ന്യൂഡല്‍ഹി: 160 ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറാമെന്ന് യുഎസ് കോടതി. കുറ്റവാളികളെ കൈമാറാനുള്ള ഇന്ത്യ-യുഎസ് കരാര്‍ പ്രകാരമാണിത്.

തന്നെ ഇന്ത്യയിലേക്ക് അയയ്ക്കരുതെന്ന് ആവശ്യപ്പെട്ട് 63 കാരനായ റാണ നല്‍കിയ അപ്പീലാണ് യുഎസ് കോടതി പരിഗണിച്ചത്. മുംബൈ ഭീകരാക്രമണ കേസിലെ പങ്കാളിത്തത്തിന്റെ പേരില്‍ തന്നെ കൈമാറാവുന്ന കുറ്റവാളിയായി വിലയിരുത്തിയ മജിസ്‌ട്രേറ്റ് കോടതി വിധിയെയാണ് റാണ അപ്പീല്‍ കോടതിയില്‍ ചോദ്യം ചെയ്തത്. നിലവില്‍ ലോസ് ആഞ്ചലിസ് ജയിലിലാണ് റാണ.

പാകിസ്ഥാനി-അമേരിക്കന്‍ ലഷ്‌ക്കറി തോയിബ ഭീകരപ്രവര്‍ത്തകനായ ഡേവിഡ് കോള്‍മന്‍ ഹെഡ്‌ലിയുടെ അടുത്ത കൂട്ടാളിയാണ് റാണ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളാണ് ഹെഡ്‌ലി. പാക്് ചാര സംഘടനയായ ഐഎസ്‌ഐയുമായും ഹെഡ്‌ലിക്ക് ബന്ധമുണ്ട്.

റാണയുടെ കുറ്റകൃത്യം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇന്ത്യ നല്‍കിയെന്ന് മൂന്നു ജഡ്ജിമാര്‍ അടങ്ങുന്ന പാനല്‍ വിധിയെഴുതി. മുംബൈ ആക്രമണം നടപ്പാക്കിയ ഭീകര ഗ്രൂപ്പിനെ പിന്തുണച്ചുവെന്ന കുറ്റത്തിനാണ് റാണയെ യുഎസ് ജില്ല കോടതി വിചാരണ ചെയ്തത്. ഒരു വിദേശ ഭീകരവാദ സംഘടനയ്ക്ക് സാമഗ്രികള്‍ എത്തിച്ചുകൊടുത്തതിനും ഡെന്മാര്‍ക്കില്‍ ഭീകരാക്രമണം നടത്താനുള്ള പരാജയപ്പെട്ട ദൗത്യത്തിന് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തതിനുമാണ് റാണയെ ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എന്നാല്‍, ഇന്ത്യയില്‍, ആക്രമണം നടത്തുന്നതിന് സൗകര്യം ചെയ്തു കൊടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജൂറി റാണയെ കുറ്റവിമുക്തനാക്കിയിരുന്നു.

ഈ കുറ്റകൃത്യങ്ങളുടെ പേരില്‍ 7 വര്‍ഷം ജയിലില്‍ കിടന്ന റാണ പുറത്തിറങ്ങിയതിന് പിന്നാലെയാണ് മുംബൈ ഭീകാക്രമണവുമായി ബന്ധപ്പെട്ട് കൈമാറ്റത്തിനായി ഇന്ത്യ ഹര്‍ജി സമര്‍പ്പിക്കുന്നത്. ഇന്ത്യ മതിയായ തെളിവുകള്‍ ഹാജരാക്കിയില്ലെന്ന വാദം കുറ്റവാളികളെ കൈമാറുന്നത് നിശ്ചയിക്കുന്ന കോടതി സ്വീകരിച്ചില്ല.

ഇരു രാജ്യങ്ങള്‍ക്കുമിടെയിലെ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം 2020 ജൂണില്‍ റാണയെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. റാണയും യു.എസ് ഭീകരന്‍ ഡേവിഡ് ഹെഡ്ലിയും ലഷ്‌കറെ ത്വയ്ബ അടക്കമുള്ള പാക് ഭീകര സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.പാക് വംശജനായ ഹെഡ്ലി നിലവില്‍ അമേരിക്കന്‍ ജയിലിലാണ്. എന്നാല്‍, ഭീകരവാദികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചതിനാല്‍ ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനാകില്ലെന്ന് യു.എസ് മുമ്പ് വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറ് അമേരിക്കന്‍ പൗരന്മാരുണ്ടായിരുന്നു. 10 ഭീകരില്‍ 9 പേരെ വധിച്ചു. ഭീകരന്‍ അജ്മല്‍ കസബിനെ 2012ലാണ് ഇന്ത്യ തൂക്കിലേറ്റിയത്.

1961ല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ചു. പാകിസ്ഥാന്‍ സൈന്യത്തില്‍ ക്യാപ്റ്റന്‍ റാങ്കിലെ ഡോക്ടറായിരുന്നു. റാണയും ഡോക്ടറായ ഭാര്യയും 1997ല്‍ കാനഡയിലേക്ക് കുടിയേറി. 2001ല്‍ കനേഡിയന്‍ പൗരത്വം കിട്ടി. പിന്നീട് അമേരിക്കയിലെ ഷിക്കാഗോയില്‍ താമസമായി.

ഇമിഗ്രേഷന്‍ സര്‍വീസ് ഏജന്‍സി അടക്കം നിരവധി ബിസിനസുകള്‍ നടത്തി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധം സ്ഥാപിച്ചു. 2009ല്‍ മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യു.എസില്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ മുംബൈയിലേക്ക് യാത്ര നടത്തിയെന്ന് കണ്ടെത്തിയെങ്കിലും ആരോപണം നിഷേധിച്ചു.

മറ്റൊരു ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിലും ലഷ്‌കര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയ കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് 2011ല്‍ ഷിക്കാഗോ കോടതി കണ്ടെത്തി. എന്നാല്‍ മുംബൈ ഭീകരാക്രമണ പങ്ക് തെളിയാത്ത് കൊണ്ട് കേസില്‍ കുറ്റവിമുക്തനായി. 2013ല്‍ 14 വര്‍ഷം തടവിന് വിധിക്കപ്പെട്ടു. സതേണ്‍ കലിഫോര്‍ണിയയിലെ ജയിലില്‍ ശിക്ഷ അനുഭവിച്ച് വന്ന റാണ 2020 ജൂണില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഇന്ത്യയുടെ ആവശ്യപ്രകാരം അതേ മാസം തന്നെ വീണ്ടും അറസ്റ്റിലായി.