- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇമിഗ്രന്റ് ലോ സെന്റര്‍' എന്ന പേരില്‍ ഒരുകമ്പനി സ്ഥാപിച്ച് ആദ്യഘട്ട ആസൂത്രണം; കമ്പനിയുടെ ആവശ്യത്തിനായി ഹെഡ്ലിയുടെ 'സന്ദര്‍ശനങ്ങള്‍'; 26/11 ആക്രമണ സമയത്ത് മുംബൈയില്‍; ആക്രമണത്തില്‍ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരിട്ട് പങ്ക്; ഞാന്‍ അവരുടെ വിശ്വസ്ത ഏജന്റ്'; പാക് സൈന്യം ഭീകരരെ സഹായിക്കുന്നുണ്ടെന്നും തഹാവൂര്‍ ഹുസൈന്‍ റാണ; ചോദ്യംചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
തഹാവൂര്‍ റാണയുടേത് രാജ്യത്തെ നടുക്കുന്ന തുറന്നുപറച്ചില്‍
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി തഹാവൂര്‍ റാണ. പാക്ക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നു താനെന്നും 26/11ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് മുംബൈയില്‍ ഉണ്ടായിരുന്നെന്നും മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ റാണ സമ്മതിച്ചു. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയിലാണ് റാണയിപ്പോള്‍.
2008-ലെ മുംബൈ ഭീകരാക്രമണം എങ്ങനെയാണ് ആസൂത്രണംചെയ്തത്, മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ താന്‍ എങ്ങനെയാണ് സഹായിച്ചത് തുടങ്ങിയ വിവരങ്ങള്‍ റാണ വെളിപ്പെടുത്തിയെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനൊപ്പം പാക് സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ വിശദാംശങ്ങളും റാണ തുറന്നുപറഞ്ഞു. ഗള്‍ഫ് യുദ്ധത്തിന്റെ സമയത്ത് പാക്കിസ്ഥാന്‍ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നെന്നും റാണ വെളിപ്പെടുത്തി.
സുഹൃത്തും സഹായിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി ചേര്‍ന്ന് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തയിബയ്ക്കുവേണ്ടി നിരവധി പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നും റാണ വെളിപ്പെടുത്തിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ലഷ്‌കറെ തയിബ പ്രധാനമായും ചാരശൃംഖലയായിട്ടാണു പ്രവര്‍ത്തിച്ചിരുന്നത്.
മുംബൈയില്‍ ഇമിഗ്രേഷന്‍ കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം റാണയുടേതായിരുന്നു. ബിസിനസ് ചെലവുകള്‍ എന്ന പേരിലാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നത്. ആക്രമണം നടന്ന നവംബര്‍ 26ന് തൊട്ടുമുന്‍പുവരെ മുംബൈയില്‍ ഉണ്ടായിരുന്നെന്നും അതു ഭീകരരുടെ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ചോദ്യം ചെയ്യലില്‍ റാണ സമ്മതിച്ചു.
റാണയുടെയും ഡേവിഡ് ഹെഡ്ലിയുടെയും ആസൂത്രണത്തിനൊടുവിലാണ് മുംബൈയില്‍ ഭീകരാക്രമണം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇന്ത്യയില്‍ 'ഇമിഗ്രന്റ് ലോ സെന്റര്‍' എന്ന പേരില്‍ ഒരുകമ്പനി സ്ഥാപിച്ചായിരുന്നു ഇരുവരും ഭീകരാക്രമണത്തിന്റെ ആദ്യഘട്ട ആസൂത്രണങ്ങള്‍ ആരംഭിച്ചത്. കമ്പനി സ്ഥാപിക്കാനുള്ള ആശയം തന്റേതായിരുന്നുവെന്ന് തഹാവൂര്‍ റാണ സമ്മതിച്ചിട്ടുണ്ട്.
