തിരുവനന്തപുരം: പി വി അന്‍വര്‍ ആരോപണം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷനില്ല. പകരം സ്ഥലം മാറ്റത്തില്‍ ഒതുക്കുകയാണ് സര്‍ക്കാര്‍. സുജിത്തിനെ മാറ്റി പത്തനംതിട്ട എസ് പിയായി ടി ജി വിനോദ്കുമാറിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നേരത്തെ സുജിത് ദാസിനെ സസ്‌പെന്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും വൈകുന്നേരം വരെ ആ നടപടി ഉണ്ടായില്ല. പിന്നാലെയാണ് അച്ചടക്ക നടപടി സ്ഥലം മാറ്റത്തില്‍ മാത്രം ഒതുങ്ങിയത്.

അതേസമയം സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ടുണ്ടെന്നും സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. വിവാദത്തിനു പിന്നാലെ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിരുന്നു. സുജിത് ദാസിനെതിരെ സസ്‌പെന്‍ഷന്‍ നടപടി കൈക്കൊണ്ടാല്‍ അജിത് കുമാറിനെതിരെയും നടപടി വേണ്ടിവരും എന്ന ഘട്ടം വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കടുത്ത നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങാത്തത്. പി ശശിയിലേക്കും മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുന്ന വിധത്തിലായിരുന്നു ആരോപണങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് ആര്‍ക്കെതിരെയും നടപടി ഇപ്പോള്‍ കൈക്കൊള്ളാത്തത്.

അതേസമയം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആരോപണങ്ങള്‍ ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്വേഷണം നടത്തും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനന്‍, എസ്.പി. എ. ഷാനവാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

അതേസമയം ഇക്കാര്യങ്ങളില്‍ നാളെ മുഖ്യമന്ത്രിയെ കണ്ടശേഷം പ്രതികരിക്കാമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അറിയിച്ചു. അന്വേഷണം നടക്കുമ്പോഴും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനത്ത് അജിത്കുമാര്‍ തുടരും. പത്തനംതിട്ട എസ്.പി. എസ്. സുജിത്ത്ദാസിനെ സ്ഥലംമാറ്റി. പുതിയ ചുമതല നല്‍കിയില്ല.

വൈകീട്ട് ആറുമുതല്‍ മുഖ്യമന്ത്രിയും പോലീസ് മേധാവി ദര്‍വേഷ് സാഹിബും അജിത്കുമാറിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ അന്വേഷണം നടത്താം എന്ന രീതി സ്വീകരിക്കാന്‍ തീരുമാനിച്ചു.

കൊലപാതകം, സ്വര്‍ണക്കടത്ത്, മാഫിയാ ബന്ധം, അധോലോകസംഘ ബന്ധം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ അജിത്കുമാറിനെതിരേ ഉന്നയിച്ചത്. വിഷയത്തില്‍ ചൊവ്വാഴ്ച രാവിലെ പോലീസ് വേദിയില്‍വെച്ചുതന്നെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അജിത്കുമാറിനെ സ്ഥാനത്തുനിന്ന് നീക്കാതെ അന്വേഷണം നടത്താമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

പിവി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍വിളിയില്‍ സുജിത് ദാസ് സര്‍വ്വീസ് ചട്ടം ലംഘിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടെന്നാണ് സൂചനകള്‍. അന്‍വര്‍ എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റാണ്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനം നടന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ തുടര്‍ന്ന് പി.വി അന്‍വര്‍ എം.എല്‍.എ സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. അതിന് തെളിവുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ഈ കൊലകള്‍ നടന്നത്. ഇതില്‍ പ്രതികളായ ആളുകളെയുള്‍പ്പെടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അടുത്ത ദിവസം ഹാജരാക്കും. അജിത്കുമാര്‍ ദേശദ്രോഹിയാണെന്നും എം.എല്‍.എ പറഞ്ഞു. ആ വെളിപ്പെടുത്തലാണ് സുജിത് ദാസിന് വിനയായത്. സുജിത്തിന്റെ ഫോണ്‍ സംഭാഷണവും പുറത്തു വിട്ടിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പത്തനംതിട്ട എസ്.പിയും മുന്‍ മലപ്പുറം എസ്.പിയുമായിരുന്ന സുജിത് ദാസിനെതിരെയും ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. എസ്.പി സുജിത് ദാസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഈ സ്വാധീനം ഉപയോഗിച്ചാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയത്. സ്വര്‍ണം വരുമ്പോള്‍ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടുമെന്നുമായിരുന്നു ആരോപണം.