വീട്ടിലെ പ്രസവത്തിനെതിരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വലിയ കാമ്പയിന്‍ നടക്കുമ്പോഴും, ഈ പ്രാകൃത രീതിയുടെ ഇരയായി ഒരു കുഞ്ഞിന്റെ കൂടി ജീവന്‍ നഷ്ടമായി. ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിലാണ് നവജാത ശിശു മരിച്ചത്. ജോണ്‍സണ്‍ - വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇടുക്കി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ചാണ് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. അമ്മ ഇപ്പോഴും അപകടനില പൂര്‍ണ്ണമായി തരണം ചെയ്തിട്ടില്ല.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍, മലപ്പുറത്ത് ചട്ടിപ്പറമ്പില്‍ വീട്ടില്‍ വെച്ചുള്ള പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിനുശേഷം ആരോഗ്യവകുപ്പ് ശക്തമായ കാമ്പയിന്‍ നടത്തി വരികയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ (35) ആണ് മലപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് പ്രസവത്തിനിടെ മരിച്ചത്. അസ്മയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ മന:പൂര്‍വമായ നരഹത്യാക്കുറ്റമാണ് ചുമത്തിയത്. പിന്നീട് തെളിവ് നശിപ്പിച്ച കുറ്റവും ചുമത്തിയിരുന്നു. ഭാര്യ മരിച്ച ശേഷം ആരെയും അറിയിക്കാതെ രാത്രി തന്നെ ആംബുലന്‍സ് വിളിച്ച് മൃതദേഹവുമായി സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. ഇയാള്‍ മടവൂര്‍ കാഫില എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ഇതില്‍ ഇത്തരം അന്ധവിശ്വാസപരമായ വീഡിയോകളും മതപരമായ ആശയങ്ങളുമാണ് പ്രചരിപ്പിച്ചിരുന്നത്. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ഈ സംഭവത്തില്‍ പ്രസവം എടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയും മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോള്‍ ഏതാണ്ട് സമാനമായ സംഭവങ്ങളാണ് ഇടുക്കിയിലും ഉണ്ടായിരിക്കുന്നത്.

കര്‍ത്താവ് രക്ഷിക്കുമെന്ന് പാസ്റ്റര്‍

മലപ്പുറത്തേത് ഇസ്ലാമിക അന്ധവിശ്വാസം മൂലം ഉണ്ടായതാണെങ്കില്‍, ഇടുക്കിയില്‍ അത് ക്രൈസ്തവ അന്ധവിശ്വാസമായിരുന്നു. മരിച്ച കുട്ടിയുടെ പിതാവ് ജോണ്‍സണ്‍ സുവിശേഷ പ്രവര്‍ത്തകനെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്. 45കാരിയായ വിജി പൂര്‍ണഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് വാഴത്തോപ്പ് പിഎച്ച്സിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഇവരുടെ വീട്ടിലെത്തുകയും ആശുപത്രിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അനുസരിക്കാത്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയപ്പോഴാണ് പ്രസവം കഴിഞ്ഞെന്നും കുഞ്ഞ് മരിച്ചെന്നും അമ്മ ഗുരുതരാവസ്ഥയിലാണെന്നും അറിയുന്നത്. വിജിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഇവര്‍ തയാറായില്ല. ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇടുക്കിയില്‍ നിന്ന് പൊലീസെത്തി ബലമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ പലതവണ വീട്ടിലെത്തി ആശുപത്രിയില്‍ പോയി പരിശോധന നടത്തണമെന്നും മരുന്നുകള്‍ കഴിക്കണമെന്നും നിര്‍ദേശിച്ചെങ്കിലും വിശ്വാസപരമായ കാര്യങ്ങള്‍ പറഞ്ഞ് ഇവര്‍ ചികിത്സ തേടാന്‍ തയാറായിരുന്നില്ലെന്ന് പഞ്ചായത്ത് അംഗം പി.വി. അജേഷ് കുമാര്‍ പറഞ്ഞു. എല്ലാം കര്‍ത്താവ് നോക്കിക്കോളുമെന്നാണ്, ഇവര്‍ പറഞ്ഞിരുന്നത്. വിജിയുടെ നാലാമത്തെ പ്രസവമാണിത്. നേരത്തേ, മൂന്ന് കുട്ടികളെയും പ്രസവിച്ചത് വീട്ടില്‍തന്നെയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തതായി അറിയില്ലെന്നും സമീപവാസികളുമായി ഇവര്‍ക്ക് കൂടുതല്‍ ബന്ധമില്ലെന്നും ഇടക്കിടെ ഇവിടെ വന്ന് താമസിച്ചുവരുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട്വന്നതിനുശേഷമേ ശിശുവിന്റെ മരണകാരണം അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട് ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വീട്ടിലെ പ്രസവം അപകടകരം

