- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടുജീവിതത്തിലെ പൃഥ്വിയോ കാതലിലെ മമ്മൂട്ടിയോ? ഉര്‍വ്വശിയോ പാര്‍വതിയോ അനശ്വരയോ? ചലച്ചിത്ര പുരസ്കാര മത്സരം സീനിയേഴ്സും ജൂനിയേഴ്സും തമ്മില്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇക്കുറി ആരൊക്കെ സ്വന്തമാക്കും? സ്ക്രീനിങ് പുരോഗമിക്കുന്നതിനിടെ, മത്സരം മുറുകുന്നതിന്റെ സൂചനകളും പുറത്തുവന്നു. ആടുജീവിതത്തിലെ മികവിന് പൃഥ്വിയോ, കാതലിലെ ക്യത്യതയ്ക്ക് മമ്മൂട്ടിയോ? പാര്‍വതി തിരുവോത്തോ, ഉര്‍വശിയോ മികച്ച നടി? ഇവര്‍ക്കൊപ്പം മറ്റുചില അഭിനേതാക്കള്‍ കൂടി മത്സരത്തില്‍ ചേരുമ്പോള്‍, ആരാകും പുരസ്കാര ജേതാവ് എന്ന കാര്യത്തില്‍ ആകാംക്ഷയേറുന്നു.
വിവിധ വിഭാഗങ്ങളില്‍ പരസ്പരം മത്സരിക്കുന്നത് പഴയ തലമുറയും പുതിയ തലമുറയും തമ്മിലാണെന്ന സവിശേഷതയും ഇക്കുറിയുണ്ട്. 17 ാംതീയതി വരെ ജൂറിക്ക് വേണ്ടി സ്ക്രീനിങ് ഉണ്ടാകുമെന്നാണ് അറിയുന്നത്. 160 സിനിമകളാണ് ജൂറി അംഗങ്ങള്‍ കാണേണ്ടത്. 84 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേത് ആണെന്ന പ്രത്യേതയുണ്ട്. ജൂറിയുടെ ആദ്യഘട്ട അവാര്‍ഡ് നിര്‍ണയ നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. മത്സരത്തിനുള്ള ആകെ സിനിമകളില്‍ നിന്നും 30 ശതമാനമാണ് രണ്ടാംഘട്ടത്തിലേക്കു കടക്കുന്നത്. അതില്‍ നിന്നുമാകും ജേതാക്കളെ തിരഞ്ഞെടുക്കുക.
ആരാകും മികച്ച നടന്?
മമ്മൂട്ടിയുടെ രണ്ടു സിനിമകളും മോഹന്‍ലാലിന്റെ ഒരു സിനിമയും പുരസ്കാരത്തിനായി മാറ്റുരയ്ക്കുന്നു. ജിയോ ബേബിയുടെ കാതല്‍ ദ കോര്‍, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് മമ്മൂട്ടി ചിത്രങ്ങള്‍.
ജീത്തു ജോസഫിന്റെ നേര് ആണ് മോഹന്‍ലാല്‍ സിനിമ. ബ്ലസിയുടെ ആടു ജീവിതത്തിലെ മികവാണ് പൃഥ്വിരാജിനെ ഫേവറിറ്റാക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഒഫ് കൊത്ത, ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥന്, ഉര്‍വശിയും പാര്‍വതി തിരുവോത്തും മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്ക് എന്നീ സിനിമകളും മത്സരരംഗത്തുണ്ട്.
മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കൂടാതെ ഫാലിമിയിലൂടെ ജഗദീഷ്, ഓ ബേബിയിലെ അഭിനയത്തിന് ദിലീഷ് പോത്തന്, 2018 സിനിമയിലൂടെ ടൊവിനോ തോമസ് എന്നിവരും മത്സരരംഗത്തുണ്ട്.
ഉര്‍വ്വശിയോ പാര്‍വതിയോ?
ഉര്‍വശി, പാര്‍വതി തിരുവോത്ത്(ഉള്ളൊഴുക്ക്)
അനശ്വര രാജന്(നേര്) ജ്യോതിക (കാതല്‍) എന്നിവരാണ് മുഖ്യമായും മത്സര രംഗത്തുള്ളത്. ഇവര്‍ക്കു പുറമേ ചില പുതുമുഖ നടിമാരും മത്സരരംഗത്തുണ്ട്.
മികച്ച ചിത്രം, സംവിധായകന്
മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും സീനിയര്‍-ജൂനിയര്‍ പോരാണ്. ബ്ലെസി (ആടുജീവിതം, ജൂഡ് ആന്തണി ജോസഫ് (2018), റോബി വര്‍ഗീസ് രാജ് (കണ്ണൂര്‍ സ്ക്വാഡ്),
ജിയോ ബേബി (കാതല്‍ ദ് കോര്‍), രോഹിത് എം. ജി. കൃഷ്ണന് (ഇരട്ട) എന്നിവരാണ് മുന്‍ നിരയില്‍. മികച്ച സംഗീത സംവിധായകനുള്ള മത്സരത്തില്‍ ആടുജീവിതത്തിലൂടെ എ.ആര്. റഹ്മാന് മത്സരരംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്
ജൂറി അംഗങ്ങള്‍:
പ്രാഥമികസമിതി ചെയര്മാന്മാരായ സംവിധായകന് പ്രിയനന്ദനന്, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രാഥമിക സമിതികള്‍ 80 സിനിമകള്‍ വീതം കണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങള്‍ക്കാണ് അന്തിമജൂറി വിലയിരുത്തി പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. കിന്‍ഫ്രയില്‍ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എല്‍.വി. പ്രസാദ് തിയറ്ററിലുമായി ശനിയാഴ്ച സ്ക്രീനിങ് തുടങ്ങി. ഓഗസ്റ്റ് പകുതിയോടെ അവാര്‍ഡ് പ്രഖ്യാപിച്ചേക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി ചെയര്മാന്. സംവിധായകന് ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന് എന്‍.എസ്. മാധവന്, നടി ആന്‍ അഗസ്റ്റിന്, സംഗീതസംവിധായകന് ശ്രീവല്സന് ജെ.മേനോന് എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങള്‍.
ഒന്നാം പ്രാഥമിക ജൂറിയില്‍ ഛായാഗ്രാഹകന്‍ പ്രതാപ് പി.നായര്‍, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതില്‍ എഡിറ്റര്‍ വിജയ് ശങ്കര്‍, എഴുത്തുകാരന് ശിഹാബുദീന് പൊയ്ത്തുംകടവ്, ശബ്ദലേഖകന്‍ സി.ആര്. ചന്ദ്രന് എന്നിവരുമാണ് അംഗങ്ങള്‍. രചനാവിഭാഗത്തില് ഡോ. ജാനകീ ശ്രീധരന് (ചെയര്‍പേഴ്സണ്‍), ഡോ. ജോസ് കെ.മാനുവല്‍, ഡോ. ഒ.കെ.സന്തോഷ് എന്നിവരാണ് അംഗങ്ങള്‍. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന് മെംബര്‍ സെക്രട്ടറിയാണ്.