ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കൊലപാതകവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.ബി.പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിമര്‍ശനം. കൊലപാതകത്തെ അസ്വാഭാവിക മരണമായി റജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കാന്‍ വൈകിയതിനെ കോടതി വിമര്‍ശിച്ചു.

'പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമാണ് അസ്വാഭാവിക മരണമെന്ന് റജിസ്റ്റര്‍ ചെയ്തത്. മരണം അസ്വാഭാവികമല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത്. വൈകിട്ട് 6.10ന് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം 7.10നാണ് അവസാനിച്ചത്. അതിനുശേഷം രാത്രി 11.30നാണ് മരണം അസ്വാഭാവികമെന്ന് റജിസ്റ്റര്‍ ചെയ്തത്. പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത് 11.40നും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അസ്വാഭാവിക മരണമെന്ന് റജിസ്റ്റര്‍ ചെയ്തത് അദ്ഭുതപ്പെടുത്തുന്നു. ഇതാണ് ശരിയെങ്കില്‍ അപകടകരമായതെന്തോ സംഭവിച്ചിട്ടുണ്ട്.' കോടതി പറഞ്ഞു. കൊല്‍ക്കത്ത കേസില്‍ പൊലീസ് കാണിച്ച കൃത്യവിലോപം പോലെയൊന്ന് 30 വര്‍ഷത്തിനിടെ കണ്ടിട്ടില്ലെന്നും കോടതി പറഞ്ഞു.

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ എല്ലാ പ്രശ്‌നങ്ങളും കര്‍മസമിതി കേള്‍ക്കും. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ പേരില്‍ നടപടിയുണ്ടാകില്ലെന്നും സുപ്രീംകോടതി ഡോക്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കി. സര്‍ക്കാര്‍ ആശുപത്രികളില്‍ പോയിട്ടുണ്ട്. അവിടുത്തെ നിലത്തു കിടന്ന് ഉറങ്ങിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 36 മണിക്കൂര്‍ ഡോക്ടര്‍മാര്‍ ജോലിയെടുക്കുന്നുണ്ടെന്ന് അറിയാം. അത് പലപ്പോഴും 48 മണിക്കൂര്‍ വരെ നീളും. അതിനുശേഷം ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കാന്‍ വന്നാല്‍ ചെറുത്തുനില്‍ക്കാനുള്ള മാനസികശാരീരിക ശേഷി ഡോക്ടര്‍മാര്‍ക്കുണ്ടാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

കേസ് അന്വേഷിക്കുന്ന സിബിഐ തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. യുവതി മരിച്ചുകിടന്ന ക്രൈം സീനില്‍ മാറ്റങ്ങള്‍ വരുത്തിയതായി സിബിഐ കോടതിയില്‍ ആരോപിച്ചു. അതേസമയം, ആരോപണം നിരസിച്ച ബംഗാള്‍ സര്‍ക്കാര്‍ ക്രൈംസീനിലെ എല്ലാ കാര്യങ്ങളും വിഡിയോയില്‍ പകര്‍ത്തിയെന്ന് കോടതിയെ അറിയിച്ചു. അടുത്ത വാദം കേള്‍ക്കലില്‍ കൊല്‍ക്കത്ത പൊലീസ് ഹാജരാകണമെന്നും കോടതി പറഞ്ഞു. കേസില്‍ വാദം തുടരുകയാണ്.

കൊല്ലപ്പെട്ട പി.ജി. ട്രെയിനി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സൂചന. കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി.ബി.ഐ. വ്യാഴാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അറസ്റ്റിലായ പോലീസ് സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയുടെ പങ്ക് മാത്രമേ കുറ്റകൃത്യത്തില്‍ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂവെന്നാണ് സി.ബി.ഐ. പറയുന്നത്. ഫൊറന്‍സിക് റിപ്പോര്‍ട്ടിലും ഡി.എന്‍.എ. പരിശോധന ഫലത്തിലും ഇയാള്‍ക്കെതിരേ തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അന്തിമ അഭിപ്രായത്തിനായി ഫൊറന്‍സിക് റിപ്പോര്‍ട്ട് സി.ബി.ഐ. സംഘം വിദഗ്ധര്‍ക്ക് അയച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.