കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിന് നേരെയുണ്ടായ അതിക്രമത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സമരക്കാര്‍ ജീവനക്കാരെ ജീവനോടെ കൊന്നുകളയാന്‍ ശ്രമിച്ചതായും, കോഴിയറവ് മാലിന്യം വേവിക്കുന്ന മൂന്ന് കൂറ്റന്‍ കുക്കറുകള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും പ്ലാന്റ് ഉടമ കെ. സുജീഷ് വെളിപ്പെടുത്തി. കുക്കര്‍ പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ അത് വലിയ ദുരന്തത്തിന് വഴിവെക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമം അനുസരിച്ചു മാത്രമേ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷത്തിനിടെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. മുഖം മറച്ചെത്തിയ അക്രമികള്‍ പെട്രോളുമായി എത്തി വാഹനങ്ങള്‍ക്ക് തീയിടുകയും ഫാക്ടറി കത്തിക്കുകയും ചെയ്തതായി തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളെയും ജീവനക്കാരെയും അക്രമിച്ചെന്നും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ വന്ന ആംബുലന്‍സിനെപ്പോലും കടത്തിവിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ആസൂത്രിത നീക്കമെന്ന് സമരസമിതി

ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത നീക്കമാണ് പോലീസ് നടപടിക്ക് പിന്നിലെന്ന് സമരസമിതിയും നാട്ടുകാരും ശക്തമായി ആരോപിച്ചു. ആറുവര്‍ഷത്തോളമായി സമാധാനപരമായി നടക്കുന്ന സമരത്തെ അക്രമാസക്തമാക്കി ചിത്രീകരിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഡിഐജി യതീഷ് ചന്ദ്രയുടെ 'സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി' എന്ന പ്രസ്താവനയെ സമരക്കാര്‍ 'പച്ചക്കള്ളം' എന്ന് വിശേഷിപ്പിച്ചു. പോലീസ് അതിരുകടന്ന നടപടികളാണ് സ്വീകരിച്ചതെന്നും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, നിയമപരമായ പ്രതിഷേധമല്ല ഇന്നലെ നടന്നതെന്നും ചില 'ഛിദ്രശക്തികള്‍' സമരത്തില്‍ നുഴഞ്ഞുകയറിയെന്നുമാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചത്. സമരസമിതിയെ ഹൈജാക്ക് ചെയ്ത് ചിലരാണ് ഇന്നലെ ആക്രമണം നടത്തിയതെന്ന നിലപാടിലാണ് സിപിഎം നേതൃത്വവും.

പ്രതിഷേധക്കാര്‍ എസ്.പിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഫാക്ടറി ആക്രമിക്കുന്നതും പോലീസുകാരെ മര്‍ദ്ദിക്കുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സംഭവങ്ങളെത്തുടര്‍ന്ന് മൂന്നൂറിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റുമായ മെഹ്‌റൂഫാണ് കേസില്‍ ഒന്നാം പ്രതി. കൊലപാതകശ്രമം, കലാപമുണ്ടാക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫാക്ടറിയില്‍ തീയിട്ടതിന് 30 പേര്‍ക്കെതിരെയും സ്‌ഫോടക വസ്തു ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പോലീസിനെ ആക്രമിച്ചതിനാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ പിടികൂടാന്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇതിനിടെ, പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലെയും വിവിധയിടങ്ങളില്‍ സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് പ്ലാന്റിന് മുന്നില്‍ നടന്ന സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ 16 പോലീസുകാര്‍ക്കും 25 ഓളം നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.