- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'രണ്ടു ദിവസത്തേക്ക് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി സമരം നയിക്കും; തിരികെച്ചെന്ന് വീണ്ടും മന്ത്രിയാവും'; സര്‍ക്കാര്‍ നല്‍കാനുള്ള ധനസഹായം നല്‍കിയില്ലെങ്കില്‍ അടുത്ത ഓണത്തിനു മുമ്പ് കരുവന്നൂര്‍ മോഡല്‍ സമരമെന്ന് സുരേഷ് ഗോപി
'രണ്ടു ദിവസത്തേക്ക് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി സമരം നയിക്കും
തിരുവനന്തപുരം: കേന്ദ്രമന്ത്രിസ്ഥാനം രണ്ടുദിവസത്തേക്ക് രാജിവച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടിയുള്ള സമരം നയിക്കുമെന്ന് സുരേഷ് ഗോപി. തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡേഴ്‌സിനൊപ്പമുള്ള ഓണാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സുരേഷ് ഗോപി ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് സര്‍ക്കാര്‍ നല്‍കാനുള്ള ധനസഹായം നല്‍കിയില്ലെങ്കില്‍ അടുത്ത ഓണത്തിനുമുമ്പ് കരുവന്നൂര്‍ മോഡല്‍ സമരം ആരംഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ട്രാന്‍സ് സമൂഹത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. സംസ്ഥാനസര്‍ക്കാര്‍ ധനസഹായം നല്‍കണം. ട്രാന്‍സ് സമൂഹത്തിലെ പത്തുപേര്‍ക്കുകൂടി ശസ്ത്രക്രിയക്കായി തുക നല്‍കും. ട്രാന്‍സ് സമൂഹത്തിനൊപ്പം ഞാന്‍ എപ്പോഴും ഉണ്ടാകും. ധസസഹായം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിസ്ഥാനം രണ്ടുദിവസത്തേക്ക് രാജിവച്ച് സമരം നയിക്കും. അതിനുശേഷം തിരികെച്ചെന്ന് വീണ്ടും മന്ത്രിയാവും- സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ, ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുമാേ എന്ന ചോദ്യത്തിന് ഞാനൊരു മന്ത്രിയാണെന്നായിരുന്നു സുരേഷ് ഗോപി മറുപടി നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം. ചോദ്യത്തോട് ആദ്യം പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി പിന്നീടാണ് ഇങ്ങനെ പ്രതികരിച്ചത്.സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അയ്യപ്പസംഗമത്തിലേക്ക് സുരേഷ് ഗോപിയെ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് വീട്ടിലെത്തി ക്ഷണിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെ സംഗമത്തിലേക്ക് ക്ഷണിക്കുമെന്ന് സംഘാടകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഗമത്തിനെതിരെ ബിജെപി കടുത്തവിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഇവര്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയോടുള്ള ചോദ്യം.