കോഴിക്കോട്: '' ഇപ്പോള്‍ എമ്പുരാനൊക്കെ വേണ്ടി ജനം അടിച്ചുകയറുന്നതുപോലെ എന്റെ സിനിമക്കും ആളുകള്‍ ഇരച്ചുകയറിയ ഒരു കാലമുണ്ടായിരുന്നു.''- നടന്‍ ബാബു ആന്റണി ഈയിടെ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞപ്പോള്‍, ന്യൂജന്‍ പിള്ളേര്‍ പലരും തള്ള് എന്ന് കമന്റ് ചെയ്തിരുന്നു. പക്ഷേ അത് തള്ളല്ലായിരുന്നു. 1995-ല്‍ ബാബു ആന്റണിയെ നായകനാക്കി സുനില്‍ കാരന്തൂര്‍ എന്ന കോഴിക്കോട്ടെ സംവിധായകന്‍ ഒരുക്കിയ 'ചന്ത' എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. കോഴിക്കോട് രാധ തീയേറ്ററില്‍ അടക്കം ആദ്യ ആഴ്്ചയില്‍ മൂന്ന് സിനിമക്കുള്ള ആളുകളാണ് ഓരോ ഷോയ്ക്കും വന്നിരുന്നത്. തിരക്ക് നിയന്ത്രിക്കാനാവതെ പൊലീസ് ലാത്തിവീശിയതും, ജനം അടുത്തുള്ള ആര്യഭവന്‍ ഹോട്ടലിലേക്കും, എസ് എം സ്ട്രീറ്റിലേക്കുമൊക്കെ ഓടിക്കയറിയതുമെല്ലാം അക്കാലത്തുണ്ടായ സംഭവങ്ങളാണ്. ഇന്നത്തെപൊലെത്തെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ഒന്നും ഇല്ലാതിരുന്ന കാലത്ത് ഒന്ന് രണ്ടും മണിക്കൂര്‍ പൊരി വെയിലത്തുനിന്നാണ് ജനം ചന്തയ്ക്ക് ടിക്കറ്റ് എടുത്തത്.

ചന്ത മാത്രമായിരുന്നില്ല. ഗാന്ധാരി, മാനത്തെ കെട്ടാരം, ഭരണകൂടം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്‍മ്മാരെ സൂക്ഷിക്കുക തുടങ്ങി സുനില്‍ കാരന്തുര്‍ 90കളില്‍ എടുത്ത എടുത്ത ചിത്രങ്ങള്‍ ഏറെയും വിജയ ചിത്രങ്ങളായിരുന്നു. ഹിറ്റ് മേക്കര്‍ സുനില്‍ എന്ന പേര് അദ്ദേഹത്തിന് അക്കാലത്ത് വന്നു. ഇന്നും ആ ചിത്രങ്ങള്‍ ടീവിയില്‍ കാണുമ്പോള്‍ അതിന് മിനിമം ക്വാളിറ്റിയുണ്ട് എന്ന് മനസ്സിലക്കാം. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് കാലിടറി.

'പൂനിലാമഴ'യില്‍ പോയത് കോടികള്‍

1992-ല്‍ 'പ്രിയപ്പെട്ട കുക്കു' എന്ന സിനിമയിലൂടെയാണ്, സുനില്‍ കാരന്തൂര്‍ സംവിധാനമേഖലയിലേക്ക് പ്രവേശിച്ചത്. ആദ്യ ചിത്രം തന്നെ വിജയമായിരുന്നു. പിന്നീട് അങ്ങോട്ട് ലോ ബജറ്റില്‍, ജനപ്രിയ ചിത്രങ്ങള്‍ ഒരുക്കിക്കൊണ്ട് അദ്ദേഹം ശ്രദ്ധേയനായി. ഗാന്ധാരി, ഭരണകൂടം, ചന്ത തുടങ്ങിയ സിനിമകളിലുടെ ബാബു ആന്റണിയെ ആക്ഷന്‍ ഹീറോയായി ഉയര്‍ന്നു. സുനിലിന്റെ മാനത്തെ കൊട്ടാരം, വൃദ്ധന്‍മ്മാരെ സുക്ഷിക്കുക എന്നീ സിനിമകള്‍ ദിലീപിനും നന്നായി ഗുണം ചെയ്തു. ഇന്ദ്രന്‍സിനെ കോമഡി സ്റ്റാറാക്കിയ ചിത്രം കൂടിയായിരുന്നു മാനത്തെ കൊട്ടാരം.

