വാഷിങ്ടണ്‍: ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ചരിത്രത്തെ സാക്ഷിയാക്കി ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ പറന്നിറങ്ങി. 17 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്.

തുടര്‍ന്ന് സ്ട്രെച്ചറില്‍ സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും സ്ട്രെച്ചറില്‍ പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് പേടകത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങിയത്. രണ്ടാമതായി അലക്സാണ്ടര്‍ ഗോര്‍ബനോവിനെ പുറത്തിറക്കി. മൂന്നാമതായാണ് സുനിതാ വില്യംസിനെ പുറത്തെത്തിച്ചത്. ബുച്ച് വില്‍മോറായിരുന്നു നാലാമന്‍. കൈവീശികാണിച്ച് ചിരിച്ചാണ് എല്ലാവരും പേടകത്തില്‍ നിന്നും പുറത്തിറങ്ങിയത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഫ്‌ളോറിഡ തീരത്തിന് സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലിലാണ് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ ക്രൂ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ നാസ പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് ബഹിരാകാശ യാത്രികരെയും വഹിച്ച് ഡ്രാഗണ്‍ ക്രൂ-9 ബഹിരാകാശ നിലയത്തില്‍നിന്ന് വേര്‍പെട്ട് ഭൂമിയിലേക്ക് തിരിച്ചത്.

ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് 15,000 കിലോമീറ്റര്‍ ഉയരത്തില്‍വെച്ച് പേടകത്തില്‍നിന്ന് ട്രങ്ക് ഭാഗം വിട്ടുമാറി. ട്രങ്ക് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിയമര്‍ന്നു. ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് നിയന്ത്രിത വേഗത്തിലാണ് പേടകം അന്തരീക്ഷത്തിലേക്ക് കടന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.54ഓടെ ഡീഓര്‍ബിറ്റ് ബേണ്‍ പൂര്‍ത്തിയാക്കി. അന്തരീക്ഷത്തിലെ ഘര്‍ഷണം മൂലം പേടകത്തിനു മേലുണ്ടാകുന്ന 3500 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂട് ചെറുക്കാനായി ഹീറ്റ് ഷീല്‍ഡ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും പേടകത്തിനുണ്ടായിരുന്നു.

ഘട്ടംഘട്ടമായി വേഗം കുറച്ചശേഷം ഒടുവില്‍ പാരച്യൂട്ടുകള്‍ വിടര്‍ത്തിയാണ് പേടകം മെക്‌സിന്‍ കടലില്‍ ഇറക്കിയത്. റഷ്യന്‍ പേടകങ്ങള്‍ മൂന്നര മണിക്കൂറില്‍ പൂര്‍ത്തിയാക്കുന്ന യാത്ര, സ്‌പേസ് എക്‌സിന്റെ കര്‍ശന സുരക്ഷാ ചട്ടങ്ങള്‍ കാരണം 17 മണിക്കൂറെടുത്താണ് പൂര്‍ത്തിയാക്കിയത്. നേവി സീലിന്റെ മുങ്ങല്‍ വിദഗ്ധരും മെഡിക്കല്‍ സംഘവുമുള്‍പ്പെടെ കടലില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. യാത്രികരെ ഹെലികോപ്റ്ററില്‍ ഫ്‌ലോറിഡയിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തിച്ചു. ദിവസങ്ങള്‍ നീളുന്ന ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ അനുമതി നല്‍കിയ ശേഷമേ വീടുകളിലേക്കു മടങ്ങൂ.