- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം; സുപ്രീം കോടതി വിധി പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതിയില്‍ പോയി സര്‍ക്കാരിനെ തിരുത്തി സര്‍വകലാശാല ജീവനക്കാര്‍; സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കാനും സംവരണം നടപ്പാക്കാനും ഹൈക്കോടതിയുടെ വിധി
ഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം
കൊച്ചി: ഭിന്നശേഷിയുള്ള ജീവനക്കാര്‍ക്ക് ഉയര്‍ന്ന തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് നാലുശതമാനം സംവരണം ഉറപ്പു വരുത്തണമെന്ന സുപ്രീം കോടതി വിധി പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍. മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്ഥാനക്കയറ്റം നല്‍കാതിരുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി അനുകൂല വിധി നേടി എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളിലെ ജീവനക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കാല ഉത്തരവുകള്‍ റദ്ദാക്കാനും സ്ഥാനക്കയറ്റത്തിനുള്ള സംവരണം നടപ്പാക്കാനും ഹൈക്കോടതി വിധി. ഭിന്നശേഷിക്കാര്‍ക്ക് കൃഷി വകുപ്പില്‍ അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഉദ്യോഗസ്ഥ സംഘടനകള്‍ വിമുഖത കാണിക്കുന്നതായും പരാതി.
ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത ക്വാട്ടയില്‍ ഉയര്‍ന്ന തസ്തികകളിലേക്ക് (അസിസ്റ്റന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ തുടങ്ങിയവ) സ്ഥാനക്കയറ്റം നല്‍കണമെന്ന ആവശ്യം എം.ജി, കണ്ണൂര്‍, സര്‍വകലാശാലകളും സര്‍ക്കാരും നിഷേധിച്ചതിനെതിരെയാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട സ്ഥാനക്കയറ്റം നിഷേധിക്കാന്‍ സര്‍വകലാശാലകള്‍ ചൂണ്ടിക്കാട്ടിയത് സര്‍ക്കാര്‍ ഉത്തരവുകളാണ്. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവു പ്രകാരം നേരിട്ടുള്ള നിയമനം വഴിയും സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്ന തസ്തികകളില്‍ മാത്രമേ ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കേണ്ടതുള്ളൂയെന്ന നിലപാടാണ് സര്‍വകലാശാലകള്‍ അറിയിച്ചത്.
നാലുശതമാനം സംവരണം നല്‍കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി. സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഫീസ് മെമ്മോറാണ്ടത്തിനും സുപ്രീം കോടതിയുടെ മുന്‍കാല വിധിന്യായങ്ങളിലെ തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. സ്ഥാനക്കയറ്റം നിഷേധിച്ചുകൊണ്ടുള്ള എം.ജി. യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ ഉത്തരവും സോഷ്യല്‍ ജസ്റ്റിസ് വകുപ്പിന്റെ കത്തും റദ്ദാക്കി.
ഭിന്നശേഷിയുള്ള ജീവനക്കാര്‍ക്ക് ഉയര്‍ന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന ഹര്‍ജിക്കാരുടെ അപേക്ഷകള്‍ മൂന്ന് മാസത്തിനകം പരിഗണിച്ച് പുതിയ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് (യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍മാരും സര്‍ക്കാരും) കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, മുരളീ കൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െ്റതാണ് വിധി.