പക്ഷേ 1997-ല്‍ എടുത്ത 'പൂനിലാമഴ' എന്ന സിനിമയാണ് സുനിലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. സീഷെല്‍സിലും മറ്റും ഷൂട്ട് ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. മലയാളത്തില്‍ ഒരു മാര്‍ക്കറ്റുമില്ലാത സഞ്ജയ് മിത്രയെ നായകനാക്കി എടുത്ത സിനിമ, ഷൂട്ടിങ്ങ് തീരാനും ഇറങ്ങാനും കുറെ കാലം എടുത്തു. അന്നത്തെ കാലത്ത് ബിഗ് ബഡ്ജറ്റില്‍ ഇറങ്ങിയ പടം ദയനീയ പരാജയം ആയി. അതോടെ സുനില്‍ എന്ന നിര്‍മ്മാതാവ് കൂടിയായ സംവിധായകനും തകര്‍ച്ചയില്‍ ആയി.

തുടര്‍ന്ന് റെ്ഡ ഇന്ത്യന്‍സ്, കോരപ്പന്‍ ദ ഗ്രേറ്റ് എന്നീ സിനിമകള്‍ എടുത്തെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ല. മാമുക്കോയ നായകനായ കോരപ്പന്‍ ദ ഗ്രേറ്റ് അത്യാവശ്യം കോമഡികളൊക്കെയുള്ള ചിത്രമായിരുന്നു. ഗ്രാന്‍ഡ് മദര്‍, സഹോദരന്‍ സഹദേവന്‍ എന്ന രണ്ടുചിത്രങ്ങള്‍ കൂടി സുനില്‍ കാരന്തൂരിന്റെ പേരില്‍ കാണുന്നുണ്ടെങ്കിലും ഇത് റിലീസായ വിവരം പോലും സാധാരണ പ്രേക്ഷകര്‍ അറിഞ്ഞിട്ടില്ല.

പക്ഷേ പിന്നീട് നാട്ടുകാര്‍ സുനില്‍ കാരന്തൂരിനെ കാണുന്നത് കാഷായ വേഷത്തിലാണ്്. ആത്മീയ മേഖലയിലേക്ക് കടന്ന അദ്ദേഹം കോഴിക്കോട് കാരന്തൂരില്‍ ഒരു ആശ്രമവും തുടങ്ങി. സ്വാമി വിശ്വചൈതന്യയെന്ന് പേരും മാറ്റി. ഈ ആശ്രമവും വളരെ പെട്ടെന്ന് പ്രശസ്തമായി. നിരവധി ആളുകള്‍ ഇവിടെയെത്തി. ആശ്രമത്തില്‍ പ്രാര്‍ത്ഥനയും ഭജനയുമൊക്കെയുണ്ടായിരുന്നു. അതിനിടെയാണ് 2008-ല്‍ വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ പിടിയിലാവുന്നത്. അതോടെ ആള്‍ദൈവങ്ങള്‍ക്കെതിരെയും സ്വാമി-സിദ്ധന്‍മ്മാര്‍ക്കെതിരെയും കേരളത്തില്‍ വലിയ കാമ്പയിന്‍ ഉണ്ടായി. ഈ സമയത്ത് സുനിലിന്റെ ആശ്രമത്തിലേക്ക് ഡിവൈഎഫ്ഐയുടെ മാര്‍ച്ചും, പൊലീസ് അന്വേഷണവുമൊക്കെ ഉണ്ടായിരുന്നു.

