തിരുവനന്തപുരം: മുംബൈ ഭീകരാക്രമണത്തിന് മുന്‍പായി പ്രതി തഹാവൂര്‍ റാണ പലതവണ കൊച്ചിയില്‍ എത്തിയിരുന്നുവെന്നും റാണ എന്തിന് കൊച്ചിയില്‍ വന്നുവെന്ന് എന്‍ഐഎ അന്വേഷിക്കുമെന്നും വിവരം. നവംബര്‍ പകുതിയോടെ റാണ കൊച്ചിയിലെത്തി. മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിലാണ് താമസിച്ചത്. ഭീകരാക്രമണത്തിന് ശേഷം താജ് ഗ്രൂപ്പ് അവരുടെ ഹോട്ടല്‍ ശൃംഖലകളില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. അതില്‍ റാണയുടെ പേര് ഉണ്ടായിരുന്നു.

ഒരുപാട് തവണ റാണ കൊച്ചിയില്‍ വന്നുവെന്നും ഇമിഗ്രേഷന്‍ വകുപ്പില്‍ അതിനുള്ള തെളിവുകളുണ്ടെന്നും മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കൊച്ചിയില്‍ യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ തീവ്രവാദത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സെല്ലിന്റെ തലവനായിരുന്നു ബെഹ്റ. മുംബൈ ഭീകരാക്രമണത്തിന്റെ മറ്റൊരു സൂത്രധാരനായ ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്യുന്ന സംഘത്തില്‍ ബെഹ്റയും ഉള്‍പ്പെട്ടിരുന്നു.

ഹരിദ്വാറിലെ കുംഭമേള, രാജസ്ഥാനിലെ പുഷ്‌കര്‍ മേള എന്നിവയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നെന്നും എന്‍ഐഎയുടെ മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തി. ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സന്ദീപ് ഉണ്ണിത്താന്‍ എന്ന വ്യക്തിയുടെ വെളിപ്പെടുത്തലും നിര്‍ണായകമാണ്. മുംബൈയിലെ ജല്‍ വായു വിഹാര്‍ ആക്രമിക്കാന്‍ റാണ പദ്ധതിയിട്ടിരുന്നു. അതിനായി 2010-ല്‍ പൊവൈയിലെ ഒരു ഹോട്ടലില്‍ താമസിച്ച് പാര്‍പ്പിട സമുച്ചയം നിരീക്ഷിച്ചുവന്നിരുന്നു. ജല്‍ വായു വിഹാര്‍ ആക്രമിക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് റാണ മുംബൈ ഭീകരാക്രമണത്തിന് പ്രധാനപങ്കുവഹിച്ച പാക്കിസ്ഥാനി-അമേരിക്കന്‍ ഭീകരന്‍ ദാവൂദ് ഗിലാനിയോട് പറഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ എക്‌സ് പോസ്റ്റിലൂടെ പങ്കുവച്ചു.

ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചത്. റാണയുമായുള്ള പ്രത്യേക വിമാനം വ്യാഴാഴ്ച വൈകീട്ടോടെ ഡല്‍ഹിയിലെ വ്യോമസേനാ താവളത്തില്‍ ഇറങ്ങുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം എത്തിയ ഉടന്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ഇയാളെ എന്‍ഐഎ ഓഫിസില്‍ എത്തിക്കും. നടപടി ക്രമങ്ങള്‍ക്കു ശേഷം പിന്നീട് തിഹാര്‍ ജയിലിലെ അതീവസുരക്ഷാ ബ്ലോക്കിലേക്ക് മാറ്റും.

എന്‍ഐഎയുടെ പന്ത്രണ്ടംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരടാണ് സംഘത്തിലുള്ളത്. തഹാവൂര്‍ റാണയെ ഡല്‍ഹിയില്‍ എത്തിച്ചതായി നേരത്തേ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അവ്യക്തത ഏറെനേരം തുടരുകയും ചെയ്തു. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വൈകീട്ട് ആറു മണിയോടെയാണ് റാണയുമായുള്ള വിമാനം വ്യോമസേനാ താവളത്തില്‍ എത്തുക എന്നാണ് ഇപ്പോള്‍ അറിയുന്നത്.

റാണയെ കസ്റ്റഡിയില്‍ കിട്ടാന്‍ മുംബൈ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകള്‍ക്കനുസരിച്ചായിരിക്കും ഇതിലെ തീരുമാനമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളില്‍ ഉയര്‍ന്ന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിഹാര്‍ ജയിലിലാണ് അതീവസുരക്ഷാ ക്രമീകരണങ്ങളോടെ തഹാവുര്‍ റാണയെ നിലവില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് ഇവിടെനിന്ന് മുംബൈയിലെത്തിക്കുകയാണെങ്കില്‍ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ പാര്‍പ്പിച്ച ആര്‍തര്‍ റോഡിലെ സെന്‍ട്രല്‍ ജയിലിലെ 12-ാം നമ്പര്‍ ബാരക്കിലായിരിക്കും റാണയേയും പാര്‍പ്പിക്കുക.

മുംബൈ ഭീകരാക്രമണക്കേസില്‍ മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ തഹാവൂര്‍ റാണയെ പ്രതിയായി ഉള്‍പ്പെടുത്തിയിരുന്നില്ല. എന്‍ഐഎ ചോദ്യം ചെയ്തതിന് ശേഷമാണ് തഹാവൂര്‍ റാണയുടെ പങ്ക് വ്യക്തമായത്. പാക് സൈന്യത്തില്‍ സേവനമനുഷ്ടിച്ച പശ്ചാത്തലമുള്ള തഹാവൂര്‍ റാണയ്ക്ക് കടുത്ത പരിശീലനം ലഭിച്ചതായും വിവരമുണ്ട്.

കനേഡിയന്‍ പൗരത്വമുള്ള പാക് വംശജനായ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ സഹായിയായിരുന്നു റാണ. 2019-ലാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. റാണയെ ഇന്ത്യയിലെത്തിക്കാന്‍ വിവിധ ഏജന്‍സികളടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയിരുന്നു.

അതിനിടെ, കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതതല യോഗം ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കു പുറമേ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറും വിദേശകാര്യ സെക്രട്ടറിയും പങ്കെടുത്തു.