറ്റ് പ്രഖ്യാപനം ആഴ്ച തോറും കാര്‍ മാറുന്നവരെയല്ല ബാധിക്കുന്നതെന്നും, സാധാരണക്കാരെ ആണെന്നുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും നടക്കുന്നു. സ്വന്തമായി ഒരു കാര്‍, അത് പഴയതെങ്കിലും സ്വപ്‌നം കണ്ട് നടക്കുന്നവരുടെ വയറ്റത്തടിക്കുകയാണ് ധനമന്ത്രി ചെയ്തതെന്നാണ് വിമര്‍ശനം. തീര്‍ച്ചയായും ധനമന്ത്രിക്ക് വാദിച്ചുജയിക്കാന്‍ പോയിന്റുകളുണ്ട്.

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ സ്‌ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്താന്‍ നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

2021ലെ എം വി ഡിയുടെ കണക്ക് പ്രകാരം കേരളത്തില്‍, 15 വര്‍ഷത്തിലേറെ പഴക്കമുള്ള 21 ലക്ഷത്തിലേറെ വാഹനങ്ങള്‍ ഉണ്ടായിരുന്നു. ഇവയില്‍ എത്രയെണ്ണം ഈ നാലുവര്‍ഷത്തിനിടെ പൊളിച്ചുവെന്ന് വ്യക്തമല്ല. പലരുടെയും കൈവശം ഇത്തരം വാഹനങ്ങള്‍ ഉണ്ടാകാമെങ്കിലും ഉപയോഗിക്കുന്നുണ്ടാവണം എന്നും ഇല്ല. പഴയ കാറിനോടുള്ള വൈകാരിക അടുപ്പം കൊണ്ട് വിറ്റ് കളയാത്തവരും ഉണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പൊളിക്കല്‍ നയം പ്രഖ്യാപിച്ചപ്പോള്‍ മലിനീകരണ പ്രശ്‌നമാണ് മുഖ്യമായി ഉന്നയിച്ചത്. അന്ന് കാര്‍ നിര്‍മ്മാതാക്കളെ സഹായിക്കാനാണ് തീരുമാനമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. വിശേഷിച്ചും കോവിഡിന് ശേഷം വില്‍പ്പന പ്രശ്‌നം നേരിട്ടിരുന്ന കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കൈത്താങ്ങാവാന്‍. പുതിയ കാറുകളേക്കാള്‍, യൂസ്ഡ് കാറുകളാണ് സംസ്ഥാനത്തെ വിപണിയില്‍ വിറ്റുവരുന്നത്.

യൂസ്ഡ് കാര്‍ വിപണിക്ക് തിരിച്ചടിയാകുമോ?

കോവിഡ് കാലത്ത് യൂസ്ഡ് കാറുകള്‍ക്ക് ആവശ്യക്കാരേറിയിരുന്നു. ആളുകള്‍ പൊതു വാഹനങ്ങളെ ആശ്രയിക്കുന്നത് കുറച്ചതും ലോക്ക്ഡൗണില്‍ വാഹന സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നതുമെല്ലാം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ ഉയരാന്‍ കാരണമായി. എന്നാല്‍, 2021ല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസ് എട്ടിരട്ടിയായി ഉയര്‍ത്തിയത് വലിയ തിരിച്ചടിയായിരുന്നു.

ധനമന്ത്രി വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ ആകട്ടെ 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍, സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും, മോട്ടോര്‍ കാറുകളുടെയും നികുതിയില്‍ 50% വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ നികുതിയിനത്തില്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ വാര്‍ഷിക വരുമാനം 110 കോടി രൂപയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച 50% നികുതി വര്‍ധനവിലൂടെ പ്രതിവര്‍ഷം 55 കോടി രൂപയുടെ അധിക നികുതി വരുമാനം സര്‍ക്കാരിന് ലഭ്യമാകും. ഇലക്ട്രിക് വാഹനങ്ങള്‍, 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ എന്നിവയുടെ നികുതി വര്‍ധനയിലൂടെ മാത്രം പ്രതിവര്‍ഷം സംസ്ഥാന സര്‍ക്കാരിന് 85 കോടി രൂപയാണ് അധിക നികുതി വരുമാനമായി ലഭിക്കുന്നത്. അതേ സമയം, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേജ് ക്യാരേജുകളുടെ നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

നിര്‍മാണവര്‍ഷം, ഓടിയ ദൂരം, എത്രാമത്തെ ഉടമസ്ഥത, നിലവിലുള്ള അവസ്ഥ എന്നിവയാണ് യൂസ്ഡ് കാറിന്റെ വിലയുടെ അടിസ്ഥാനം. യൂസ്ഡ്കാര്‍ വിപണിയില്‍ ഇനി പഴക്കം കുറഞ്ഞ കാറുകള്‍ക്കു മുന്‍പുള്ളതിനെക്കാള്‍ വില നല്‍കേണ്ടി വരും. എന്നാല്‍ 'പ്രായമായ' കാറുകള്‍ക്ക് വില കുറയുകയും ചെയ്യാം. 50 ശതമാനം നികുതി വര്‍ദ്ധനവില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ ധനമന്ത്രി എന്തെങ്കിലും ഇളവ് വരുത്തുമോ എന്ന് കണ്ടറിയേണ്ടി വരും. കാരണം ഖജനാവിലെ കമ്മി കാരണം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വിഷമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്

അധികമായി കിട്ടുന്ന 85 കോടി സ്വര്‍ഗ്ഗം തന്നെയാണ്.