തൃശൂര്‍: ഫിലിംചേംബര്‍ സ്വീകരണത്തില്‍ സംസാരിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് സിനിമയാണ് തന്റെ ജീവിതമെന്നും സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം തിരിച്ചെടുത്താന്‍ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞത്.

മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടേനെയെന്ന സുരേഷ് ഗോപിയുടെ പരമാര്‍ശത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് വിവരം. മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കില്ല. കടുത്ത നിലപാട് തുടര്‍ന്നാല്‍ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭരണ ഘടന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

ഫിലിംചേംബര്‍ സ്വീകരണത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അഭിനയിക്കുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ രക്ഷപ്പെട്ടുവെന്ന പരാമര്‍ശം സര്‍ക്കാരിനും ക്ഷീണമായി. അഭിനയിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തിന്മേല്‍ പരിഗണിക്കാമെന്ന ഒഴുക്കന്‍ മറുപടി നല്‍കിയതല്ലാതെ ഇനിയും അനുമതി നല്‍കിയിട്ടില്ല. പ്രസംഗത്തിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വലിച്ചിഴച്ചതിലും കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ആവശ്യമെന്നതിനാല്‍ സര്‍ക്കാരിന് ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. മന്ത്രി പദവിയിലിരുന്ന് പണസമ്പാദനത്തിനുള്ള മറ്റ് വഴികള്‍ തേടരുതെന്നാണ് നിലവിലെ ചട്ടമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

സുരേഷ് ഗോപിക്ക് അനുമതി നല്‍കിയാല്‍ മറ്റുള്ളവരും ആവശ്യങ്ങളുമായി എത്തിയേക്കാം. അത് പ്രതിസന്ധിക്കും നിയമ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി പദത്തിലിരുന്ന് തുടര്‍ച്ചയായി സുരേഷ് ഗോപി വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലെ അതൃപ്തി സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വത്തെ അറിയിച്ചുണ്ട് .

22 സിനിമകളില്‍ അഭിനയിക്കണമെന്ന് പറഞ്ഞുള്ള പേപ്പര്‍ കെട്ട് അമിത് ഷാ എടുത്ത് എറിഞ്ഞുവെന്നും എങ്കിലും പരിഗണിക്കാനാണ് സാധ്യതയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇനി സിനിമ ചെയ്യുന്നതിന്റെ പേരില്‍ കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ താന്‍ രക്ഷപ്പെട്ടുവെന്നും തൃശൂര്‍കാരെ കൂടുതല്‍ പരിഗണിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവനയാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയിലൂടെയാണ് ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചത്. അതിന്റെ പ്രതിഫലമെന്നോണമാണ് ബി.ജെ.പി നേതൃത്വം സഹമന്ത്രിസ്ഥാനം നല്‍കി സുരേഷ് ഗോപിയെ പരിഗണിച്ചതും.

എന്നാല്‍ തുടര്‍ച്ചയായുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങള്‍ കേന്ദ്രനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും തലവേദനയാകുന്നുണ്ട്. അമിത് ഷായടക്കമുള്ള നേതാക്കള്‍ക്ക് സുരേഷ് ഗോപിയുടെ നീക്കങ്ങളില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ സിനിമ ചെയ്യാന്‍ അനുമതി ലഭിക്കില്ലെന്ന് തന്നെയാണ് സൂചന. സുരേഷ് ഗോപിക്ക് ഇത്തരത്തില്‍ സിനിമ ചെയ്യാന്‍ ഇളവു നല്‍കിയാല്‍ മറ്റുള്ള ആളുകളും ഇതേ ആവശ്യം ഉന്നയിക്കുമെന്നും അത് പ്രതിസന്ധിക്കിടയാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്.

അതിനിടെ, മന്ത്രിസ്ഥാനത്തിരുന്ന് സുരേഷ് ഗോപിക്ക് സിനിമ ചെയ്യാന്‍ നിയമതടസ്സമുണ്ടെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി പ്രതികരിച്ചു. മന്ത്രിമാര്‍ക്ക് പ്രത്യേകം പെരുമാറ്റച്ചട്ടമുണ്ട് ഇന്ത്യയില്‍. അതനുസരിച്ച് പണം ലഭിക്കുന്ന ബിസിനസ് പരിപാടികളില്‍ ഏര്‍പ്പെടാന്‍ പറ്റില്ലെന്ന് അതില്‍ കൃത്യമായി പറയുന്നുണ്ട്. പി. ചിദംബരം, കപില്‍ സിബല്‍ തുടങ്ങി വളരെ സീനിയര്‍ ആയ അഭിഭാഷകര്‍ പോലും മന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ മന്ത്രിയായിരിക്കുമ്പോള്‍ അവരാരും പ്രാക്ടീസ് ചെയ്യാന്‍ പോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു.മന്ത്രിമാര്‍ക്ക് എന്തും വിളിച്ച് പറയാവുന്ന സാഹചര്യം മോദി കൂടുതല്‍ ദുര്‍ബലനായതിന്റെ തെളിവാണെന്ന് മാണിക്കം ടാഗോര്‍ എംപി വിമര്‍ശിച്ചു.

