ഇടുക്കി: ഇടുക്കി സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പന മുളങ്ങാശേരിയില്‍ സാബു ആണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സംഭവം നടന്നത്. സമീപത്ത് താമസിക്കുന്ന ആളുകളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.

്തന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേര് സഹിതമാണ് മരിച്ച മുളങ്ങാശേരിയില്‍ സാബു ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. 'എന്റെ മരണത്തിനുത്തരവാദി ബാങ്ക് സെക്രട്ടറി റെജി, സ്റ്റാഫുകളായ ബിനോയ്, സുജമോള്‍ എന്നിവരാണ്. ഞാന്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം റൂറല്‍ ഡെവലപ്മെന്റ് ബാങ്കില്‍ നിക്ഷേപിച്ചു. ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ച് ചെന്ന എന്നെ ബിനോയ് അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു. ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത്'- സാബുവിന്റെ ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണിത്

സാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ ബിജെപി, കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുകയാണ്. ആര്‍ഡിഒ വരാതെ മൃതദേഹം സ്ഥലത്ത് നിന്നും കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇപ്പോഴും നിരവധിപേര്‍ പണത്തിനായി ബാങ്കില്‍ എത്തുന്നുണ്ടെന്നും ഭരണപക്ഷത്തുള്ള പാര്‍ട്ടിയുടെയും നേതാക്കന്മാരുടെയും ധൈര്യത്തിലാണ് ബാങ്കിലെത്തുന്നവരെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നതെന്നും സമരക്കാര്‍ പറഞ്ഞു.

ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു സംഭവം. സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിലെ ഗോവണിക്ക് സമീപം സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റര്‍ ഉടമയാണ് സാബു. 25 ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നേരത്തേ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാല്‍ തവണകളായി മാസംതോറും നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രീതിയില്‍ പണം നല്‍കിയിരുന്നു. സാബുവിന്റെ ഭാര്യ ചികിത്സയുടെ ഭാഗമായി തൊടുപുഴ ആശുപത്രിയിലാണ്. ചികിത്സയ്ക്ക് പണമില്ലാത്തിനാലാണ് സാബു ഇന്നലെയും ബാങ്കിലെത്തിയത്.

തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സാബുവിന്റെ ഭാര്യ. രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴില്‍ വരുന്നത്. പ്രതിസന്ധിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്.