കൊച്ചി: മലയാളം സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങള്‍ തുടര്‍ച്ചയായി വരുമ്പോള്‍ മുമ്പും മോശം പ്രവണതകള്‍ ഉണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി സുപര്‍ണ ആനന്ദ്. മലയാള സിനിമയില്‍ നിന്ന് കയ്‌പേറിയ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് വൈശാലി സിനിമയിലെ നായികയായിരുന്നു സുപര്‍ണ പറയുന്നത്.

കാസ്റ്റിങ് കൗച്ച് പണ്ടു മുതലെ സിനിമയില്‍ ഉണ്ടെന്നും എന്നാല്‍ നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറയാന്‍ കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും നടി ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. കൂടാതെ വിഷയത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും മൗനം അമ്പരിപ്പിച്ചെന്നും കൂട്ടിച്ചേര്‍ത്തു.

'കാസ്റ്റിങ് കൗച്ച് ഇതാദ്യമായിട്ടല്ല. നേരത്തെ മുതലെ സിനിമയിലുണ്ട്. മലയാള സിനിമയില്‍ നിന്ന് കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് അകന്നത്. എല്ലാ ആളുകളും ഇതിനൊന്നും തയാറല്ല. സിനിമയില്‍ ഇതിനൊന്നും തയാറാകാത്തവരുമുണ്ട്. ഉപദ്രവിച്ച ആളുകളുടെ പേര് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കണം'.

ആരോപണ വിധേയനായ നടനും എം.എല്‍.എ.യുമായ മുകേഷ് രാജിവെക്കണം അല്ലെങ്കില്‍ നിരപരാധിയാണെന്ന് തെളിയിക്കണമെന്നും നടി പറഞ്ഞു. 'സമൂഹത്തെ പരിപാലിക്കാനാണ് വരുന്നതെങ്കില്‍ നിങ്ങള്‍ കളങ്കമില്ലാത്ത ആളായിരിക്കണം. എന്തെങ്കിലും ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതു ശരിയല്ലെന്ന് അവര്‍ തന്നെ തെളിയിക്കണം'.

മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും മൗനം അമ്പരിപ്പിച്ചെന്നും സുപര്‍ണ പറഞ്ഞു.'നേതൃത്വത്തിന്റെ പരാജയമാണ് അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്) ഭരണസമിതിയുടെ രാജിയിലേക്ക് നയിച്ചത്. സ്ത്രീകളും നേതൃത്വത്തിലേക്ക് വരണം. താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് മുന്നോട്ട് പോകണം. കേരളത്തിലെ സംഭവങ്ങള്‍ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനടയാക്കട്ടെ'-സുപര്‍ണ്ണ പറഞ്ഞു

വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന നടിയാണ് സുപര്‍ണ ആനന്ദ്. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് താരം വെള്ളിത്തിരയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്.