ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ തെരുവു കാളയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം ബബിന ഗ്രാമത്തിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സെപ്തംബർ 25-ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇടുങ്ങിയ തെരുവിലൂടെ നടന്നു വരികയായിരുന്ന യുവതിയെ പിന്നിൽ നിന്നെത്തിയ കാള അതിശക്തമായി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു ഓട്ടോയുടെ പിന്നിൽ നിന്നു വന്ന് സിസിടിവി ക്യാമറയുടെ ഭാഗത്തേക്ക് നടന്നു വരികയായിരുന്ന യുവതി, തൻ്റെ കയ്യിൽ ഒരു വടിയുണ്ടായിരുന്നു. കാളയുടെ സാമീപ്യം തിരിച്ചറിഞ്ഞ യുവതി പരിഭ്രാന്തയായതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പെട്ടെന്ന് കാള യുവതിയുടെ പിന്നിലൂടെയെത്തി തൻ്റെ തലകൊണ്ട് അതിശക്തമായി അവരെ ഇടിച്ചു. ഈ അപ്രതീക്ഷിത അക്രമണത്തിൽ യുവതി ഏതാണ്ട് ഒന്നര ആളൊയരം ഉയരത്തിലേക്ക് വായുവിൽ ഉയർന്നു പൊങ്ങി താഴേക്ക് വീണു.

നിലത്തു അനങ്ങാനാവാതെ കിടന്ന യുവതിയുടെ അടുത്തേക്ക് കാള വീണ്ടും നീങ്ങിയെങ്കിലും, സംഭവം ശ്രദ്ധിച്ചെത്തിയ ഒരാൾ ബൈക്കിൽ കാളയുടെ മുന്നിൽ വന്നതോടെ ദൃശ്യങ്ങൾ അവസാനിക്കുന്നു. 17 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും വിശ്വാസത്തിൻ്റെ പേരിൽ തെരുവുകളിലേക്ക് അഴിച്ചുവിടുന്ന കാളകളും പശുക്കളും യാത്രാദുരിതങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നതായി പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ഇത്തരം മൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ അധികാരികളുടെ ഭാഗത്തു നിന്നു വിഴ്ചയുണ്ടാകുന്നതായി വിമർശനം ഉയരുന്നുണ്ട്.