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തോളം പേര്‍ വീട്ടിലെ പ്രസവത്തിനിടെ മരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയില്‍ കേരളം നേടിയ ഏറ്റവും വലിയ നേട്ടമായിരുന്നു, പ്രസവത്തിനിടെയുള്ള ശിശു- മാതൃ മരണ നിരക്കുകള്‍ കുത്തനെ കുറക്കാന്‍ കഴിഞ്ഞുവെന്നത്. ഇതിന് ഏറ്റവും സഹായിച്ചത് ആശുപത്രിയിലെ പ്രസവങ്ങളായിരുന്നു. ഇപ്പോള്‍ സമാന്തര ചികില്‍സയുടെ മറവില്‍ ചില ഹോമിയോപതി- അക്യൂപങ്്ചര്‍, പ്രകൃതി ചികിത്സാ ഡോക്ടര്‍മാര്‍, വീട്ടിലെ പ്രസവത്തിനുവേണ്ടി കൂട്ടായ്മയുണ്ടാക്കിയും മറ്റും പ്രചാരണം നടത്തുകയാണ്.

എന്നാല്‍ മലപ്പുറം കോഡൂരിലെ സംഭവത്തിനുശേഷം ആരോഗ്യവകുപ്പ് വീട്ടിലെ പ്രസവത്തിനെതിരെ ശക്തമായ കാമ്പയിന്‍ നടത്തിയിരുന്നു. ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന കാമ്പെയിനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നത്. പിന്നാക്ക സാമൂഹികസാഹചര്യങ്ങള്‍, കുടിയേറ്റം, ഗതാഗത സൗകര്യക്കുറവ്, ആശുപത്രിയിലെ പ്രസവത്തിന്റെ ഭാരിച്ച ചെലവ്, ആശുപത്രിയിലെ മോശം അനുഭവങ്ങള്‍, അലോപ്പതിയോടുള്ള എതിര്‍പ്പ്, നാച്ചുറോപ്പതി, അക്യുപങ്ചര്‍ ചികിത്സകളിലുള്ള വിശ്വാസം എന്നിങ്ങനെ പലവിധ കാരണങ്ങളാണ് വീട്ടിലെ പ്രസവത്തിന് പിന്നിലുള്ളത്.

ഈ കാമ്പയിന്‍ നന്നായി ഫലം കാണുകയും ചെയ്തിരുന്നു. മലപ്പുറം ജില്ലയില്‍ ക്യാമ്പയിന്‍ തുടങ്ങുന്നതിന് മുന്‍പുള്ള ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 61 ഗാര്‍ഹിക പ്രസവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയില്‍ 25, ഫെബ്രുവരിയില്‍ 13, മാര്‍ച്ചില്‍ 23 എന്നിങ്ങനെയാണ് കണക്കുകള്‍. കാമ്പയിന്‍ തുടങ്ങിയ ഏപ്രിലില്‍ ആറു ഗാര്‍ഹിക പ്രസവങ്ങളാണ് ഉണ്ടായിരുന്നത്. മെയില്‍ മൂന്ന്, ജൂണില്‍ നാല്, ജൂലായില്‍ അഞ്ച് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ വീട്ടില്‍ പ്രസവം നടക്കുന്ന ജില്ല മലപ്പുറമാണ്. ഇതിനുപുറമേ കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി 13-ലധികം ഗാര്‍ഹിക പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഉടനീളം ആശുപത്രിയില്‍ പ്രസവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കളക്ടറുടെ നേതൃത്വത്തില്‍ മതനേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു.

വീട്ടിലെ പ്രസവം കൂടുതലുള്ള വിവിധ പ്രാദേശികസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ നാടകങ്ങള്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നയിക്കുന്ന സെമിനാറുകള്‍, സാമൂഹിക സാംസ്‌കാരിക നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍, മറ്റു വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ജനകീയ റാലികള്‍, കൂട്ടനടത്തം എന്നിവ നടത്തിയിരുന്നു. ഇതു പ്രകാരം, മലപ്പുറത്തെ വീട്ടിലെ പ്രസവത്തിന്റെ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. പക്ഷേ അപ്പോഴിതാ ഇടുക്കിയിടക്കം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. എന്നാല്‍ ഇടുക്കിയിലേത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇവിടെ വീട്ടിലെ പ്രസവങ്ങള്‍ വ്യാപകമല്ല എന്നുമെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്.