- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'എന്നെയും പൊലീസ് 'ഫ്രിസ്‌ക്' ചെയ്തു; എസ്.പി.ജി സംഘത്തോട് താന്‍ കേന്ദ്രമന്ത്രിയാണെന്ന് കേരള പൊലീസ് പറഞ്ഞിട്ടും അവര്‍ കടത്തിവിട്ടില്ല; ഷര്‍ട്ട് പൊക്കി കാണിച്ച ശേഷമാണ് കടത്തിവിട്ടത്; മുമ്പ് അമിത് ഷായോട് അടക്കം ആധാര്‍ കാര്‍ഡ് ചോദിച്ചു'; പ്രതികരണവുമായി സുരേഷ് ഗോപി
'എന്നെയും പൊലീസ് 'ഫ്രിസ്‌ക്' ചെയ്തു; എസ്.പി.ജി സംഘത്തോട് താന്‍ കേന്ദ്രമന്ത്രിയാണെന്ന് കേരള പൊലീസ് പറഞ്ഞിട്ടും അവര്‍ കടത്തിവിട്ടില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ എത്തിയ തന്നെ പൊലീസ് ഫ്രിസ്‌ക് (ദേഹപരിശോധന) നടത്തിയതായി വെളിപ്പെടുത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പരിശോധന നടത്തുന്ന എസ്.പി.ജി സംഘത്തോട് താന്‍ കേന്ദ്രമന്ത്രിയാണെന്ന് കേരള പൊലീസ് പറഞ്ഞിട്ടും അവര്‍ കടത്തിവിട്ടില്ല. അത് സുരക്ഷാപരിശോധനയുടെ ഭാഗമാണ്. എല്ലാവരും പാലിച്ചേ പറ്റൂ. മുമ്പ് അമിത് ഷായോട് അടക്കം ആധാര്‍ കാര്‍ഡ് ചോദിച്ചതായും സുരേഷ് ഗോപി പറഞ്ഞു. ദേശീയപാത ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
'ഇന്നലെ എന്നോട് നാല് സ്ഥലത്താണ് ആധാര്‍ കാര്‍ഡ് ചോദിച്ചത്. എന്റെ കൂടെയുള്ളവര്‍ ഞാന്‍ കേന്ദ്രമന്ത്രിയാണെന്ന് പറഞ്ഞപ്പോള്‍ 'നഹി, നഹി, നഹി, ഹമേം ദേഖ്‌നാ ഹേ' എന്നാണ് അവര്‍ പറഞ്ഞത്. എന്നെ അറിയാം അവര്‍ക്ക്. എന്നിട്ടും പരിശോധിച്ചു. ആധാര്‍ കാര്‍ഡ് പോര എന്നുണ്ടെങ്കില്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും എല്ലാം ഒറിജിനല്‍ കോപ്പി എടുത്ത് ഞാന്‍ അവരുടെ മുന്നില്‍ വെച്ചു. നമുക്ക് ഇസെഡ്, വൈ തുടങ്ങി പല കാറ്റഗറി സുരക്ഷ ഉണ്ട്. അതൊക്കെ ഈ ഉദ്യോഗസ്ഥര്‍ക്ക് പാലിച്ചേ പറ്റൂ. അമിത് ഷാ ഇതുപോലെ പാസ് കാണിച്ചിട്ടും കടത്തിവിടാതെ ആധാര്‍ കാര്‍ഡ് ചോദിച്ചിരുന്നു.
ഇന്നലെ ഒരു സ്ഥലത്ത് എന്നെ ഫ്രിസ്‌ക് (ദേഹപരിശോധന) ചെയ്തു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ പ്രധാനമന്ത്രി വരുന്ന പെട്രോളിയത്തിന്റെ പരിപാടിയില്‍ ഞാന്‍ ചെന്നപ്പോള്‍ എന്നെ ഫ്രിസ്‌ക് ചെയ്തു. 'സെന്‍ട്രല്‍ മിനിസ്റ്റര്‍' എന്ന് കേരള പൊലീസ് അവരോട് പറഞ്ഞപ്പോള്‍ പരിശോധിച്ചേ പറ്റൂ എന്ന് പറഞ്ഞു. എന്നോട് തിരിഞ്ഞു നില്‍ക്കാന്‍ പറഞ്ഞ് ബാക്കിലും അവര്‍ ഫ്രിസ്‌ക് ചെയ്തു. എന്നിട്ട് ലോഹ സാന്നിധ്യമുണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഷര്‍ട്ട് പൊക്കി കാണിച്ചു. ബെല്‍ട്ടിന്റെ ബക്ക്ള്‍ ആണെന്ന് പറഞ്ഞപ്പോഴാണ് എന്നെ കടത്തിവിട്ടത്. ഇനിയിപ്പോള്‍ ഞാന്‍ അവരെ തുണിപൊക്കി കാണിച്ചു എന്നു പറയുന്ന സംസ്‌കാരവും ഇവിടെ ഉണ്ട്' -സുരേഷ് ഗോപി പറഞ്ഞു.
കേരളം ആവശ്യങ്ങള്‍ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു. ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം പറയണമായിരുന്നു. കേന്ദ്രഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം എന്നെയും അറിയിക്കാറില്ല. അങ്ങനെയെങ്കില്‍ ഞാന്‍ എത്ര സമാന്തര ഉദ്ഘാടനങ്ങള്‍ നടത്തേണ്ടി വരും. ദേശീയപാത നിര്‍മ്മാണ ഉദ്ഘാടനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവിലെ അവകാശവാദങ്ങള്‍ രാഷ്ട്രീയമായി മാത്രം കണ്ടാല്‍ മതി. ആരെയൊക്കെ വിളിക്കണം എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമായിരുന്നു. സിപിഎമ്മിന് രാഷ്ട്രീയ വിവാദങ്ങള്‍ ആവശ്യമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചാരണം മാത്രമാണിത് -അദ്ദേഹം പറഞ്ഞു.
അതേസമയം കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടിയില്‍ പ്രതികരിച്ചപ്പോള്‍ മന്ത്രി എം ബി രാജേഷും സമാനമായ അഭിപ്രായങ്ങള്‍ ഉയര്‍ത്തിയിരുന്നു. മുന്‍പ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രത്യേക വിഐപി പാസുമായി എത്തിയ തന്നോട് എസ്പിജി ഉദ്യോഗസ്ഥര്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടത് ഞെട്ടിക്കുന്നതായിരുന്നുവെന്നും അത് തന്നെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെത്തുടര്‍ന്ന് താന്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും സംസ്ഥാന പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ ഇടപെടുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.


