- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൂട്ടത്തോടെ നടക്കുമ്പോൾ കുഴപ്പമില്ല..ഒരാൾ ഒറ്റയ്ക്കെന്ന് കണ്ടാൽ വിടില്ല..'; തക്കം നോക്കി കടിക്കാൻ എടുത്തുചാടുന്ന ശ്വാനന്മാർ; ബാഗ് ഊരി വീശി കഷ്ടിച്ച് രക്ഷപ്പെടുന്ന വിദ്യാർത്ഥിനികൾ; കോട്ടയം മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് തെരുവ്‌നായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത്
കോട്ടയം: മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റല്‍ കോമ്പൗണ്ട് തെരുവ്‌നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറുന്നു. വിദ്യാർത്ഥിനികൾ തലനാരിഴയ്ക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. നായ്ക്കള്‍ കുരച്ചു കൊണ്ട് കൂട്ടത്തോടെ ആക്രമിക്കാനായി എത്തുമ്പോൾ അതിസാഹസികമായാണ് രക്ഷപ്പെടുന്നത്. പലപ്പോഴും തോളില്‍ കിടക്കുന്ന ബാഗ് ഊരി വീശിയാണ് രക്ഷപ്പെടുന്നത്.
നിലവില്‍ ഹേസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബാഗ് മാത്രമാണ് രക്ഷ എന്ന അവസ്ഥയിലോട്ട് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. പലദിവസങ്ങളിലായി ഇത്തരത്തില്‍ നായ്ക്കള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭയം മൂലം പലര്‍ക്കും ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം തെരുവുനായ്ക്കളുടെ ശല്യമുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ലേഡീസ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും വിദ്യാര്‍ഥിനികളുടെ ജീവന് തന്നെ ഭീഷണിയായി നായ്ക്കള്‍ മാറിയിട്ടുണ്ട്. ഗുരുതരമായ പ്രശ്‌നങ്ങള്‍ വന്നതിന് ശേഷം നടപടിയെടുക്കാനിരിക്കാതെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇതുപോലെ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുകയാണ്.
ഹോസ്റ്റൽ വിദ്യാർത്ഥിനിയുടെ പ്രതികരണം...
ഇവിടെ തെരുവ് നായ ഇന്നും ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായിട്ട് ഇവിടെ തെരുവ് നായ ശല്യം അതിരൂക്ഷമാണ്.ഇവിടെ ഒരുപാട് നായ്ക്കൾ അലഞ്ഞു തിരിയുകയാണ്. ഇത് ഇപ്പോൾ ഒരു മാസമായിട്ട് വളരെ രൂക്ഷമായിരിക്കുകയാണ്. ഒന്നും രണ്ടുമൊന്നുമല്ല പത്ത് ഇരുപതെണ്ണം പട്ടികളാണ് ഹോസ്റ്റൽ പരിസരത്ത് തമ്പടിച്ചിരിക്കുന്നത്. ഹോസ്റ്റലിന്റെ പുറത്ത് കാൽ എടുത്ത് വെച്ചാൽ കടിക്കും എന്ന രീതിയിലാണ്. ഒരുപാട് കുട്ടികളെ കടിച്ചിട്ടുണ്ട് വാക്‌സിനേഷൻ എടുക്കാനുള്ള സാഹചര്യവും വന്നിട്ടുണ്ട്. നമ്മൾ ഇത് കോളേജ് യൂണിറ്റുമായും മറ്റ് അധികൃതർക്കും എല്ലാം പരാതി പലവട്ടം കൊടുത്തിട്ടുണ്ടെങ്കിലും അവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല.
പേടി കാരണം പുറത്തോട്ട് ഇറങ്ങാൻ പറ്റാത്ത അവസ്ഥ. നമ്മൾ വിദ്യാർത്ഥികളാണ് നൈറ്റ് ഡ്യൂട്ടിക്കും വൈകിട്ട് രോഗികളെ കാണാൻ വാർഡുകളിൽ പോകുന്നത് എല്ലാം നമ്മുടെ അക്കാഡമിക് കാര്യങ്ങളുടെ ഭാഗമാണ് അപ്പോൾ ഹോസ്റ്റലിന് പുറത്തിറങേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. ആ സമയത്ത് പട്ടിയോടുള്ള പേടി കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. കൂട്ടത്തോടെ നടന്നാൽ ആക്രമിക്കില്ല ഒരാൾ ഒറ്റയ്ക്കാണ് എന്ന് കണ്ടാൽ പട്ടികൾ ആക്രമിക്കാൻ കൂട്ടത്തോടെ വരും.
പ്രത്യകിച്ച് വൈകിട്ടും രാത്രി സമയങ്ങളിലുമാണ് വലിയ ശല്യം. ഇതിന് എന്തെങ്കിലും ഒരു നടപടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരിന്നു. ഇപ്പോൾ പഞ്ചായത്തില് പറഞ്ഞാലും അവര് പറയുന്നത് ഫണ്ടിന്റെ പ്രശ്നവും മതിയായ ഷെൽട്ടർ ഹോമുകൾ ഇല്ലെന്ന പ്രശ്നങ്ങളുമാണ് പറയുന്നത്. ആരും ഇതിനെതിരെ പരിഹാരം കാണാൻ ശ്രമിക്കുന്നില്ല. എത്രയും പെട്ടെന്ന് ഒരു നടപടി വേണമെന്നാണ് ഞങ്ങളുടെ ആവശ്യം.