കൊച്ചി: സിനിമ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു സാഹിത്യകാരന്‍ ടി പദ്മനാഭന്‍. ഹേമ കമ്മീഷന്‍ എന്നതിന് പകരം ഹേമ കമ്മിറ്റി എന്നായപ്പോള്‍ തന്നെ ആദ്യ പാപം സംഭവിച്ചുവെന്ന് ടി പദ്മനാഭന്‍ പറഞ്ഞു. എറണാകുളം ഡിസിസിയില്‍ നടന്ന വെള്ളിത്തിരയിലെ വിലാപങ്ങള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്നുവെന്നും ടി പദ്മനാഭന്‍ വിമര്‍ശിച്ചു. ഇരയുടെ ഒപ്പം ആണ് സര്‍ക്കാര്‍ എന്ന് പറയുന്നത്. എന്നാല്‍, അങ്ങനെയല്ല. ധീരയായ പെണ്‍കുട്ടിയുടെ പരിശ്രമം ആണിത്. അതിജീവിതയായ ആ നടിയുടെ കേസും എങ്ങും എത്തിയില്ലെന്നും ടി പദ്മനാഭന്‍ വിമര്‍ശിച്ചു. പല കടലാസുകളും എവിടെയെന്ന് ചോദിച്ച ടി പദ്മനാഭന്‍ പല തിമിംഗലങ്ങളുടെയും പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണെന്നും വിമര്‍ശിച്ചു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനെയും ടി പദ്മനാഭന്‍ വിമര്‍ശിച്ചു.സാംസ്‌കാരിക മന്ത്രിയുടേത് നിഷ്‌കളങ്കമായ സത്യപ്രസ്താവനയെന്നായിരുന്നു പരിഹാസം. ഹേമ റിപ്പോര്‍ട്ട് പഠിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇതൊരു പരമ്പര ആണ്. ഇപ്പോള്‍ പുറത്തുവന്ന കടലാസ് കഷ്ണങ്ങളില്‍ നിന്ന് ഒരുപാട് ബിംബങ്ങള്‍ തകര്‍ന്നു വീണു. എല്ലാ കാര്‍ഡുകളും മേശ പുറത്തിടണം എന്നാല്‍ മാത്രമേ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകു.പുറത്തുവന്ന വിവരങ്ങളില്‍ ദു:ഖിതനാണെന്നും ടി പദ്മനാഭന്‍ പറഞ്ഞു.

അതേസമയം നടിമാരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രതികള്‍ കൂട്ടത്തോടെ കോടതിയിലേക്ക് നീങ്ങുകയാണ്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ പ്രതികളായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ബംഗാളി നടിയുടെ പരാതിയില്‍ പ്രതിയായ രഞ്ജിത്തും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുന്‍കൂര്‍ ജാമ്യം തേടാനാണ് പ്രതികളുടെ തീരുമാനം.

കേസില്‍ തുടര്‍നടപടിയെന്താകണമെന്നതില്‍ പ്രതികള്‍ നിയമോപദേശം തേടിയിട്ടുണ്ട്. മുകേഷ് കൊച്ചിയിലെ അഭിഭാഷകനോടാണ് നിയമോപദേശം തേടിയത്. കേസ് റദ്ദാക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതും മുകേഷ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കേസ് റദ്ദാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അഭിഭാഷകര്‍ അറിയിച്ച സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കുന്നത്. ആരോപണം നേരിടുന്നവരും നിയമ സഹായം തേടി.

മരട് സ്വദേശിയായ നടിയുടെ പരാതിയില്‍ 7 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയന്‍ പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 7 പേര്‍ക്കെതിരെയും പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അടുത്ത ദിവസം കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. നിലവില്‍ 7 പേര്‍ക്കെതിരെയും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഇതെല്ലാം ഒരൊറ്റ 164 സ്റ്റേറ്റ്‌മെന്റ് എടുക്കാനാണ് ആലോചന.

ബംഗാളി നടിയുടെ പരാതിയിലാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്.
നടന്‍ സിദ്ദിഖിനെതിരെ യുവനടിയുടെ പരാതിയിലാണ് ബലാല്‍സംഗത്തിന് കേസെടുത്തത്. യുവനടിയില്‍ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴിയും രഹസ്യമൊഴിയുമെടുക്കും. 2016 ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് ബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും, ഇതിനു ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് നടിയുടെ മൊഴി.