ഫിലിംചേംബര്‍ സ്വീകരണ ചടങ്ങില്‍ പറഞ്ഞത്:

ഏതാണ്ട് 22 സിനിമകളുടെ സ്‌ക്രിപ്റ്റ് ചെയ്യണമെന്ന് ആര്‍ത്തിയോടെ സമ്മതിച്ചിട്ടുണ്ട്. ഇനി എത്ര പടം ചെയ്യാനുണ്ടെന്ന് അമിത്ഷാ ചോദിച്ചു. 22 എങ്കിലും ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അമിത്ഷാ ആ പേപ്പര്‍ കെട്ട് എടുത്ത് സൈഡിലോട്ട് മാറ്റിവച്ചു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങു പോരും. എന്റെ ജോലി ചെയ്യാനായിട്ട് മന്ത്രിസഭയില്‍ നിന്നുള്ള മൂന്നോ നാലോ പേര് വരും. അവര്‍ക്കു വേണ്ടത് ഞാനോ നിര്‍മാതാവോ നല്‍കണം. അവര്‍ക്ക് ഭക്ഷണം കൊടുക്കണം, അവര്‍ക്ക് ഉറങ്ങാന്‍ മുറി കൊടുക്കണം. അല്ലെങ്കില്‍ നിങ്ങള്‍ ഡല്‍ഹിയില്‍ ഷൂട്ടിങ് വെക്കേണ്ടി വരും. ഞാന്‍ ഈ പണികളെല്ലാം ചെയ്തുകൊണ്ട് സിനിമകള്‍ ചെയ്യാന്‍ തയ്ാറാകുന്നില്ലേ. എനിക്കത് എന്തുവലിയ ജോലിയാണ്. ഇതൊക്കെ ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുമെങ്കില്‍ ഞാന്‍ രക്ഷപെട്ടു എന്നേ പറയാനുള്ളൂ.

എനിക്ക് തൃശൂര്‍ക്കാരെ കൂടുതല്‍ പരിഗണിക്കാന്‍ പറ്റും. തൃശൂര്‍കാര്‍ക്കാണ് എന്നെ ഇതുവരെ പൂര്‍ണമായി കിട്ടാത്തത്. തമിഴ്‌നാട്ടുകാരാണ് ആന്ധ്രക്കാരന്, ത്രിപുരക്കാരന് പോലും എന്നെ കിട്ടിയിട്ടുണ്ട്. ഇതൊക്കെ വലിയ ഒരു വിഷമമായി മനസ്സിലുണ്ട്. ഞാന്‍ ഒന്നും മോഹിച്ചതല്ല പക്ഷെ ഒറ്റ ചോദ്യത്തിന് മുന്നില്‍ ഞാന്‍ മുട്ടുകുത്തി. എന്നെ ജയിപ്പിച്ച് അയച്ച ജനങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ധാരണകളുണ്ട്. അത് അവര്‍ ഉടച്ചുകൊണ്ട് നിങ്ങളെ ജയിപ്പിച്ചെങ്കില്‍ അത്തരമൊരു ജനതക്ക് തിരിച്ചൊരു രാഷ്രീയ നന്ദികുറിപ്പ് എഴുതാറുണ്ട്. ഒരു സമ്മാനം കൊടുക്കാനുണ്ട് അതാണ് ഈ കസേര അല്ലാതെ നിങ്ങള്‍ക്ക് തന്നതല്ല എന്ന് പറഞ്ഞിടത്ത് എനിക്ക് വഴങ്ങേണ്ടി വന്നു അതാണ് ഈ മന്ത്രിസ്ഥാനം. ഞാന്‍ എപ്പോഴും എന്നും എന്റെ നേതാക്കളെ അനുസരിക്കും. പക്ഷേ സിനിമ എന്റെ പാഷനാണ് അതില്ലെങ്കില്‍ ഞാന്‍ ചത്തുപോകും."-സുരേഷ് ഗോപിയുടെ വാക്കുകള്‍.