കമ്പനിയുടെ ആവശ്യങ്ങള്‍ക്കെന്നപേരില്‍ ഡേവിഡ് ഹെഡ്ലി ഇന്ത്യയിലെ വിവിധനഗരങ്ങളില്‍ സഞ്ചരിച്ചിരുന്നു. ഡല്‍ഹി, മുംബൈ, ജയ്പുര്‍, പുഷ്‌കര്‍, ഗോവ, പൂണെ തുടങ്ങിയ നഗരങ്ങളിലാണ് ഹെഡ്ലി സന്ദര്‍ശനം നടത്തിയത്. ഇന്ത്യയില്‍ കമ്പനി സ്ഥാപിച്ച ഇരുവരും ഒരു സ്ത്രീയെയാണ് ഇതിന്റെ നടത്തിപ്പെല്ലാം ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, ഭീകരര്‍ക്ക് നിരീക്ഷണത്തിനായി സൗകര്യമൊരുക്കുക എന്നതായിരുന്നു കമ്പനി സ്ഥാപിച്ചതിന്റെ പ്രധാനലക്ഷ്യമെന്നും റാണ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് റാണ ഇന്ത്യയിലെത്തിയിരുന്നു. 2008 നവംബര്‍ 20, 21 തീയതികളില്‍ മുംബൈ പൊവ്വായിലെ ഹോട്ടലില്‍ താമസിച്ചു. തുടര്‍ന്ന് ഭീകരാക്രമണത്തിന് തൊട്ടുമുന്‍പ് ഇയാള്‍ ദുബായ് വഴി ബീജിങ്ങിലേക്ക് കടക്കുകയായിരുന്നു.
ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് പോലെ മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ചുള്ള മുഴുവന്‍വിവരങ്ങളും ശേഖരിച്ച് ഡേവിഡ് ഹെഡ്ലിക്ക് കൈമാറിയത് റാണയാണെന്ന് 2023-ല്‍ മുംബൈ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസിലെ 14 സാക്ഷികളും ഭീകരാക്രമണത്തില്‍ റാണയുടെ പങ്ക് തെളിയിക്കുന്ന മൊഴികളാണ് നല്‍കിയത്.
വെളിപ്പെടുത്തലിന്റെ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മുംബൈ പൊലീസ് റാണയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തേക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഛത്രപതി ശിവാജി ടെര്‍മിനല്‍ പോലുള്ള സ്ഥലങ്ങളുടെ വിവരം ഹെഡ്ലിക്കു നല്‍കിയത് റാണയാണെന്ന് 2023ല്‍ ക്രൈംബ്രാഞ്ച് നല്‍കിയ 405 പേജ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഈ വര്‍ഷം മേയില്‍ ആണ് റാണയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. അന്നുമുതല്‍ എന്‍ഐഎയുടെ കസ്റ്റഡിയില്‍ ആണ് ഇയാള്‍.
അതേസമയം, ആക്രമണത്തില്‍ പങ്കാളികളായ ഭീകരര്‍ക്ക് ഇന്ത്യയിലെ വ്യാജ തിരിച്ചറിയല്‍ രേഖകളടക്കം നല്‍കി സഹായിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തഹാവൂര്‍ റാണ ഇന്ത്യന്‍ എംബസിയെയാണ് കുറ്റപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഹെഡ്ലിക്ക് ഇന്ത്യയിലേക്ക് കടക്കാനായി വ്യാജരേഖകള്‍ നിര്‍മിച്ച് നല്‍കിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളികളായ സാജിദ് മിര്‍, അബ്ദുള്‍ റഹ്‌മാന്‍ പാഷ, മേജര്‍ ഇഖ്ബാല്‍ തുടങ്ങിയ പാക് സൈനികരുമായി ബന്ധമുള്ളതായും റാണ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായും തഹാവൂര്‍ റാണ സജീവമായി ബന്ധം പുലര്‍ത്തിയിരുന്നു.
പാക് സൈന്യം വിട്ട് ഒളിച്ചോടി
1986-ല്‍ പാകിസ്താനിലെ റാവല്‍പിണ്ടി ആര്‍മി മെഡിക്കല്‍ കോളേജില്‍നിന്നാണ് തഹാവൂര്‍ ഹുസൈന്‍ റാണ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ഇതിനുശേഷം പാകിസ്താന്‍ സൈന്യത്തില്‍ ക്യാപ്റ്റന്‍ പദവിയിലുള്ള ഡോക്ടറായി നിയമിതനായി. ക്വറ്റയിലായിരുന്നു നിയമനം. സിന്ധ്, ബലൂചിസ്ഥാന്‍, ബഹാവല്‍പുര്‍, സിയാച്ചിന്‍ തുടങ്ങിയ മേഖലകളിലും പാക് സൈന്യത്തില്‍ പ്രവര്‍ത്തിച്ചു. സിയാച്ചിനില്‍ കഴിയുന്നതിനിടെ ശ്വാസകോശരോഗം ബാധിച്ചതോടെ റാണ സൈനികജോലിയില്‍നിന്ന് വിട്ടുനിന്നു. ഇതോടെ പാക് സൈന്യം റാണയെ സേനയില്‍നിന്ന് ഉദ്യോഗംവിട്ട് ഒളിച്ചോടിപ്പോയ ആളായി പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ റാണയുടെ സര്‍വീസ് രേഖകളിലും ഇത് രേഖപ്പെടുത്തി. തന്റെ സര്‍വീസ് രേഖകളിലെ ഇത്തരം കുറ്റങ്ങളെല്ലാം നീക്കംചെയ്തുനല്‍കാമെന്ന് വാഗ്ദാനംചെയ്തതിനാലാണ് ഡേവിഡ് ഹെഡ്ലിക്കൊപ്പം താന്‍ ഭീകരാക്രമണത്തില്‍ പങ്കാളിയായതെന്നായിരുന്നു റാണയുടെ മൊഴി.
പാക് സൈന്യം ഭീകരരെ സഹായിക്കുന്നുണ്ടെന്നും റാണ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഭീകരാക്രമണപദ്ധതികളില്‍ പങ്കാളിയായതോടെ പാക് സൈന്യവും തന്നില്‍ വിശ്വാസമര്‍പ്പിച്ചെന്നും ഗള്‍ഫ് യുദ്ധകാലത്ത് രഹസ്യദൗത്യത്തിനായി തന്നെ സൗദി അറേബ്യയിലേക്ക് അയച്ചതായും റാണയുടെ മൊഴിയിലുണ്ടെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കാനഡയില്‍ സ്ഥിരതാമസമാക്കുന്നതിന് മുന്‍പ് ജര്‍മനിയിലും ബ്രിട്ടനിലും യുഎസിലും റാണ താമസിച്ചിരുന്നു. ഇറച്ചി സംസ്‌കരണം, റിയല്‍ എസ്റ്റേറ്റ്, പലചരക്ക് വ്യാപാരം തുടങ്ങിയ ബിസിനസുകള്‍ ചെയ്തെന്നും റാണ പറഞ്ഞു.
ഡേവിഡ് ഹെഡ്ലിയും റാണയും 1974-79 കാലയളവില്‍ പാകിസ്താനിലെ ഹസ്സന്‍ അബ്ദാലിലെ കേഡറ്റ് കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നു. ഇവിടെവെച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഹെഡ്ലിയുടെ മാതാവ് അമേരിക്കക്കാരിയും പിതാവ് പാകിസ്താനിയുമാണ്. പാകിസ്താനില്‍ രണ്ടാനമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഹെഡ്ലി, ഇവരുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായതോടെ അമേരിക്കയിലെ മാതാവിന്റെ അടുത്തേക്ക് മടങ്ങിയെന്നും റാണയുടെ മൊഴിയിലുണ്ട്. പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ മൂന്ന് പരിശീലക്യാമ്പുകളില്‍ ഹെഡ്ലി പങ്കെടുത്തിരുന്നതായാണ് റാണയുടെ വെളിപ്പെടുത്തല്‍. 2003-04 കാലയളവിലാണ് ഈ ക്യാമ്പുകള്‍ നടന്നതെന്നും ഒരു ചാരസംഘടനയെന്നനിലയിലാണ് ലഷ്‌കര്‍ കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും റാണ വെളിപ്പെടുത്തി.
വര്‍ഷങ്ങള്‍നീണ്ട നിയമവ്യവഹാരങ്ങള്‍ക്കും നയതന്ത്രനീക്കങ്ങള്‍ക്കുമൊടുവിലാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ തഹാവൂര്‍ റാണയെ യുഎസില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്. കനേഡിയന്‍ പൗരത്വമുള്ള പാക് വംശജനായ റാണയെ വിട്ടുകിട്ടാന്‍ 2020-ലാണ് ഇന്ത്യ ഔദ്യോഗികനീക്കം നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിപ്രകാരമായിരുന്നു ഈ ആവശ്യമുന്നയിച്ചത്. അതിനെതിരേ റാണ നിയമവഴി തേടിയെങ്കിലും യുഎസ് സുപ്രീംകോടതി റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു.