- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ സര്‍ക്കാര്‍ വന്‍ ദുരന്തം; ഗുണഭോക്തൃ പട്ടിക അപാകതകള്‍ നിറഞ്ഞത്; പുനരധിവാസത്തിന് അടിസ്ഥാനപരമായി വേണ്ട ഭൂമിപോലും സര്‍ക്കാറിന്റെ കൈയില്‍ ലഭ്യമല്ല; നിയമസഭയില്‍ നല്‍കിയ ഒരുറപ്പും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ടി സിദ്ധിഖ്
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ സര്‍ക്കാര്‍ വന്‍ ദുരന്തം;
ദോഹ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ദീകരിച്ച ഗുണഭോക്തൃ പട്ടിക അപാകതകള്‍ നിറഞ്ഞതാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളോടോ, ജനപ്രതിനിധികളോടോ, ദുരന്തബാധിതരോടോ ആലോചിക്കാതെയാണ് പുനരധിവാസം ഘട്ടംഘട്ടമായി നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കുറ്റപ്പെടുത്തി സിദ്ദീഖ് എം.എല്‍.എ രംഗത്തുവന്നു.
പുനരധിവാസത്തിനുള്ള ആദ്യ കരട് പട്ടികയില്‍ മുണ്ടക്കൈ ഭാഗത്ത് മാത്രം 65 പേരുകള്‍ ആവര്‍ത്തിക്കുന്നതായും ഖത്തര്‍ സന്ദര്‍ശനത്തിനിടെ ദോഹയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ടി. സിദ്ദീഖ് ചൂണ്ടിക്കാട്ടി. ചൂരല്‍മല-മുണ്ടക്കൈ ദുരന്തം പ്രകൃതിദുരന്തമായിരുന്നുവെങ്കില്‍, പുനരധിവാസത്തില്‍ സര്‍ക്കാര്‍ വലിയ ദുരന്തമായി മാറി -അദ്ദേഹം പറഞ്ഞു.
'പുനരധിവാസത്തിന് അടിസ്ഥാനപരമായി വേണ്ട ഭൂമിപോലും സര്‍ക്കാറിന്റെ കൈയില്‍ ലഭ്യമല്ല. നിയമസഭയില്‍ നല്‍കിയ ഒരു ഉറപ്പും സര്‍ക്കാര്‍ ഈ കാര്യത്തില്‍ പാലിച്ചിട്ടില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ സന്നദ്ധത അറിയിച്ച സ്‌പോണ്‍സര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് അറിയിച്ചിട്ടും പാലിച്ചിട്ടില്ല. വയനാട് ദുരന്തത്തിലെ ഇരകളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന മനുഷ്യത്വരഹിതമായ സമീപനവും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും മൂലം ദുരന്തബാധിതരുടെ ജീവിതം ഏറ്റവും വലിയ പ്രയാസത്തിലാണ്. ഇന്ന് അവര്‍ ജീവിക്കുന്നത് പൊതുസമൂഹത്തിന്റെ കാരുണ്യത്തിലാണ്. ദുരന്തബാധിതരെ പൊതു സമൂഹത്തിന്റെ കൈയിലേക്ക് എറിഞ്ഞുകൊടുത്ത്, സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാതെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് പോകുന്നത്.
ഒരു ഉത്തരവാദിത്തവുമില്ലാതെയാണ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടിക തയാറാക്കിയത്. ദുരന്തബാധിതരെ ഏറ്റവും വലിയ കെടുതിയിലാക്കുന്ന മറ്റൊരു ദുരന്തമായി സര്‍ക്കാര്‍ സംവിധാനം മാറുന്നു. ദുരന്തബാധിതരെ ഇരുട്ടില്‍ നിര്‍ത്തി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ സമീപനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. സംസ്ഥാന സെക്രട്ടറിയേറ്റ് വരെ പ്രക്ഷോഭം തുടരും' -അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ പുനരധിവാസത്തിന് സമയബന്ധിത കലണ്ടര്‍ സര്‍ക്കാര്‍ തയാറാക്കണം. സ്‌പോണ്‍സര്‍മാരുടെയും ദുരന്തബാധിതരുടെയും സര്‍വകക്ഷികളുടെയും അടിയന്തര യോഗം വിളിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
നേരത്തെ ഗുണഭോക്തൃ കരട് പട്ടികയില്‍ പിഴവ് എന്ന് ആക്ഷേപം ശക്തമായിരുന്നു. അര്‍ഹരായ നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളില്‍ ഇരട്ടിപ്പ് എന്നും ആരോപിച്ച് ദുരന്തബാധിതരുടെ സമര സമിതി പ്രതിഷേധിച്ചു. ഒരു വാര്‍ഡില്‍ മാത്രം നിരവധി പേരുകള്‍ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്. പട്ടിക അംഗീകരിക്കില്ലെന്നാണ് ദുരന്തബാധിതരുടെ നിലപാട്. അപാകത പരിഹരിക്കണമെന്നറിയിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസില്‍ ദുരന്തബാധിതര്‍ പ്രതിഷേധിച്ചു. മേപ്പാടി പഞ്ചായത്തിനെയോ എം.എല്‍.എ അടക്കം ജനപ്രതിനിധികളെയോ വിശ്വാസത്തിലെടുക്കാതെയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.
നേരത്തെ മേപ്പാടി പഞ്ചായത്ത് തയാറാക്കിയ പട്ടികയിലെ ആളുകളെ പോലും ഉള്‍പ്പെടുത്താതെ ദുരന്തബാധിതരായ നിരവധി പേരെ ഒഴിവാക്കിയാണ് പട്ടികയെന്ന് ഇവര്‍ പറയുന്നു. പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം 520 വീടുകളെയാണ് ദുരന്തം ബാധിച്ചത്, എന്നാല്‍ കരട് പട്ടികയില്‍ 388 കുടുംബങ്ങളാണ് ഉള്‍പ്പെട്ടത്. മാത്രമല്ല പല പേരുകളും ആവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തിലെ 388 കുടുംബങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
മാനന്തവാടി സബ് കളക്ടര്‍ക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു. എന്നിട്ടും പിഴവുകള്‍ കടന്നുകൂടി. 10,11,12 വാര്‍ഡുകളിലായി നൂറിലധികം ഇരട്ടിപ്പുണ്ടായി. എന്നാല്‍ പട്ടികയിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും 30 ദിവസത്തിനകം കുറ്റമറ്റ രീതിയില്‍ അന്തിമ പട്ടിക പുറത്തിറക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അര്‍ഹരായ ഒരാളും പുറത്താവില്ലെന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി.
നവംബര്‍ 26ലെ ദുരന്ത നിവാരണ വകുപ്പിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം ഡി.ഡി.എം.എയുടെ അംഗീകാരത്തോടെയാണ് ഇത് തയാറാക്കിയത്. കരട് ലിസ്റ്റ് കലക്ടറേറ്റ്, മാനന്തവാടി ആര്‍.ഡി.ഒ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും എല്‍.എസ്.ജി.ഡിയുടെ lsgkerala.gov.in, ജില്ല ഭരണകൂടത്തിന്റെ wayanad.gov.in വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും.