കൊച്ചി: നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത് എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് സിനിമയിലെ മയക്കുമരുന്ന് മാഫിയാ ഇടപെടല്‍. കൊച്ചിയിലെ നടിയുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും അത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും യുവാക്കളും ഉള്‍പ്പെടെ പങ്കെടുത്തുവെന്നാണ് ആരോപണം. എസ്എസ് മ്യൂസിക്കിന്റെ ഒരു ചര്‍ച്ചയ്ക്കിടെയാണ് ഗായിക സുചിത്ര നടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാണ് ഈ പ്രതികരണം നടത്തിയതെന്ന് വ്യക്തമല്ല.

മട്ടഞ്ചേരി മാഫിയ എന്നൊരു വിഭാഗം സിനിമയിലുണ്ടെന്നും അവര്‍ മയക്കു മരുന്ന് പ്രചരിപ്പിക്കുന്നുവെന്നുമുള്ള ആരോപണം മലയാള സിനിമാ അന്തരീക്ഷത്തിലുണ്ട്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലും ഇത് സൂചിപ്പിച്ചിരുന്നു. എന്നാല്‍ വ്യക്തത വരുന്ന തരത്തില്‍ ആരിലേക്കെങ്കിലും വിരല്‍ ചൂണ്ടുന്ന തരത്തിലായിരുന്നില്ല ആ റിപ്പോര്‍ട്ട്. മയക്കു മരുന്ന് മാഫിയയ്‌ക്കെതിരെ ഹേമാ കമ്മറ്റിക്ക് മൊഴി കിട്ടിയിരുന്നുവെന്നാണ് സൂചന. ഇതിനിടെയാണ് ഗായിക സുചിത്രയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചകളില്‍ നിറയുന്നത്. ഇതും പോലീസ് പരിശോധിക്കും.

ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. റിമയുടെ കരിയറിനെ ഇത്തരം പാര്‍ട്ടികള്‍ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഗായിക പറയുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളേ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവര്‍ ചോദിക്കുന്നുണ്ട്.

റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ എത്രയെത്ര പെണ്‍കുട്ടികള്‍ പങ്കെടുത്തുവെന്ന് അറിയാമോയെന്ന് ചോദിക്കുന്ന ഗായിക തനിക്ക് ആദ്യം ഇത്തരം കാര്യങ്ങള്‍ റിമയെക്കുറിച്ച് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ചില മലയാളം ഗായകര്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ വളരെ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഹേമ കമ്മറ്റിയില്‍ അമ്മയേയും ഫെഫ്കയേയും വിമര്‍ശന മുനയില്‍ നിര്‍ത്തിയത് റീമയുടെ ഭര്‍ത്താവായ അഷിഖ് അബുവാണ്. അതുകൊണ്ട് കൂടി ഈ പ്രതികരണം ഏറെ ചര്‍ച്ചയാകുന്നുണ്ട്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ശക്തമായ ഭാഷയിലാണ് നടിക്കെതിരെ കമന്റുകളില്‍ പ്രതിഷേധം ഉയരുന്നത്. ഇത്രയും പരസ്യമായി ഒരാള്‍ നടിയെക്കുറിച്ച് പറഞ്ഞിട്ടും എന്തുകൊണ്ടാണ് അധികൃതര്‍ വിഷയത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതെന്നും ചോദ്യം ഉയരുന്നുണ്ട്. റിമ ഇത്തരം പാര്‍ട്ടികള്‍ നടത്തിയെന്നതരത്തില്‍ ആരോപണങ്ങളോ പരാതിയോ ഇതുവരേയും പൊലീസിനോ അന്വേഷണ സംഘത്തിനോ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സുചിത്രയില്‍ നിന്നും പോലീസ് മൊഴി എടുക്കുമോ എന്നതും നിര്‍ണ്ണായകമാണ്.

ആരോപണങ്ങളോട് റീമയോ ആഷിഖ് അബുവോ പ്രതികരിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്. ഏതായാലും മലയാള സിനിമയില്‍ ലഹരി മാഫിയ ഉണ്ടെന്നത് വസ്തുതയാണ്. അതിലേക്ക് അന്വേഷണം എത്തുമോ എന്നതാണ് നിര്‍ണ്ണായകം.