സാധാരണ ഹൈന്ദവ ആശ്രമങ്ങളില്‍നിന്ന് ഭിന്നമായി എല്ലാ ജാതി മതസ്ഥര്‍ക്കും പ്രവേശനമുള്ളതായിരുന്നു സുനിലിന്റെ ആശ്രമം. ഒരിക്കല്‍ ഒരു റംസാന്‍ നോമ്പുകാലത്ത് ഇവിടെ നോമ്പുതുറ സംഘടിപ്പിക്കുകയും, മതസൗഹാര്‍ദ പ്രസാദമായി കോഴി ബിരിയാണികൊടുക്കുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ ആശ്രമം ആക്രമിക്കുകയും ചെയ്തിരുന്നു.

കേക്ക് സ്റ്റോറിയുമായി വീണ്ടും

സന്തോഷ് മാധവന്‍ വിവാദം കത്തിനില്‍ക്കുന്ന സമയത്ത് നടന്‍ തിലകന്‍ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു-'' എനിക്ക് വണ്ടിച്ചെക്കുകള്‍ നല്‍കിയ ഒരു സംവിധായകന്‍ ഇപ്പോള്‍ ആള്‍ ദൈവമാണ് ''. ഇതും കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാന്‍ സുനില്‍ ശ്രമിച്ചിരുന്നു. 2009-ല്‍ കഥ പറയുന്ന തീരം എന്ന ചിത്രമെടുത്തു. 2010-ല്‍ തത്വമസി, 2011-ല്‍ ലക്കിജോക്കേഴ്സ്, 2018-ല്‍ അരക്കിറുക്കന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ പേരില്‍ സിനിമാ വെബ്സൈറ്റുകളില്‍ കാണുന്നുണ്ട്. പക്ഷേ ഈ ചിത്രങ്ങള്‍ ഒന്നും തന്നെ ബോക്സോഫീസില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല.




പിന്നീട് നീണ്ട 7 വര്‍ഷത്തിനുശേഷം സുനില്‍ കാരന്തുര്‍ എടുത്ത പുതിയ ചിത്രം, 'കേക്ക് സ്റ്റോറി' ഇപ്പോള്‍ തീയേറ്റുകളില്‍ ഉണ്ട്. ഇത്തവണ സുനില്‍ കാരന്തൂരിലെ സ്ഥലപ്പേര് മുറിച്ചുമാറ്റി വെറും സുനില്‍ എന്നാണ് ടൈറ്റില്‍ കാര്‍ഡില്‍ കൊടുത്തിരിക്കുന്നത്. ഇപ്പോള്‍ ആത്മീയ പാതയൊക്കെ അദ്ദേഹം ഉപേക്ഷിച്ചിരുന്നു. പക്ഷേ ചിത്രത്തിന് ദയനീയമായ പ്രതികരണമാണ് കിട്ടുന്നത്. സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്.

തമിഴ് നടനായ റെഡിന്‍ കിന്‍സ്ലി (ജയിലര്‍ സിനിമാ ഫേം) ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പക്ഷേ റെഡിന്‍ കിന്‍സ്ലിയെ ഒന്നും തീരെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കൊപ്പം അശോകന്‍, ബാബു ആന്റണി, ജോണി ആന്റണി, മേജര്‍ രവി, മല്ലിക സുകുമാരന്‍ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങളാണ് ചിത്രത്തിലുള്ളത്. പക്ഷേ ഓര്‍മ്മയില്‍നില്‍ക്കുന്ന ഒരു ഷോട്ടുപോലും ചിത്രത്തിലില്ല എന്നതാണ് വാസ്തവം. ഒരു കേക്കിന് പിന്നിലെ കഥ പറയുന്ന ചിത്രത്തിന് നല്ലൊരു ത്രഡ് ഉണ്ടായിരുന്നു. പക്ഷേ പിന്നീടത് വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. വേദ സുനില്‍ എന്ന നായികയും, ബാബു ആന്റണിയുടെ പ്രതിനായകനുമാണ് അല്‍പ്പമെങ്കിലും പ്രേക്ഷക ശ്രദ്ധ കിട്ടിയത്. നേരത്തെ ചന്ത സിനിമയുടെ രണ്ടാം ഭാഗം വരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബാബു ആന്റണി അങ്ങനെ ഒരു പോസ്റ്റും ഇട്ടിരുന്നു. ബാബു ആന്റണിയുടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണിത്.