ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ലഷ്‌കറി തോയിബയുടെ നിഴല്‍ സംഘടന ദി റസിസ്റ്റന്‍സ് ഫ്രണ്ട് പുതിയ അവകാശവാദവുമായി രംഗത്തെത്തി. തങ്ങള്‍ ലക്ഷ്യമിട്ടത് സാധാരണ വിനോദ സഞ്ചാരികളെയല്ല, മറിച്ച് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി ബന്ധമുള്ളവരെ ആണെന്ന് ടി ആര്‍ എഫ് പ്രസ്താവന ഇറക്കി. ന്യൂസ് 18 ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ പഹല്‍ഗാം സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിഷേധ പ്രസ്താവനയും ഇറക്കി.

' ഞങ്ങള്‍ ലക്ഷ്യം വച്ചവര്‍ സാധാരണ വിനോദ സഞ്ചാരികള്‍ ആയിരുന്നില്ല, മറിച്ച് അവര്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി ബന്ധമുള്ളവരെയായിരുന്നു. വിശേഷിച്ചും ഇന്റലിജന്‍സ് ബ്യൂറോ( ഐബി), റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്( റോ), നാവിക സേന, അംഗങ്ങളും മറ്റുസര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ഈ സംഘം കശ്മീര്‍ താഴ് വരയില്‍ വിനോദ സഞ്ചാരത്തിന് വന്നവരായിരുന്നില്ല, പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചവരായിരുന്നു. അതുകൂടാതെ ചില വിദേശികളും ഈ ഡല്‍ഹി സ്‌പോണ്‍സേഡ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. അതൊരു സാധാരണ ടൂറിസ്റ്റ് ഗ്രൂപ്പായിരുന്നില്ല, മറിച്ച് ഗവേഷണത്തിന് നിയോഗിക്കപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സി ഗ്രൂപ്പായിരുന്നു'- ടി ആര്‍ എഫ് പ്രസ്താവനയിറക്കി.

സമാന ഗ്രൂപ്പുകള്‍ ഇതിന് മുമ്പ് ജമ്മു-കശ്മീര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും നിരവധി ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നുവെന്നും ടി ആര്‍ എഫ് പ്രസ്താവനയില്‍ പറഞ്ഞു. ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം, കേന്ദ്രസര്‍ക്കാര്‍ നിരവധി കടുത്ത നടപടികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ടി ആര്‍ എഫ് ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടികളുടെ പട്ടികയായി ടി ആര്‍ എഫ് നിരത്തുന്ന കാര്യങ്ങള്‍ ഇങ്ങനെ:

തദ്ദേശീയരല്ലാത്തവര്‍ക്ക് വലിയതോതില്‍ സ്ഥിര താമസ പദവി

ജമ്മു-കശ്മീരിലെ സുരക്ഷാ സൈനികര്‍ക്ക് സ്ഥിരതാമസ പദവി

പുറത്തുനിന്നുള്ളവര്‍ക്ക് ഗണ്യമായ സര്‍ക്കാര്‍ തൊഴിലുകള്‍

പുറത്തുനിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലാ കരാറുകള്‍

തദ്ദേശവാസികള്‍ക്ക് പ്രാദേശിക തൊഴിലിനും ഉന്നതവിദ്യാഭ്യാസത്തിന് നിയന്ത്രണം

സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രാദേശിക ഉദ്യോഗസ്ഥരുടെ അധികാരം ചുരുക്കല്‍

പ്രാദേശിക ജീവനക്കാരെ പുറത്താക്കല്‍

സുരക്ഷാ കാരണങ്ങളുടെ പേരില്‍ ഭൂമി ഏറ്റെടുക്കല്‍

വ്യവസായ വികസനമെന്ന വ്യാജേന പുറത്തുനിന്നുള്ളവര്‍ക്ക് ഭൂമി അനുവദിക്കല്‍

ഇക്കാരണങ്ങളാല്‍ തങ്ങള്‍ തന്ത്രപ്രധാന ആക്രമണങ്ങള്‍ തീവ്രമാക്കാന്‍ ലക്ഷ്യമിടുന്നുവെന്നാണ് ടി ആര്‍ എഫ് പ്രസ്താവനയില്‍ പറയുന്നത്.

എന്നാല്‍, മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ടിആര്‍എഫ് പുതിയ സന്ദേശമിട്ടു. ദേശീയ മാധ്യമമായ 'ദി ഹിന്ദു' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടിആര്‍എഫിന്റെ അക്കൗണ്ടില്‍ ഇന്ത്യന്‍ സൈബര്‍ വിഭാഗം നുഴഞ്ഞുകയറിയെന്നാണ് വിശദീകരണം. ഉത്തരവാദിത്തം ഏറ്റെടുത്ത പ്രസ്താവന അക്കൗണ്ടില്‍ ഇട്ടത് ഇന്ത്യന്‍ ഏജന്‍സികളെന്നും ടിആര്‍എഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.