തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. 'മാപ്ര പ്രീണനം' ലക്ഷ്യമിട്ട് യുഎപിഎ കേസില്‍ ഉള്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ധനമന്ത്രി സംരക്ഷിക്കുന്നത് ധന-വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഊരാക്കുടുക്കായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍,

സിദ്ദിഖ് കാപ്പന്റെയും കൂട്ടരുടെയും സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പ് മൂടി വയ്ക്കാനായി ധനമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. കൃത്യ നിര്‍വ്വഹണത്തില്‍ പക്ഷപാതം കാണിക്കല്‍, ഭയമോ, പ്രീതിയോ ഇല്ലാതെ, പ്രവര്‍ത്തിക്കുമെന്ന സത്യവാചകത്തിന് കടകവിരുദ്ധമാണ് ധനമന്ത്രിയുടെ പ്രവൃത്തി എന്ന് അദ്ദേഹം ആരോപിച്ചു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍, ന്യൂഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പന്‍, 2020 ഒക്ടോബറില്‍, യുഎപിഎ കേസില്‍, യുപി പൊലീസിന്റെ പിടിയിലാകുന്നതിന് മുമ്പ് സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതായി ഐ പി &ഡി ഡല്‍ഹി ഡപ്യൂട്ടി ഡയറക്ടര്‍ പി ആര്‍ഡി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


25 ലക്ഷം രൂപയുടെ ദുര്‍വിനിയോഗം

പ്രസ് ക്ലബ് ഓഫീസ് നിര്‍മിക്കാന്‍ കേരള സര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷം രൂപ കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം ദുര്‍വിനിയോഗം ചെയ്തതായി ഐ.പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. യൂണിയന്‍ സെക്രട്ടറി എന്ന നിലയില്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച കണക്കുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. കാപ്പന്‍ 45,000 രൂപ വ്യക്തിപരമായി എഴുതിയെടുത്തതായും ബാങ്ക് രേഖകളില്‍ വ്യക്തമായി. കാപ്പനു മുന്‍പുള്ള ഭാരവാഹികളായിരുന്ന പ്രശാന്ത് രഘുവംശം, പി.കെ. മണികണ്ഠന്‍, ദേശാഭിമാനി പ്രശാന്ത് എന്നിവര്‍ക്കും വെട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. അനുവദിച്ച കാര്യത്തിനല്ല തുക ചെലവിട്ടതെന്നും, സര്‍ക്കാര്‍ ഫണ്ട് ബാങ്കില്‍ എഫ്.ഡി.യാക്കി പലിശ വരുമാനം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.

അതിനെ തുടര്‍ന്ന് ഐപിആര്‍ഡി ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയും ക്രമക്കേട് സ്ഥിരീകരിച്ചു. ഇക്കാലത്തു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ജോണ്‍ ബ്രിട്ടാസ് ഇടപെട്ട് ഫയല്‍ തടഞ്ഞു വച്ചു. അപ്പോഴാണ് അക്കൗണ്ടന്റ് ജനറല്‍ പിആര്‍ഡി യില്‍ നടത്തിയ പരിശോധനയില്‍ പ്രസ് ക്ലബുകള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തില്‍ ഗുരുതരമായ ക്രമക്കേടു നടന്നതായി കണ്ടെത്തിയത്. ഇതോടെ ഐ പിആര്‍ഡിയില്‍ ഫയല്‍ വീണ്ടും അനക്കം വച്ചു. ഐ.പി.ആര്‍.ഡി. ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയും ക്രമക്കേട് സ്ഥിരീകരിക്കുകയും, എ.ജി.യുടെ പരിശോധനയില്‍ വിഷയം വീണ്ടും ഉയര്‍ന്നു വരികയും ചെയ്തതോടെ ധനവകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിങ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

മന്ത്രി ഫയല്‍ പൂഴ്ത്തിവെച്ചു; വിജിലന്‍സ് പ്രതിസന്ധിയില്‍

2022 സെപ്റ്റംബറില്‍ ധനവകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിങ് ഡല്‍ഹിയില്‍ കെയുഡബ്ല്യുജെ ഭാരവാഹികളെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പിനു തെളിവുകള്‍ ശേഖരിച്ചു. ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി 2023 മാര്‍ച്ചില്‍ ധനവകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിങ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ധനമന്ത്രി ബാലഗോപാല്‍ ഈ ഘട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെട്ട ഫയല്‍ വിളിച്ചു വരുത്തി മന്ത്രി പൂഴ്ത്തി വച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സും ഇതേ വിഷയം അന്വേഷിക്കുന്നുണ്ടായിരുന്നു. ധനവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി വിജിലന്‍സ്, ഐ പി ആര്‍ഡി വകുപ്പുകള്‍ക്ക് കൈമാറേണ്ടതിനു പകരം ഫയല്‍ മന്ത്രി കൈവശം വച്ചിരിക്കുകയാണെന്ന് 06.07.23 തീയതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷന്‍ CS 2 - 22391/ 2023/ DVACB നമ്പര്‍ കത്തു പ്രകാരം വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.

ഇതനുസരിച്ച് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെട്ട ഫയലിന് അനക്കമില്ലെന്നു കണ്ട് വിജിലന്‍സ് ഡയറക്ടര്‍ 16.09.25 തീയതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷന്‍ CS2-41059/ 2025/DVACB നമ്പര്‍ കത്തു പ്രകാരം ധനവകുപ്പ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി.

ഇതു പ്രകാരം വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി 15 .10 . 25 തീയതിയിലെ വിജി ഇ5/25/2023 നമ്പര്‍ കത്തു പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതേ സമയം അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ നിന്നും ധനവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് തുടര്‍ച്ചയായി കത്തുകള്‍ അയച്ചിരുന്നു.

എജിയില്‍ നിന്ന് അഞ്ച് റിമൈന്‍ഡറുകള്‍ കിട്ടിയിട്ടും മറുപടി നല്‍കാനാകാതെ നിസഹായാവസ്ഥയിലാണ് ധനവകുപ്പ്. ഫയല്‍ മന്ത്രി തന്നെ പൂഴ്ത്തി വയ്ക്കുന്നതായി എജിയെ അറിയിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനാല്‍ റിമൈന്‍ഡറുകള്‍ക്ക് മറുപടി നല്‍കാതെ മൗനം പാലിക്കുകയാണ് ധനവകുപ്പ്.

ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ ആശങ്ക

ധനമന്ത്രിയുടെ ഈ നടപടി കാരണം കീഴുദ്യോഗസ്ഥരാണ് വെട്ടിലായിരിക്കുന്നത്. ധനമന്ത്രിയുടെ പിടിവാശി കാരണം പെന്‍ഷന്‍ മുടങ്ങുമോയെന്ന ആശങ്കയും ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ട്. എജി റിപ്പോര്‍ട്ടില്‍ ധനവകുപ്പിലെ ചുമതലക്കാരായ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളുണ്ട്. ഇതില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാലയളവില്‍ വിരമിച്ചാല്‍ പെന്‍ഷന്‍ കടലാസുകള്‍ എജി ഓഫിസില്‍ കുടുങ്ങും.

സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട മാപ്ര സംഘത്തെ വിജിലന്‍സ് കേസില്‍ നിന്നു രക്ഷിക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ധനമന്ത്രി അന്വേഷണ റിപ്പോര്‍ട്ട് അടങ്ങിയ IW-A1/11/2022-FIN നമ്പര്‍ ഫയലില്‍ അടയിരിക്കുന്നത്. സ്വന്തം പിടിപ്പുകേടുകള്‍ മറയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ സഹായം തേടുന്നതിന്റെ ഭാഗമാണിതെന്നും ടി.പി. സെന്‍കുമാര്‍ ആരോപിച്ചു