പത്തനംതിട്ട: സാങ്കേതിക വിഭാഗം ജീവനക്കാരുടെ വീഴ്ച കാരണം നഷ്ടമായ വേതനം ഇവരില്‍ നിന്ന് തിരിച്ചു പിടിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് എംജിഎന്‍ആര്‍ജിഎസ് ജില്ലാ ഓംബുഡ്സ്മാന്റെ ഉത്തരവ്. സംസ്ഥാനമൊട്ടാകെ ബാധിക്കുന്ന തരത്തില്‍ ഇത് പൊതുനിര്‍ദേശമാക്കണമെന്ന് സംസ്ഥാന മിഷന് ഓംബുഡ്സ്മാന്‍ സി. രാധാകൃഷ്ണക്കുറുപ്പ് ശിപാര്‍ശ നല്‍കി. കവിയൂര്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് അംഗം ടി.കെ. സജീവ്, നാലാം വാര്‍ഡിലെ 22 തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പ്രത്യേകം നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്. ഇതിന്‍ പ്രകാരം 9150 രൂപ പഞ്ചായത്തിലെ എംജിഎന്‍ആര്‍ഇജിഎസ് അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരില്‍ നിന്ന് 10 ദിവസത്തിനകം ഈടാക്കി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ഓംബുഡ്സ്മാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രവൃത്തികള്‍ക്ക് യാഥാര്‍ഥ്യ ബോധത്തോടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് ബന്ധപ്പെട്ട സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാലാം വാര്‍ഡില്‍പ്പെട്ട 40 തൊഴിലുറപ്പ് തൊഴിലാളികള്‍ വ്യക്തിയുടെ തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന ജോലി ചെയ്തിരുന്നു. 624 തൊഴില്‍ ദിനങ്ങളാണുണ്ടായിരുന്നത്. എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന മുഴുവന്‍ സ്ഥലത്തും തങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞില്ലെന്നും 369 രൂപ ദിവസ വേതനം ലഭിക്കേണ്ട സ്ഥാനത്ത് 365,360,210,250 രൂപ എന്നിങ്ങനെയാണ് കിട്ടിയതെന്നും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നുമായിരുന്നു പരാതി. തൊഴിലാളികള്‍ക്ക് 369 രൂപയാണ് ദിവസവേതനം ലഭിക്കേണ്ടിയിരുന്നത്. ഇതു സംബന്ധിച്ച് ഓംബുഡ്സ്മാന്‍ മല്ലപ്പള്ളി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ക്കും കവിയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും കത്തയച്ചിരുന്നു.

പറമ്പില്‍ കാടുവളര്‍ന്നു നിന്നതിനാല്‍ കൃത്യമായി എസ്റ്റിമേറ്റ് എടഒക്കാന്‍ സാധിച്ചില്ലെന്നും അതിനാല്‍ വസ്തുവിന്റെ കരം അടച്ച രസീതില്‍ ഉള്‍പ്പെട്ട അത്രയും സ്ഥലം എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിക്കുയകയായിരുന്നുവെന്നുമായിരുന്നു മറുപടി. കാട് വൃത്തിയാക്കി ചെന്നപ്പോഴാണ് വലിയൊരു ഭാഗത്ത് പാറയാണെന്ന് മനസിലായത്. ശേഷിച്ച 55 സെന്റ് സ്ഥലമാണ് വൃത്തിയാക്കിയത്. ഇത് മസ്്റ്റര്‍ റോള്‍ കാലയളവിനുള്ളില്‍ പൂര്‍ണമായി ചെയ്തു തീര്‍ക്കാന്‍ കഴിയാത്തതിനാലാണ് കൂലിയില്‍ കുറവ് വരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എസ്റ്റിമേറ്റ് തയാറാക്കിയ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള സൂക്ഷ്മതക്കുറവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് വിലയിരുത്തിയാണ് ഓംബുഡ്സ്മാന്‍ അവരില്‍ നിന്ന് തുക ഈടാക്കി തൊഴിലാളികള്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടത്.

തൊഴിലാളികളുടെ സമ്മതത്തോടെയാണ് പരിപാലനനഷ്ടം എന്ന ഘടകം ഒഴിവാക്കിയതെന്ന ഉദ്യോഗസ്ഥരുടെ നിലപാട് തെളിയിക്കുന്നതിനു രേഖകള്‍ ഇല്ലന്ന് ഓംബുഡ്സ്മാന്‍ വിലയിരുത്തി. എസ്റ്റിമേറ്റ് തയാറാക്കുന്നതില്‍ വീഴ്ച് വന്നതിന്റെ നഷ്ടം തൊഴിലാകളുടെ വേതനം കുറച്ചു നികത്തുന്നത് ശരിയല്ലെന്നും തൊഴിലാളികള്‍ നിശ്ചിത അളവില്‍ പ്രവൃത്തി ചെയ്താല്‍ 369 രൂപക്കു നിയമപ്രകാരം അര്‍ഹത ഉണ്ടായിരിക്കും എന്നിരിക്കേ അതില്‍ കുറവ് വരുമെന്ന് ബോധ്യപ്പെടുത്താതെ തൊഴില്‍ ചെയ്തതിനു ശേഷം വേതനം വെട്ടിക്കുറച്ചതില്‍ വീഴ്ച്ച ആണന്ന പരാതിക്കാരന്റെ വാദം ഓംബുഡ്സ്മാന്‍ ശരി വച്ചു.

പ്രവര്‍ത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നത് യാഥാര്‍ഥ്യ ബോധത്തോടെ വേണമെന്ന് സാങ്കേതിക വിഭാഗം ജീവനക്കാരോട് നിര്‍ദ്ദേശിച്ചുകൊണ്ടാണ് ഓംബുഡ്മാന്‍ ഉത്തരവിട്ടിട്ടുള്ളത്. സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് പലതും ശരിയായ രീതിയില്‍ അല്ലെന്നു കണ്ടെത്തിയ ഓംബുഡ്സ്മാന്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു ഗ്രാമ പഞ്ചായത്തു സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി ഉത്തരവിട്ടു.

ഓംബുഡ്സ്മാന്റെ ഇടപെടല്‍ മൂലം കവിയൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ക്കു നീതിലഭിച്ചതായി ഹര്‍ജിക്കാരനായ ടി.കെ.സജീവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കടുത്ത വെയിലും മഴയും ഉള്ള കാലാവസ്ഥയില്‍ രാവിലെ 9 മുതല്‍ 5 മണി വരെ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കു തൊഴില്‍വേതനമായി ലഭിക്കേണ്ട 369 രൂപയില്‍ നിന്നും 192 രൂപ വരെയായി വെട്ടികുറച്ച ക്രൂരമായ നടപെടിക്കെതിരെയാണ് താനും തൊഴിലുറപ്പു തൊഴിലാളികളും പരാതി നല്‍കിയത്. ഈ ഉത്തരവ് സംസ്ഥാനം ഒട്ടാകെയും ബാധകമാക്കേണ്ടതാണ്. ഓംബുഡ്സ്മാന്റെ ഉത്തരവ് പ്രകാരം സംസ്ഥാന മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരവും സര്‍ക്കാര്‍ ബാധകമാക്കിയിട്ടുള്ള വേതനവ്യവസ്ഥയും അനുശാസിക്കുന്ന വിധത്തിലല്ലാതെ തൊഴിലാളികളുടെ വേതനത്തില്‍ കുറവുവരുത്തുന്നതു തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുമെന്നും സജീവ് പറഞ്ഞു.