തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പലതരത്തിലുള്ള ചര്‍ച്ചകളും പ്രതിഷേധങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.ഇതില്‍ വേറിട്ടൊരു പ്രതിഷേധം സോഷ്യല്‍ മീഡിയയുടെ തന്നെ കൈയ്യടി നേടുകയാണ്.മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അനാവശ്യമായി ഉപയോഗിക്കുന്നുവെന്നണ് ആക്ഷേപം.ഇതേതുടര്‍ന്നുള്ള പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ചിരിപടര്‍ത്തുന്നത്.

ഹേമകമ്മറ്റിയുടെ ബന്ധപ്പെട്ട എന്തുവാര്‍ത്ത വന്നാലും അതില്‍ മോഹന്‍ലാലിന്റെ ഫോട്ടോ ഉള്‍പ്പെടുത്തുവെന്നാണ് ആക്ഷേപം.മലയാളത്തിന് പുറമെ ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ വരെ ആക്ഷേപത്തിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.ഒരു ബന്ധവുമില്ലാത്ത വാര്‍ത്തകളില്‍ പോലും മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.ടിആര്‍പി റേറ്റിങ്ങിനും റീച്ചിനും വേണ്ടിയാണ് ഇത്തരത്തില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് എന്നാണ് ആരാധകരുടെ വാദം.

ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരുപറ്റം ആരാധകരുടെ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറുന്നത്.വാര്‍ത്തകളെ
ട്രോളുകളുടെ രൂപത്തില്‍ അവതരിപ്പിച്ചാണ് പ്രതിഷേധം.കാലാവസ്ഥയും സ്പോര്‍ട്സും ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍ വാര്‍ത്തയില്‍ യഥാര്‍ത്ഥ ചിത്രം ഉപയോഗിക്കുന്നതിന് പകരം മോഹന്‍ലാലിന്റെ പടം ഉപയോഗിച്ചാണ് ട്രോളുകള്‍ നിര്‍മ്മിക്കുന്നത്.പലതും കാഴ്ച്ചക്കാരില്‍ ചിരിപടര്‍ത്തുന്നുമുണ്ട്.

നിരവധി ഫോളോവേഴ്സ് ഉള്ള ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഇതിനെതിരെ ട്രോളുകള്‍ വന്നിരിക്കുന്നത്. മലയാളത്തിന്റെ മോഹന്‍ലാല്‍, ഞാനില്ലാതെ എന്ത് റേറ്റിംങ്, ട്രെന്‍ടിനൊപ്പം എന്നിങ്ങനെയാണ് പോസ്റ്റിന് അനുകൂലിച്ചുകൊണ്ട് കമ്മന്റുകളെത്തുന്നത്.മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ ആ പോസ്റ്റിന് റീച്ച് കൂടുമെന്നും അതിനുവേണ്ടിയാണ് വിവിധ മാധ്യമങ്ങള്‍ ഇത്തരത്തില്‍ ലാലേട്ടന്റെ ചിത്രങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

മോഹന്‍ലാലിന്റെ പേര് പോലും എവിടെയും ഇതുവരെ പ്രതിപാദിക്കാത്ത വാര്‍ത്തകളില്‍ പോലും ലാലേട്ടന്റെ തല ഫുള്‍ ഫിഗര്‍ എന്ന അവസ്ഥയാണ് ഇപ്പോള്‍.എതായാലും വേറിട്ടരീതിയിലെ പ്രതിഷേധം ചര്‍ച്ചകള്‍ക്കും ചിരികള്‍ക്കും ഒരുപോലെ വഴിവെക്കുന്നുണ്ട്.അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന പ്രതികരണവുമായി നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ രംഗത്ത് വന്നു.റിപ്പോര്‍ട്ടിലെ കാര്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നും ശാരദ പ്രതികരിച്ചു.

അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ താന്‍ എഴുതിയ കാര്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നാണ് നടി ശാരദ പറയുന്നത്.റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്നും ശാരദ പറയുന്നു.റിപ്പോര്‍ട്ടിലെ ശാരദയുടെ വിവാദ പരാമര്‍ശങ്ങളില്‍ മറുപടി നല്‍കാനും ശാരദ തയ്യാറായില്ല.നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്.

ആകെ 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.