ചണ്ഡീഗഡ്: റമദാൻ മാസത്തിൽ ഇഫ്താറിനും അത്താഴത്തിനും (സെഹ്രി) കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന കശ്മീരി വിദ്യാർത്ഥികളുടെ പ്രതിഷേധത്തെത്തുടർന്ന് ലുധിയാനയിലെ സി.ടി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിതിൻ ടണ്ടൻ ചൊവ്വാഴ്ച രാജിവെച്ചു. പരാതിപ്പെട്ട വിദ്യാർത്ഥികളെ കാമ്പസിൽ നിന്ന് പുറത്താക്കുമെന്ന് വി.സി ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. വിദ്യാർത്ഥികൾക്കെതിരെ മോശം ഭാഷ പ്രയോഗിച്ചതിനെത്തുടർന്ന് വൈസ് ചാൻസലറോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് സി.ടി.യു ചാൻസലർ ചരൺജിത് സിംഗ് ചാനി പറഞ്ഞു.

സംഭവത്തിൽ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ലുധിയാന ഡെപ്യൂട്ടി കമ്മിഷണർ ഹിമാൻഷു ജെയിൻ അറിയിച്ചു. വി.സിയുടെ രാജിയോടെ വിദ്യാർത്ഥികൾ ശാന്തരായെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജഗ്രാവോൺ എസ്.ഡി.എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം വൈസ് ചാൻസലർ രാജി സമർപ്പിച്ചിട്ടുണ്ടെന്ന് സി.ടി.യു ഡീൻ (സ്റ്റുഡന്റ്സ് വെൽഫെയർ) ദവീന്ദർ സിംഗ് പറഞ്ഞു.

"മുസ്ലിം വിദ്യാർത്ഥികൾക്ക് ഇഫ്താറിനുള്ള ഭക്ഷണം അധികൃതർ നൽകുന്നുണ്ട്. ഈത്തപ്പഴം, പഴവർഗങ്ങൾ തുടങ്ങിയ അധിക ഭക്ഷണസാധനങ്ങൾ കൂടി അവർ ആവശ്യപ്പെട്ടിട്ടുണ്ട്. അവയും അധികൃതർ ഏർപ്പാടാക്കും," അദ്ദേഹം വ്യക്തമാക്കി. ലുധിയാനയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള സ്വകാര്യ സർവ്വകലാശാലയാണ് സി.ടി.യു. മുൻവർഷങ്ങളിൽ ഇഫ്താറിന് കൃത്യമായ ഭക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ ഈ വർഷം പ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്.

പഞ്ചാബിലെ സി.ടി. യൂണിവേഴ്സിറ്റിയിൽ റമദാൻ നോമ്പുതുറയ്ക്കും അത്താഴത്തിനുമുള്ള ഭക്ഷണ ക്രമീകരണങ്ങൾ ആവശ്യപ്പെട്ട കശ്മീരി മുസ്ലിം വിദ്യാർത്ഥികളോട് പ്രവേശനം റദ്ദാക്കുമെന്നും കാമ്പസ് വിട്ടുപോകണമെന്നും യൂണിവേഴ്സിറ്റി അധികൃതർ ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു. അത്താഴത്തിനോ ഇഫ്താറിനോ ഭക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങളോട് അനീതിയാണ് കാണിക്കുന്നതെന്നും വിദ്യാർത്ഥികൾ ഒരു വീഡിയോ സന്ദേശത്തിൽ പറയുന്നു.

യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മോശം ഭാഷ ഉപയോഗിക്കുകയും പ്രവേശനം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. വൈസ് ചാൻസലർ കശ്മീരി വിദ്യാർത്ഥികളോട് കാമ്പസ് വിട്ടുപോകാൻ ഭീഷണിപ്പെടുത്തുന്നത് നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോയിൽ കേൾക്കാമായിരുന്നു. 'ഞാൻ ഇവിടെയുള്ള എല്ലാവരെയും പുറത്താക്കാൻ പോകുന്നു. നിങ്ങളുടെ പ്രവേശനം റദ്ദാക്കിയിരിക്കുന്നു' എന്ന് വൈസ് ചാൻസലർ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ വിഷയത്തിൽ ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ (ജെ.കെ.എസ്.എ) പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനിനോട് ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പതിവായി ഫീസ് അടക്കുന്നവരാണെന്നും റമദാൻ സമയത്ത് യൂണിവേഴ്സിറ്റി മെസ്സിൽ ഉചിതമായ സമയത്ത് ഭക്ഷണം നൽകണമെന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടതെന്നും അസോസിയേഷന്റെ ദേശീയ കൺവീനർ നാസിർ ഖുഹാമി പറഞ്ഞു. വിദ്യാർത്ഥികളുടെ ന്യായമായ അഭ്യർത്ഥന പരിഗണിക്കുന്നതിനുപകരം, വൈസ് ചാൻസലറും മറ്റ് ചില ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചും കാമ്പസ് ഒഴിയാനുള്ള മുന്നറിയിപ്പ് നൽകുകയാണെന്ന് നാസിർ ഖുഹാമി കൂട്ടിച്ചേർത്തു.

സ്വന്തം വിശ്വാസം പിന്തുടരുന്നതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും ശത്രുത നേരിടേണ്ടി വരരുതെന്നും, സർവകലാശാലകൾ സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇടങ്ങളായിരിക്കണമെന്നും ഭരണഘടനാ മൂല്യങ്ങളെയും മതമോ പ്രദേശമോ പരിഗണിക്കാതെ തുല്യ പരിഗണനയെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് ഇൽതിജ മുഫ്തി ഉൾപ്പെടെയുള്ള കശ്മീരിലെ വിദ്യാർത്ഥി നേതാക്കളും രാഷ്ട്രീയക്കാരും ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചു.

പഞ്ചാബ് മുഖ്യമന്ത്രിയെയും ഡിജിപിയെയും ടാഗ് ചെയ്തുകൊണ്ട് ഇൽതിജ മുഫ്തി എക്സിൽ (X) കുറിച്ചു: "പ്രിയപ്പെട്ട ഭഗവന്ത് മാൻ ജി, റമദാൻ ആയതിനാൽ ഇഫ്താറിനും അത്താഴത്തിനും (സെഹ്രി) ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിൽ പഞ്ചാബിലെ സി.ടി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കശ്മീരി മുസ്ലിം വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്നതിനെയും ഭീഷണിപ്പെടുത്തുന്നതിനെയും താങ്കൾ അംഗീകരിക്കുന്നുണ്ടോ? പഞ്ചാബ് പോലുള്ള ഒരു സംസ്ഥാനത്ത് പോലും കശ്മീരികളെ ഉപദ്രവിക്കുന്നത് ഇത്രത്തോളം സ്വാഭാവികമായ ഒന്നായി മാറിയതിൽ ഞാൻ ഞെട്ടിയിരിക്കുന്നു. വൈസ് ചാൻസലർക്കെതിരെ കർശന നടപടി വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. നടപടിയുണ്ടാകാതെ വെറുതെ വാചകങ്ങൾ പറയുന്നതിൽ അർത്ഥമില്ല."