ആലപ്പുഴ: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപവത്കരിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകളില്‍ വിളിച്ചാല്‍ സഹകരിക്കുമെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. എന്തുകൊണ്ട് കാലതാമസം ഉണ്ടായി എന്ന് ചോദിക്കേണ്ടി വന്നല്ലോ. ഇത്ര ഗൗരവമുള്ള കാര്യങ്ങള്‍ അവരുടെ തന്നെ അറിവില്‍ എത്തുന്നത് ഇപ്പോള്‍ ആയിരിക്കും. എല്ലാ മേഖയിലും ഇല്ലേ ഇത്. പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടല്ലോയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയാല്‍ ബാധിക്കപ്പെട്ട ചിലര്‍ പവര്‍ ഗ്രൂപ്പുകളെ കുറിച്ച് മുന്‍പും പറഞ്ഞിട്ടുണ്ട്. നാലഞ്ചു മാസം മുമ്പ് മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് വേറെ ചില പവര്‍ സെന്റേഴ്‌സ് വന്നിരുന്നു. അതില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാവണം. അതിനാണ് ഒരു ഭരണം ഉള്ളത്. തിരുത്തല്‍ ഞാനും നിങ്ങളും ആഗ്രഹിക്കുന്നുണ്ട്. സിനിമാപ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ നടപടികള്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

റിപ്പോര്‍ട്ട് സമയപരിമിതി മൂലം തനിക്ക് പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 'ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്ന് പറയുന്നത് ആദരിക്കപ്പെടേണ്ടതാണ്. സര്‍ക്കാരും കൂടി നിര്‍ദേശിക്കുന്ന തരത്തില്‍ പുതിയ തീരുമാനങ്ങള്‍ എന്താണെന്നത് സംഘടനകള്‍ എടുക്കട്ടെ. ഞാന്‍ സിനിമയില്‍ സജീവമായി കുറേക്കാലമായിട്ട് ഇല്ല. അതുകൊണ്ടുതന്നെ എനിക്ക് ഇതിനകത്ത് ഇപ്പോള്‍ നിലവിലുള്ള വീഴ്ചകള്‍ എന്താണെന്ന് അറിയില്ല. പലരും പരാതി പറഞ്ഞ് പുറത്ത് പോയപ്പോഴും ഒന്നും എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല. ആ സ്ഥിതി തുടരുന്നു', ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 'തുടര്‍നടപടി സര്‍ക്കാര്‍ പരിശോധിച്ച് കൈകൊള്ളും. ഒരു കമ്മീഷന്റെ വിലയെന്താണ്, മൂല്യമെന്താണെന്ന് സര്‍ക്കാരിനറിയാം. അതിനനുസരിച്ച് സര്‍ക്കാര്‍ നടപടി എടുക്കും. നോക്കിയില്ലെങ്കില്‍ നിങ്ങള്‍ അത് ചോദ്യം ചെയ്യ്', സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

സിനിമ എന്നു പറയുന്നത് ഒരു കോടിയും പത്തുകോടിയും വാങ്ങുന്ന ആളിന്റേത് മാത്രമല്ല. ഒരു ദിവസം 2000 രൂപ ശമ്പളം വാങ്ങി പോകുന്ന ഭാരം ചുമക്കുന്ന സംഘടിത മേഖലയില്‍ പെട്ടതാണ്. മേഖലയിലെ വലിയ ഒരു അപാകതയെ പെരുപ്പിച്ചു കാണിച്ചാലും ആ മേഖല നിലനില്‍ക്കണം. എല്ലാ സംഘടനകളും ഒത്തുചേര്‍ന്ന് അതിനുള്ള പോംവഴി കണ്ടെത്തും. സര്‍ക്കാര്‍ വിളിച്ചു ചര്‍ച്ചകളില്‍ ഇരുത്തിയാല്‍ സഹകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സിനിമാ മേഖലയിലെ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ അക്കമിട്ടുനിരത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ തുടര്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. കേസെടുക്കുന്നതില്‍ വന്ന വീഴ്ച മാത്രമല്ല, സിനിമാ മേഖലയിലെ ദുഷ്പ്രവണതകള്‍ പരിഹരിക്കുന്നതിനുള്ള കമ്മിറ്റി നിര്‍ദ്ദേശങ്ങളിലും കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ആരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്ന് വിഡി സതീശന്‍ ചോദിക്കുമ്പോള്‍, മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരനും ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡബ്ല്യുസിസി നിര്‍ബന്ധം കൂടിയായപ്പോഴാണ് ഹേമ കമ്മിറ്റിയുമായി സര്‍ക്കാര്‍ ചാടി വീണത്.

സ്ത്രീ സുരക്ഷയും തൊഴില്‍ സുരക്ഷിതത്വവും അസമത്വങ്ങളില്‍ പരിഹാരവും എല്ലാം ചേര്‍ന്ന നയസമീപനങ്ങളും കൂടിയായപ്പോള്‍ പിണറായി സര്‍ക്കാര്‍ പൊതുസമൂഹത്തില്‍ കയ്യടി നേടി. കമ്മിറ്റിയെ വിശ്വസിച്ച പലരും അനുഭവങ്ങള്‍ തുറന്ന് പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വസ്തുകള്‍ക്കൊപ്പം നടപടി നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ട് നാലരക്കൊല്ലമായി. ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടായിട്ട് പോലും ഒന്നും ചെയ്തില്ല.

നിയമപരമായ തുടര്‍നടപടിയില്‍ രണ്ട് പക്ഷമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പ്രതിരോധം. അത് മുഖവിലക്ക് എടുത്താല്‍ പോലും സിനിമാ മേഖലയിലെ സമഗ്ര നവീകരണത്തിന് കമ്മിറ്റി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന ചോദ്യമാണ് ബാക്കി. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നത് അതിശക്തമായ ആക്ഷേപങ്ങളാണ്.

സിനിമാ മേഖലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. കൊട്ടിഘോഷിച്ച സിനിമാ നയ രൂപീകരണത്തിന് കരട് രൂപരേഖയുണ്ടാക്കുന്ന കണ്‍സള്‍ട്ടന്‍സിക്ക് ഒരു കോടി അനുവദിച്ചത് ഇന്നലെ മാത്രമാണ്. സിനിമാ സെറ്റുകളിലെ തൊഴില്‍ നിയമ ലംഘനം തടയാനോ അഭ്യന്തര പരാതി പരിഹാര സമിതിയുടെ പോരായ്മ പരിഹരിക്കാനുള്ള നിര്‍ദ്ദേശം നടപ്പാക്കാനോ സര്‍ക്കാരിന് എന്തായിരുന്നു തടസമെന്ന് ചോദിച്ചാല്‍ അതിനുമില്ല വ്യക്തമായ മറുപടി.

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.