- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തൂവെള്ള പതാക ഉയര്‍ത്തിയതോടെ പാണ്ടിമേളത്താല് ഉണര്‍ന്ന കലാ നഗരം; കൗമാര പ്രതിഭകളെ ആവേശത്തോടെ വരവേല്‍ക്കുന്ന സദസ്സ്; 64ാമത് സ്കൂള്‍ കലോത്സവത്തിന് തൃശൂര്‍ നഗരിയില്‍ തിരിതെളിഞ്ഞു; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി

തൃശൂർ: സാംസ്കാരിക നഗരിയെ ആവേശത്തിലാഴ്ത്തി അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഉജ്ജ്വല തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ദീപം തെളിയിച്ച് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് പതാക ഉയർത്തിയതോടെ കലാമേളയ്ക്ക് തുടക്കമായി. തൃശൂരിൻ്റെ പൂര പെരുമ വിളിച്ചോതുന്ന പാണ്ടിമേളമാണ് കലാ നഗരിയെ ഉണർത്തിയത്. കലാമണ്ഡലത്തിലെ വിദ്യാർഥികൾ ഒരുക്കിയ സ്വാഗത ഗാനത്തിൻ്റെ നൃത്താവിഷ്കാരം കാണാൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ സദസിലിരുന്നു. ശേഷം മുഖ്യമന്ത്രി തിരികൊളുത്തി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
സുരേഷ് ഗോപിയടക്കം കേന്ദ്ര സംസ്ഥാന മന്ത്രിമാർ അണിനിരന്ന വേദിയിൽ കുട്ടികളുടെ കൈയടിയത്രയും സർവം മായ സിനിമയിലൂടെ ശ്രദ്ധേയയായ പുതുമുഖ താരം റിയ ഷിബു നേടി. കലാമണ്ഡലം ഗോപിയും പെരുവനം കുട്ടൻമാരാരും കൗമാര കലാ പ്രതിഭകൾക്ക് പ്രോൽസാഹനവുമായി വേദിയിലെത്തി. പതിവു തെറ്റിക്കാതെ പാട്ടു പാടി മന്ത്രി കടന്നപ്പള്ളിയും കലാവേദിയിലെ സന്തോഷത്തിൻ്റെ ഭാഗമായി.
മത്സരബുദ്ധി കലോത്സവത്തിന്റെ തനിമ കെടുത്താതിരിക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. കലോത്സവം ഐക്യത്തിന്റെ സന്ദേശമാകണമെന്ന് അദ്ദേഹം പറഞ്ഞു.
മതത്തിന്റെ പേരിൽ കലാപമുണ്ടാക്കാൻ വർഗീയവാദികൾ ശ്രമിക്കുന്നതിനെതിരെ ശക്തമായ താക്കീതാണ് മുഖ്യമന്ത്രി നൽകിയത്. മുസ്‌ലിംകൾ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കൾ ഒപ്പനയിൽ പങ്കെടുക്കരുതെന്നും പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ക്രിസ്മസ് കരോളിന് നേരെ പോലും ആക്രമണങ്ങൾ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയിലെ കഥാപാത്രങ്ങൾക്ക് പോലും ജാനകിയെന്നും സീതയെന്നും പേരിടാൻ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന ഇത്തരം കലാപകാരികളെ ചെറുത്ത് തോൽപ്പിക്കാനുള്ള മികച്ചൊരായുധമായി കല മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കലയാണ് മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. ഇതിന് ഏറ്റവും സഹായകമായത് സ്കൂൾ കലോത്സവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ കാലത്തും ഏറ്റവും മികച്ച കലാകാരന്മാർക്കുപോലും അവരുടെ ജാതിയും മതവും പലപ്പോഴും പ്രശ്നമായിരുന്നിട്ടുണ്ട്. മറ്റു മതക്കാരുടെ കൂടി അനുഭൂതികൾ സ്വാംശീകരിക്കാനുള്ള വിശാല മനസ്സാണ് നമ്മെ പരിഷ്കൃതരും സംസ്കാര സമ്പന്നരും ആക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വേദിയിലിരിക്കെയാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
പൂക്കളുടെ പേരിലുള്ള 25 വേദികളിലായി 15,000 പ്രതിഭകളാണ് ഈ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. മതനിരപേക്ഷതയുടെയും സാംസ്കാരിക സൗഹൃദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥി പ്രതിഭകൾക്ക് കഴിവ് തെളിയിക്കാൻ ഈ കലോത്സവം വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


