തൃശൂര്‍: കേരളത്തിലെ മെഡിക്കല്‍ സിസ്റ്റത്തിന്റെ അനാസ്ഥയ്ക്ക് ഇതിലും വലിയൊരു ഉദാഹരണമില്ല. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍, പരാതിക്കാരനായ രോഗി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തെ തെളിവെടുപ്പിന് ഹാജറാകാന്‍ വിളിച്ച് മെഡിക്കല്‍ കോളേജ് അധികൃതരുടെ നോട്ടിസ്. മരിച്ചുപോയ മനുഷ്യനെ തേടി തെളിവെടുപ്പിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അയച്ച കത്ത് കണ്ട് പകച്ചുനില്‍ക്കുകയാണ് ജോസഫ് പോളിന്റെ കുടുംബം.

അഞ്ച് വര്‍ഷം മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന അനാസ്ഥയാണ് ഒടുവില്‍ ഇത്തരമൊരു പരിഹാസ്യമായ നടപടിയില്‍ എത്തിനില്‍ക്കുന്നത്. ഓട്ടോ ഡ്രൈവറായിരുന്ന കൂര്‍ക്കഞ്ചേരി മാളിയേക്കല്‍ ജോസഫ് പോളിനെ (53) 2020 മെയ് മാസത്തിലാണ് പാന്‍ക്രിയാസിലെ മുഴയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ജോസഫ് അനുഭവിച്ചത് നരകയാതനകളാണ്.

ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും മാറാത്ത വേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. വയറ്റില്‍ ഡോക്ടര്‍മാര്‍ കത്രിക (ഫോര്‍സെപ്‌സ്) മറന്നുവച്ചിരുന്നു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വീണ്ടും വീണ്ടും പറ്റിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വകാര്യ ലാബില്‍ നടത്തിയ എക്‌സ്‌റേയിലാണ് കത്രികയുടെ ചിത്രം തെളിഞ്ഞത്. ഒടുവില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഈ കത്രിക പുറത്തെടുത്തത്.

ഗ്യാസ്‌ട്രോ സര്‍ജനെതിരെ ജോസഫ് പോള്‍ നിയമനടപടി സ്വീകരിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപെട്ടെങ്കിലും നീതിക്കായി ഇപ്പോഴും കുടുംബം അലയുകയാണ്. ഇതിനിടയിലാണ് ജോസഫ് പോള്‍ കാന്‍സര്‍ ബാധിതനായി 2025 ജനുവരിയില്‍ മരണത്തിന് കീഴടങ്ങുന്നത്. മരണം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ വക ആ 'അമളി'.

വയറ്റില്‍ കത്രിക വെച്ച സംഭവത്തില്‍ ഈ മാസം 20-ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അനക്‌സില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു മരിച്ച ജോസഫിന്റെ പേരില്‍ വന്ന നോട്ടിസ്. രോഗി മരിച്ച വിവരം പോലും രേഖകളില്‍ പരിശോധിക്കാത്ത, ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥവൃന്ദത്തിന്റെ മുഖത്തേറ്റ അടിയാണ് ഈ സംഭവം.

ഭാര്യ ബിന്ദു മക്കളെയും കൂട്ടി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുമ്പോഴാണ് അടുത്ത ട്വിസ്റ്റ്; ഹിയറിങ് മാറ്റിവെച്ചുവെന്നറിയിച്ച് മറ്റൊരു കത്തുകൂടി വീട്ടിലെത്തി. നീതി കിട്ടാനായി കോടതി കയറിയിറങ്ങുന്ന കുടുംബത്തെ ഇനിയും എത്ര കണ്ട് ഇവര്‍ കളിപ്പിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും ഒരു രൂപ നഷ്ടപരിഹാരം പോലും ലഭിക്കാത്ത കുടുംബത്തിന്, മരിച്ചയാളുടെ പേരില്‍ ഇത്തരമൊരു കത്ത് വന്നത് തീരാവേദനയായിരിക്കുകയാണ്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വീട്ടമ്മയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുത്തത് ഏതാനും ദിവസം മുമ്പാണ്. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ഉഷ ജോസഫിന്റെ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈസംഭവത്തില്‍ ശസ്തക്രിയ നടന്ന 2021 മേയില്‍ യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബികക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ എടുത്ത കേസില്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.