- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇസ്ലാം വിട്ടിട്ടും ശരീയത്ത് നിയമം വേട്ടയാടുന്നു; മകള്‍ക്ക് സ്വത്ത് കൈമാറാന്‍ സാധിക്കുന്നില്ല; കോടതി ഇടപെട്ട് അവിശ്വാസിയായി പ്രഖ്യാപിക്കണം'';എക്സ് മുസ്ലീം യുവതിയുടെ ഹരജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി; രണ്ടാം ഷാബാനു കേസായി ആലപ്പുഴ സ്വദേശിനിയായ സഫിയയുടെ കേസ്
'ഇസ്ലാം വിട്ടിട്ടും ശരീയത്ത് നിയമം വേട്ടയാടുന്നു
കോഴിക്കോട്: ലോക വ്യാപകമായി തന്നെ ഇപ്പോള്‍ വലിയൊരു മൂവ്മെന്റായി മാറിയിരിക്കയാണ്, ഇസ്ലാം മതം ഉപേക്ഷിക്കുന്നവരുടെ കൂട്ടായ്മയായ എക്സ് മുസ്ലീം മൂവ്മെന്റ്. കേരളത്തിലും അതിന്റെ അലയൊലികള്‍, എത്ര ശക്തമാണെന്ന് അറിയാന്‍ സോഷ്യല്‍ മീഡിയ നോക്കിയാല്‍ മതി. ഒരു കാലത്ത്, അധികമാരു ം ഇസ്ലമാമിക മത വിമര്‍ശനം നടത്താത്തിടത്ത്, ഇപ്പോള്‍ നുറുകണക്കിന് ആളുകളാണ് കാലഹരണപ്പെട്ട മത നിയമങ്ങളെ ചോദ്യം ചെയ്യുന്നത്. പക്ഷേ എക്സ് മുസ്ലീങ്ങള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം അവര്‍ മതം വിട്ടുവെന്ന് പറഞ്ഞാലും, സിവില്‍ നിയമങ്ങള്‍ ശരീഅത്ത് തന്നെയാണെന്നതാണ്. ഇതിനെതിരെ നിയമപോരാട്ടത്തിന് നീങ്ങുകയാണ്, ആലപ്പുഴ സ്വദേശിനിയായ പി എം സഫിയ എന്ന എക്സ് മുസ്ലീം യുവതി.
അവിശ്വാസിയായതിനാല്‍ തന്റെ ജീവിതത്തില്‍ ശരിയത്ത് നിയമം ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് സഫിയ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി നേരത്തെ ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. പക്ഷേ ഇപ്പോള്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയിരിക്കയാണ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസുമാരായ സഞ്ജയ് കുമാറും കെ.വി വിശ്വനാഥനും അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നാലാഴ്ചത്തെ സമയം അനുവദിച്ചു.
ഹര്‍ജി താല്‍പര്യജനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മുസ്ലിമായാണ് ജനിച്ചതെന്നും എന്നാല്‍, താന്‍ ശരിയത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഇത് ഒരു 'പിന്തിരിപ്പന്‍ നിയമ'മാണെന്ന് കരുതുന്നുവെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയതായി തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറലിന്റെ കമന്റ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ സഫിയ കേസ് ചര്‍ച്ചയാവുകയാണ്. രണ്ടാം ഷാബാനുകേസ് എന്നാണ് പലരും ഇതിനെ വിലയിരുത്തുന്നത്്.
മതം വിട്ടിട്ടും ശരീയത്ത് വിടുന്നില്ല
2024 മെയ് 3-ന് അന്നത്തെ ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡ് മുമ്പാകെയാണ് സഫിയ ഹരജി സമര്‍പ്പിച്ചത്. ''ഞാന്‍ ഇസ്ലാം വിട്ടു. കാരണം ഈ മതത്തിലെ നിയമങ്ങളും ചട്ടങ്ങളും സ്ത്രീകള്‍ക്കെതിരാണ്. ഇസ്ലാം വിട്ടിട്ടും എന്റെ മകള്‍ക്ക് സ്വത്ത് കൈമാറാന്‍ സാധിക്കുന്നില്ല. ഇസ്ലാം മതം ഇപ്പോഴും എനിക്ക് മാര്‍ഗ്ഗതടസ്സമായി നില്‍ക്കുന്നു, അവര്‍ പറഞ്ഞു. മുസ്ലിം വ്യക്തിനിയമ (ശരിയത്ത്) പ്രകാരം ഒരു സ്ത്രീക്ക് സ്വത്തിലേ മൂന്നില്‍ ഒന്ന് മാത്രമേ അവകാശപ്പെടാനാകൂ. ഏക മകളാണെങ്കില്‍ മാത്രം അവള്‍ക്ക് 50 ശതമാനം വരെ സ്വത്ത് കിട്ടും. സുപ്രീകോടതിയെ സമീപിച്ചത് എനിക്കുവേണ്ടി മാത്രമല്ല. എന്നെ പോലെയുള്ള നിരവധി പേര്‍ക്ക് വേണ്ടിയാണ്. ഞാന്‍ മരിക്കുന്നതിന് മുമ്പ് അടുത്ത തലമുറയ്ക്കായി ചില മതേതര നിയമങ്ങള്‍ നിലവില്‍ വരണമെന്ന് ആഗ്രഹിക്കുന്നു''- സഫിയ ഹരജിയില്‍ വ്യക്തമാക്കി.
സ്ത്രീ വിരുദ്ധമായതിനാല്‍ ശരിയത്ത് നിയമം അനുസരിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ സഫിയ അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.. അവിശ്വാസിയായി കോടതി പ്രഖ്യാപിച്ചാല്‍ മാത്രമേ 1925-ലെ മതേതര ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശപ്രകാരം സഫിയയുടെ മകള്‍ക്ക് മുഴുവന്‍ സ്വത്തും കൈമാറാന്‍ സാധിക്കൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഔദ്യോഗികമായി മതം ഉപേക്ഷിച്ചതിന് ശേഷവും ശരിയത്ത് നിയമം ബാധകമാണെങ്കില്‍ അത് നീതിയുടെ പരാജയമായിരിക്കുമെന്ന് സഫിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍, ഭരണഘടനയുടെ 32-ാം അനുച്ഛേദം പ്രകാരം രാജ്യത്തെ മതേതര നിയമം യുവതിക്ക് ബാധകമാക്കണെമന്ന് അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇതേ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് നല്‍കിയിരുന്നു. ഈ കേസില്‍ വിധി എന്തായാലും അത് ചരിത്ര പ്രധാന്യമുള്ളതായിരിക്കും. അതുകൊണ്ടുതന്നെ കേസിന്റെ വിവിധവശങ്ങള്‍ മാധ്യമങ്ങളും ഉറ്റുനോക്കുകകയാണ്.