- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമല സ്വര്‍ണമോഷണം: അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യ ചര്‍ച്ച; മോഷണ വിഹിതത്തില്‍ പത്തനംതിട്ട ജില്ലയിലെ നേതാക്കളും പങ്കു പറ്റിയെന്ന് സൂചന; രഹസ്യ ചര്‍ച്ച നടത്തിയത് മൊഴി അട്ടിമറിക്കാന്‍; മുന്‍ ജില്ലാ നേതാവ് അടക്കം അങ്കലാപ്പില്‍
അടൂര്‍: ശബരിമല സ്വര്‍ണ മോഷണത്തിന്റെ വിഹിതം ജില്ലയിലെ ചില സിപിഎം നേതാക്കളും കൈപ്പറ്റിയെന്ന് സൂചന. മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മണ്ണടി സ്വദേശി സുധീഷ് കുമാര്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ഒരാഴ്ചയോളം അടൂരിലെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ സുധീഷിന്റെ വീട്ടില്‍ രഹസ്യ ചര്‍ച്ച നടന്നിരുന്നു. അന്വേഷണവും അറസ്റ്റും മുരാരി ബാബുവിലേക്ക് വരുന്നതിന് മുന്‍പ് തന്നെ സിപിഎം നേതാക്കള്‍ക്ക് അപകടം മണത്തിരുന്നു. സുധീഷ് കുമാറിന് മോഷണത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് മറുനാടന്‍ വാര്‍ത്തയും നല്‍കിയിരുന്നു. ഇതിനിടെയാണ് രണ്ടാഴ്ചയോളം സിപിഎം നേതാക്കള്‍ രാത്രികാല രഹസ്യ ചര്‍ച്ച സുധീഷിന്റെ വീട്ടില്‍ നടത്തിയത്.
ഇയാള്‍ തട്ടിയെടുത്തതിന്റെ വിഹിതം മണ്ണടിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിനും കിട്ടിയെന്നാണ് വിവരം. നാടന്‍ പച്ചക്കറി വിപണനം നടത്തുന്നുവെന്ന് പറഞ്ഞ് രാത്രികാലങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നിറക്കി നാട്ടുകാര്‍ക്ക് നല്‍കി പറ്റിക്കുന്ന രീതി ഈ സംഘം തുടര്‍ന്നു പോകുന്നുവെന്നാണ് ആക്ഷേപം. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി ലോറിയില്‍ പുലര്‍ച്ചെ കൊണ്ടിറക്കുന്നതിന്റെ ദൃശ്യം ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ പകര്‍ത്തിയിരുന്നു. ഇയാളെ പിടികൂടി ദൃശ്യം മായ്ച്ച ശേഷമാണ് സംഘം ജീവനക്കാരും സിപിഎം നേതാക്കളും വിട്ടയച്ചത്. ഈ സഹകരണ സംഘത്തിലേക്ക് കൊള്ള മുതല്‍ എത്തിയെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
2022 മേയ് മാസത്തിലാണ് സുധീഷ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. അതിന് ശേഷം സിപിഎമ്മില്‍ സജീവമാവുകയായിരുന്നു. നിലവില്‍ മണ്ണടി ദേശക്കല്ലുംമൂട് ബ്രാഞ്ച് അംഗവും കര്‍ഷക സംഘം മണ്ണടി മേഖലാ കമ്മറ്റിയംഗവുമാണ്. സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി അംഗമായ സാജന്റെ ബന്ധു കൂടിയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ചില അംഗങ്ങള്‍ സമ്മേളനങ്ങളില്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു. ശബരിമലയിലും നിലയ്ക്കിലുമായി നടത്തിയ കോടികളുടെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.
നിലയ്ക്കല്‍ അന്നദാനത്തിലും ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും നടത്തിയ ക്രമക്കേടുകളുടെ പേരില്‍ സുധീഷിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.ആ സമയത്താണ് വിരമിക്കല്‍ പ്രായമെത്തിയത്. ഇതോടെ വിജിലന്‍സ് അന്വേഷണം നിര്‍ത്തി വച്ചു. സകല ആനുകൂല്യങ്ങളും വാങ്ങി വിരമിക്കാന്‍ സുധീഷ്‌കുമാറിന് അവസരമൊരുക്കുന്നതിന് വേണ്ടിയാണ വിജിലന്‍സ് അന്വേഷണം മരവിപ്പിച്ചത്. സ്വര്‍ണപ്പാളി വിവാദമുണ്ടായതോടെ സുധീഷ്‌കുമാറിന്റെ പെന്‍ഷന്‍ തടയാനാണ് ബോര്‍ഡ് തയാറെടുക്കുന്നത്.
വിജിലന്‍സ് അന്വേഷണം അട്ടിമറിച്ച് സുധീഷിനെ രക്ഷിക്കാന്‍ ശ്രമിച്ചത് സിപിഎമ്മിലെ അടൂര്‍ ലോബിയാണെന്ന് പറയുന്നു. പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം നല്‍കാന്‍ ശ്രമിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം കപ്പിനും ചുണ്ടിനുമിടയില്‍ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം നഷ്ടമായെങ്കിലും സിപിഎമ്മിലുള്ള സ്വാധീനത്തിന് കുറവൊന്നും വന്നില്ല. മുഖം നോക്കാതെയുള്ള അറസ്റ്റുമായി അന്വേഷണ സംഘം മുന്നോട്ടു പോകുമെന്ന് കണ്ടതോടെയാണ് അടൂരിലെ സിപിഎം നേതാക്കള്‍ നെട്ടോട്ടം തുടങ്ങിയത്.
മുന്‍ ജില്ലാ നേതാവ് അടക്കം അങ്കലാപ്പിലാണ്. സുധീഷിന്റെ വായില്‍ നിന്ന് വല്ലതും വീണാല്‍ ഇവരൊക്കെ കുഴപ്പത്തിലാകും. ഇത് തടയുന്നതിന് വേണ്ടിയാണ് സിപിഎം നേതാക്കള്‍ സുധീഷിന്റെ വീട്ടില്‍ തമ്പടിച്ചത്. മൊഴി എങ്ങനെ നല്‍കണമെന്ന് വരെ ഇവര്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം. സുധീഷ് വാ തുറന്നാല്‍ മോഷണത്തിന് പങ്കു പറ്റിയവരും അകത്താകും.




