ന്യൂഡല്‍ഹി: ആഗോള തലത്തില്‍ കുടിയേറ്റ വിരുദ്ധ സമീപനം ശക്തമാകുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും വിദേശ രാജ്യങ്ങളെ കൈവിടുന്നു. പഠനത്തിനായി വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് അടുത്ത കാലത്തായി ഉണ്ടാകുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണവും ലക്ഷ്യസ്ഥാന രാജ്യങ്ങളും സംബന്ധിച്ച് സി.പി.എം അംഗം എ.എ. റഹീം രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് പഠനത്തിനായി വിദേശത്ത് പോകുന്നവരുടെ എണ്ണത്തില്‍ 2023നെ അപേക്ഷിച്ച് 2025ല്‍ 31% കുറവ് വന്നതായി അറിയിച്ചത്.

വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറിന്റെ മറുപടി പ്രകാരം, 2023ല്‍ 9,08,364 വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോയി. 2024ല്‍ ഇത് 7,70,127 ആയി കുറഞ്ഞു. 2025ല്‍ ഇത് 6,26,606 ആയി. ഇമിഗ്രേഷന്‍ ബ്യൂറോയില്‍ നിന്നുള്ളതാണ് കണക്കുകള്‍. 2023 മുതല്‍ 2025 വരെ വിദേശത്തേക്ക് പോയവരില്‍ 'പഠനം/വിദ്യാഭ്യാസം' എന്ന നിലയില്‍ തങ്ങളുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണമാണിത്.

മറുപടിയില്‍ ലക്ഷ്യസ്ഥാന രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. വിദേശ പഠനം വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ സര്‍വേയോ വിലയിരുത്തലോ നടത്തിയിട്ടുണ്ടോ എന്നും, വിദേശത്ത് വിദ്യാഭ്യാസം തേടാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പരിഹരിക്കുന്നതിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രധാന നിരീക്ഷണങ്ങളും ശുപാര്‍ശകളും എന്തൊക്കെയാണെന്നും റഹീം ചോദിച്ചിരുന്നു.

'വിദേശ പഠനം എന്നത് വ്യക്തിഗത ഇച്ഛാശക്തിയുടെയും തെരഞ്ഞെടുപ്പിന്റെയും കാര്യമാണ്. അത് താങ്ങാനാവുന്ന നിരക്ക്, ബാങ്ക് വായ്പകള്‍ ലഭിക്കാനുള്ള സാധ്യത, വിദേശ സമൂഹങ്ങളുമായുള്ള സമ്പര്‍ക്കം, പ്രത്യേക പഠന ശാഖകളോടുള്ള അഭിരുചി തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിജയകരവും സമ്പന്നവും സ്വാധീനമുള്ളതുമായ ഒരു പ്രവാസി ഇന്ത്യക്ക് ഒരു ആസ്തിയായി കണക്കാക്കപ്പെടുന്നു. അറിവും വൈദഗ്ധ്യവും പങ്കിടുന്നത് ഉള്‍പ്പെടെ പ്രവാസികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ലക്ഷ്യമിടുന്നു' - എന്നായിരുന്നു മജുംദാറിന്റെ മറുപടി.

ഓസ്ട്രേലിയ, ഇറ്റലി, യു.കെ, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നുള്ള 14 വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കുന്നതിനായി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിയിട്ടുണ്ടെന്നും മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു. 2023നെ അപേക്ഷിച്ച് 2024ല്‍ കാനഡ, യു.എസ്.എ, യു.കെ എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ പഠന പെര്‍മിറ്റ് ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ കണക്കുകളില്‍ കുറഞ്ഞത് 25% കുത്തനെ ഇടിവ് ഉണ്ടായതായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള യു.എസില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥി വിസ അപേക്ഷകരോട് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്‌ക്രീനിങ്ങിനായി പരസ്യമാക്കാന്‍ ആവശ്യപ്പെട്ടു. അതേസമയം ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ വിസകളും ഭരണകൂടം റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥി വിസ അപേക്ഷകള്‍ക്കായുള്ള പുതിയ അഭിമുഖങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് കഴിഞ്ഞ വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളില്‍ ഏതാനും ആഴ്ചത്തേക്ക് നിര്‍ത്തിവെച്ചു.